യൂത്ത് ഇന്ത്യ സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കം
text_fieldsറിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനുമായി (റിഫ) സഹകരിച്ച് യൂത്ത് ഇന്ത്യ റിയാദ് സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെൻറ് നാലാം സീസൺ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. രാത്രി ഒമ്പതിന് ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തിൽ റെയിൻബോ എഫ്.സി റിയാദ്, മിറത് അൽ റിയാദ് സ്പോർട്ടിങ് ഫുട്ബാൾ ക്ലബിനെ നേരിടും. ഉദ്ഘാടന വേളയിൽ റിഫ ഭാരവാഹികളും പ്രായോജകരും യൂത്ത് ഇന്ത്യ നേതൃത്വവും പങ്കെടുക്കുമെന്ന് ടൂർണമെൻറ് കമ്മിറ്റി കൺവീനർ നബീൽ പാഴൂർ അറിയിച്ചു.
രണ്ടു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. സുലൈ എഫ്.സിയും പ്രവാസി എഫ്.സിയും തമ്മിലാണ് രണ്ടാം മത്സരം. റിയാദ് ബ്ലാസ്റ്റേഴ്സ്, ഷൂട്ടേഴ്സ് കേരളയെയും റിയൽ കേരള എഫ്.സി, റെഡ് സ്റ്റാറുമായും ആദ്യ ഗ്രൂപ്പിൽ ഏറ്റുമുട്ടും. രണ്ടാം ഗ്രൂപ്പിൽ റോയൽ ഫോക്കസ് ലൈൻ, റോയൽ ബ്രദേഴ്സ് കാളികാവിനെയും അസീസിയ സോക്കർ, മൻസൂർ അറേബ്യയെയും നേരിടും. ലാേൻറൺ എഫ്.സി, സോക്കർ ക്ലബ് റിയാദ്, ബ്ലാസ്റ്റേഴ്സ് വാഴക്കാട്, ബ്ലാക്ക് ആൻഡ് വൈറ്റ് എന്നിവർ തമ്മിലാണ് അവസാന മത്സരങ്ങൾ.
ടൂർണമെന്റിന്റെ വിന്നേഴ്സ് ട്രോഫി മുഖ്യപ്രായോജകരായ നൂറാന മെഡിക്കൽ സെന്ററും കാഷ് പ്രൈസ് സഹപ്രായോജകരായ മസ്ദർ ഗ്രൂപ്പും സമ്മാനിക്കും. റണ്ണേഴ്സ് ട്രോഫി നൽകുന്നത് ഫ്യൂച്ചർ മൊബിലിറ്റി ലോജിസ്റ്റിക്സ് ഗ്രൂപ്പാണ്. അൽ ഖർജ് റോഡിലെ അൽ ഇസ്കാൻ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. വ്യാഴാഴ്ച ആദ്യ റൗണ്ട് മത്സരങ്ങളും വെള്ളിയാഴ്ച ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങളുമാണ് നടക്കുക.
കേരളത്തിന്റെ ഫുട്ബാൾ ലഹരി മനസ്സിൽ സൂക്ഷിക്കുന്ന കളിക്കാരും അവരെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന കളിക്കമ്പക്കാരും ചേർന്നതാണ് റിയാദിലെ പ്രവാസ ഫുട്ബാൾ. വാരാന്ത്യത്തിന്റെയും സൗദി ദേശീയദിനത്തിന്റെയും അവധി കൂടുതൽ കാണികളെ കളിക്കളത്തിലേക്ക് ആകർഷിക്കുമെന്ന് യൂത്ത് ഇന്ത്യ വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.