ഫ്രാൻസിനു വേണ്ട; ഗ്ലാമർ പരിശീലകൻ സിദാനെ കാത്ത് ഈ രാജ്യങ്ങൾ..
text_fieldsസിനദിൻ സിദാൻ എന്ന സോക്കർ താരത്തിന്റെ ചിറകേറി ആദ്യം സ്വന്തം നാടായ ഫ്രാൻസും പിന്നീട് പരിശീലക വേഷത്തിൽ ലാ ലിഗ ക്ലബായ റയൽ മഡ്രിഡും കുറിച്ച നേട്ടങ്ങൾ ചെറുതല്ല. 1998ൽ ഫ്രാൻസ് ആദ്യമായി ലോകകിരീടം തൊടുമ്പോൾ മൈതാനത്തെ തമ്പുരാനായി മുന്നിൽ സിദാനുണ്ടായിരുന്നു. ഈ കാലയളവിൽ മുൻനിര ക്ലബുകൾക്കൊപ്പവും താരസാന്നിധ്യമായി സിസു നിറഞ്ഞുനിന്നു. എട്ടുവർഷം കഴിഞ്ഞ് 2006ൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി ഇറ്റലി കപ്പുയർത്തിയ ലോകകപ്പിനു ശേഷം ബൂട്ടഴിച്ച താരം പിന്നീട് പരിശീലനക്കളരിയിലെ ഗുരുവായാണ് തിളങ്ങിയത്. റയൽ മഡ്രിഡ് എന്ന ഗ്ലാമർ ടീമായിരുന്നു ആദ്യം വന്നു വിളിച്ചത്. സിദാനൊപ്പം ചുരുങ്ങിയ സമയത്തിനിടെ ക്ലബ് ഷോക്കേസിലെത്തിക്കാത്ത കിരീടങ്ങളില്ല. തുടർച്ചയായ മൂന്നു തവണ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന ചരിത്രം അതിലൊന്നു മാത്രം. 2017ൽ ഫിഫയുടെ മികച്ച പരിശീലക പുരസ്കാരവും സിദാനെ തേടിയെത്തി. 2018ൽ വിരമിച്ച് വൈകാതെ തിരിച്ചെത്തിയെങ്കിലും പിന്നീട് ഏറെകാലം തുടർന്നില്ല. 2021ൽ പിരിഞ്ഞ ശേഷം ഒരു ടീമിനെയും പരിശീലിപ്പിച്ചിട്ടില്ല.
അതുകഴിഞ്ഞ് വിശ്രമിക്കുന്ന സിദാൻ ഫ്രഞ്ച് ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ താൽപര്യമുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. ലോകകപ്പിനു ശേഷം കരിയർ അവസാനിപ്പിക്കുന്ന ദെഷാംപ്സിന്റെ പിൻഗാമിയാകുമെന്ന അഭ്യൂഹവും പരന്നു. എന്നാൽ, അർജന്റീനയോട് ഫൈനലിൽ തോറ്റ ടീമിന്റെ പരിശീലകക്കുപ്പായം ദെഷാംപ്സ് തന്നെ അണിയുമെന്ന് അടുത്തിടെ പ്രഖ്യാപനം വന്നതോടെ സിദാന് സ്വന്തം നാട്ടിൽ പരിശീലകനാകാൻ ഇനിയും കാത്തിരിക്കണമെന്നതാണ് സ്ഥിതി. 2026 വരെ ദെഷാംപ്സ് തന്നെ പരിശീലകനാകട്ടെയെന്നാണ് ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷന്റെ തീരുമാനം. അതിനിടെ, താരത്തെ അപമാനിച്ച് ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ അധ്യക്ഷൻ രംഗത്തുവന്നതും വിവാദമായി. കടുത്ത പ്രതിഷേധമുയർന്നതോടെ മാപ്പു പറഞ്ഞായിരുന്നു വിഷയമവസാനിപ്പിച്ചത്.
ഫ്രാൻസിന് സിദാനെ വേണ്ടെങ്കിലും ബ്രസീൽ, യു.എസ് ടീമുകൾ ഇപ്പോഴും പുതിയ പരിശീലകനെ കാത്തിരിക്കുകയാണ്. രണ്ടു പതിറ്റാണ്ടായി ലോകകിരീടം അകന്നുനിൽക്കുന്ന കാനറികൾ വിദേശ പരിശീലകനെ തേടുന്നതായും സിദാനെ പരിഗണിക്കുന്നതായും വാർത്ത വന്നിരുന്നു. ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിച്ചിട്ടില്ല. എന്നാൽ, ഭാഷ വില്ലനാകുമെന്ന ആശങ്ക സിസുവിനുണ്ടെന്നാണ് റിപ്പോർട്ടുകൾ. മറ്റു ദേശീയ ടീമുകൾക്കൊപ്പമാകുമ്പോൾ സ്വാഭാവികമായും അവരുടെ ഭാഷ കൂടി അറിയണം. യു.എസിലാകുമ്പോൾ ഇംഗ്ലീഷും ബ്രസീലിൽ പോർച്ചുഗീസുമറിയണം. ഫ്രഞ്ചും സ്പാനിഷും അറിയുന്ന താരത്തിന് ഇത് പ്രയാസമാകും. മറ്റു ദേശീയ ടീമുകളുടെ പരിശീലന ചുമതല ഏറ്റെടുക്കില്ലെന്ന് സിദാൻ നയം വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട്.
ഇതു മനസ്സിലാക്കി യുവന്റസ് പോലുള്ള ക്ലബുകളും സിദാനിൽ കണ്ണുവെക്കുന്നതായി സൂചനയുണ്ട്. ‘‘ഒരിക്കലുമില്ലെന്ന് ഒരിക്കലും പറയരുത്. പ്രത്യേകിച്ചും നിങ്ങൾ ഒരു പരിശീലകനാകുമ്പോൾ. ഒരു താരമായ കാലത്ത് എനിക്കു മുന്നിൽ സാധ്യതകളേറെയുണ്ടായിരുന്നു. ഏതു ക്ലബുമാകാമായിരുന്നു. പരിശീലകനു പക്ഷേ, പോകാൻ 50 ക്ലബുകളൊന്നുമില്ല. ഒന്നോ രണ്ടോ മാത്രം. അതാണ് നിലവിലെ യാഥാർഥ്യം’’- സിദാൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.