പ്രായം തോറ്റു; അഞ്ചുവർഷം മുമ്പ് വിരമിച്ച ഇബ്രയെ തിരിച്ചുവിളിച്ച് സ്വീഡൻ
text_fieldsസ്റ്റോക്ഹോം: അഞ്ചു വർഷം മുമ്പ് വിരമിച്ച സ്വീഡന്‍റെ റെക്കോഡ് ഗോൾ വേട്ടക്കാരൻ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെ തിരിച്ചുവിളിച്ച് രാജ്യം. പ്രായം 39ലെത്തിയിട്ടും ഇറ്റാലിയൻ സീരി എയിൽ തുടരുന്ന തകർപ്പൻ പ്രകടനത്തിന്‍റെ ബലത്തിലാണ് 2016ൽ ദേശീയ ജഴ്സിയിൽ കളിനിർത്തിയ താരത്തെ വീണ്ടും തിരികെയെത്തിച്ചത്.
2020 നവംബറിൽ ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഇനിയും സ്വീഡിഷ് കുപ്പായത്തിൽ കളിക്കണമെന്നുണ്ടെന്ന് ഇബ്ര മോഹം പങ്കുവെച്ചിരുന്നു. വാർത്ത സ്വീഡനിൽ ചർച്ചയായതോടെ ദേശീയ കോച്ച് ജാനി ആൻഡേഴ്സൺ മിലാനിലേക്ക് പറന്നു.
2022 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ വ്യാഴാഴ്ച സ്വീഡൻ ജോർജിയയെ നേരിടാനിരിക്കെയാണ് തിരിച്ചുവരവ്. മൂന്നു ദിവസം കഴിഞ്ഞ് കൊസോവയുമായും സ്വീഡന് കളിയുണ്ട്. ദേശീയ സ്ക്വാഡിൽ ഉൾപെടുത്തിയ വിവരമറിഞ്ഞ് ''ദൈവത്തിന്‍റെ തിരിച്ചുവരവ്'' എന്ന് ഇബ്ര ട്വിറ്ററിൽ കുറിച്ചു. ട്വീറ്റ് കണ്ട കോച്ച്, രസകരമായ പ്രതികരണം ചിലപ്പോഴൊക്കെ താരം നടത്താറുള്ളതാണെന്ന് പ്രതികരിച്ചു. രാജ്യം കണ്ട ഏറ്റവും മികച്ച ഫുട്ബാൾ താരം തിരിച്ചുവരാൻ ആഗ്രഹിക്കുന്നത് സന്തോഷകരമാണെന്നും പറഞ്ഞു.
പുതിയ സീസണിൽ 14 സീരി എ മത്സരങ്ങളിലായി 14 ഗോളുകൾ സ്വന്തം പേരിൽ കുറിച്ച താരം മാരക ഫോം തുടരുകയാണ്.
19ാം വയസ്സിലാണ് ആദ്യമായി സ്വീഡിഷ് ജഴ്സിയിൽ ഇബ്രാഹീമോവിച് ഇറങ്ങുന്നത്. അതും ലോകകപ്പ് യോഗ്യത മത്സരത്തിൽ അസർബൈജാനെതിരെ. 2012ൽ ദേശീയ ടീം നായകനായി. ഫ്രാൻസിനെതിരെ ജയം കണ്ട ഗ്രൂപ് മത്സരങ്ങളിലൊന്നിൽ താരം നേടിയ ഗോൾ കാൽപന്തുകളി കണ്ട ഏറ്റവും മികച്ച ഗോളുകളിലൊന്നായി ലോകം വാഴ്ത്തുന്നതാണ്.
യൂറോപ്യൻ ഫുട്ബാളിലെ കൊലകൊമ്പന്മാരായ ബാഴ്സലോണ, പി.എസ്.ജി, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നിവക്കു വേണ്ടിയും യു.എസ് ക്ലബായ എൽ.എ ഗാലക്സി നിരയിലും ബൂട്ടുകെട്ടിയ താരം നിലവിൽ ഇറ്റലിക്കുവേണ്ടി കളിക്കുകയാണ്. ആറു മാസത്തെ കരാറിലാണ് 2020 ജനുവരിയിൽ ഇറ്റലിയിലെത്തിയത്. മികച്ച ഫോം കണ്ട് പിന്നീട് കാലാവധി നീളുകയായിരുന്നു.
യുനൈറ്റഡിനായി കളിച്ചുകൊണ്ടിരിക്കെ 2018ലാണ് യു.എസിലേക്ക് പറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.