ഗോകുലമിറങ്ങുന്നു, പുത്തൻ ചുവടോടെ
text_fieldsകോഴിക്കോട്: പുതിയ കരുത്തോടെ പുതിയ സീസണിനിറങ്ങുകയാണ് ഗോകുലം കേരള എഫ്.സി. രണ്ടുവട്ടം ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം മൂന്നു വിദേശ താരങ്ങളും ഒമ്പത് മലയാളി താരങ്ങളും അടങ്ങുന്ന ടീമിനെയാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് ഒമ്പതിന് കൊൽക്കത്തയിൽ ഡുറൻറ് കപ്പിൽ ഇന്ത്യൻ എയർഫോഴ്സിനെതിരെ കളിച്ചുകൊണ്ടാണ് ഇത്തവണത്തെ സീസണ് തുടക്കം കുറിക്കുന്നത്. തുടർച്ചയായി രണ്ടുതവണ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കഴിഞ്ഞ സീസണിൽ നിറംമങ്ങിപ്പോയിരുന്നു. ഹാട്രിക് മോഹവുമായിറങ്ങിയ ഗോകുലത്തിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടിവന്നു. ഇക്കുറി കൂടുതൽ കരുത്തോടെ സീസൺ പിടിച്ചടക്കാനാണ് ഗോകുലത്തിന്റെ പുറപ്പാട്. ഇന്ന് കൊൽക്കത്തക്ക് വിമാനം കയറുമ്പോൾ ടീമിന്റെ ലക്ഷ്യം 2019ൽ നേടിയ ഡുറന്റ് കപ്പ് തിരിച്ചുപിടിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും ഇന്ത്യൻ എയർഫോഴ്സുമടങ്ങുന്ന സി ഗ്രൂപ്പിലാണ് ഗോകുലം. ആഗസ്റ്റ് 13ന് രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുന്ന ഗോകുലത്തിന്റെ മൂന്നാം മത്സരം 22ന് ബംഗളൂരു എഫ്.സിയുമായാണ്.
സ്പെയിൻകാരനായ ഹെഡ് കോച്ച് ഡൊമിംഗോ ഒറാമാസിന്റെ കീഴിൽ കഴിഞ്ഞ ഒരാഴ്ചയായി ഗോകുലം ഹോം ഗ്രൗണ്ടായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ കഠിന പരിശീലനത്തിലായിരുന്നു. കഴിഞ്ഞ സീസന്റെ മധ്യത്തിൽ കാമറൂൺകാരനായ റിച്ചാർഡ് തോവയെ മാറ്റി സ്പെയിൻകാരനായ ഫ്രാൻസെസ് ബോണറ്റിനെ കോച്ചാക്കിയായിരുന്നു പരീക്ഷണം. ബോണറ്റിന് പകരമാണ് ഇപ്പോൾ ഡൊമിംഗോ പരിശീലകനായെത്തിയത്.
കഴിഞ്ഞ തവണ ടീമിലുണ്ടായിരുന്ന സ്പാനിഷ് സ്ട്രൈക്കർ സെർജിയോ മെൻഡഗൂചി, അഫ്ഗാൻ മിഡ്ഫീൽഡർ ഫർഷാദ് നൂർ, മറ്റൊരു സ്പാനിഷ് താരമായ ഒമാർ റാമോസ് എന്നിവർ ഇക്കുറിയില്ല. കാമറൂൺ താരമായ ഡിഫൻഡർ അമീനൗ ബൗബയെ നിലനിർത്തിയപ്പോൾ സ്പാനിഷ് ഫോർവേഡുകളായ നിലി പെർഡോർമോ, അലജാൻഡ്രോ ലോപ്പസ് എന്നിവർ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. അഖിൽ പ്രവീൺ, നിതിൻ കൃഷ്ണ, രാഹുൽ രാജു, അർജുൻ ജയരാജ്, കെ. അഭിജിത്ത്, പി.എൻ. നൗഫൽ, വി.എസ്. ശ്രീക്കുട്ടൻ, സൗരവ്, ടി. ഷിജിൻ എന്നിവരാണ് ടീമിലെ മലയാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.