ഗോൾഡൻ സ്റ്റാൻഡേഡ് തിളക്കത്തിൽ അൽ ജനൂബ് സ്റ്റേഡിയം
text_fieldsദോഹ: ഖത്തർ ലോകകപ്പിന്‍റെ പ്രധാന വേദികളിലൊന്നായ അൽ ജനൂബ് സ്റ്റേഡിയത്തിന് 'ഗ്ലോബൽ സസ്റ്റയ്നബിലിറ്റി അസസ്മെന്‍റ് സിസ്റ്റം' (ജി.എസ്.എ.എസ്) ഗോൾഡൻ സ്റ്റാൻഡേഡ് സർട്ടിഫിക്കറ്റ്. പ്രവർത്തന മികവിനുള്ള സാക്ഷ്യപത്രമായാണ് ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് (ഗോർഡ്) കീഴിലെ ജി.എസ്.എ.എസ് ഗോൾഡൻ സ്റ്റാൻഡേഡ് അവാർഡിന് തെരഞ്ഞെടുത്തത്. നേരത്തേ സുസ്ഥിര രൂപകൽപന, പരിസ്ഥിതി സൗഹൃദ നിർമാണ രീതികൾ എന്നിവയിലെ മികവിന് നേരത്തേ തന്നെ ജി.എസ്.എ.എസ് സർട്ടിഫിക്കറ്റുകൾ നേടിയിരുന്നു. ഗ്ലോബൽ സസ്റ്റയ്നബിലിറ്റിയുടെ മൂന്ന് അംഗീകാരങ്ങളും നേടുന്ന ആദ്യ ലോകകപ്പ് വേദിയെന്ന റെക്കോഡും ഇതോടെ അൽ ജനൂബിന് സ്വന്തമായി.
അൽജനൂബ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഫിഫ, ഗോർഡ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സ്റ്റേഡിയം രൂപകൽപനയിലും നിർമാണത്തിലും സുസ്ഥിരതാ മാനദണ്ഡം കൈവരിച്ചതിന്‍റെ തുടർച്ചയായി സ്റ്റേഡിയം പ്രവർത്തനത്തിലും ഇതേ മാതൃകകൾ പിന്തുടരാനുള്ള അംഗീകാരമാണ് ജി.എസ്.എ.എസ് ഗോൾഡ് സ്റ്റാൻഡേഡ് പുരസ്കാരമെന്ന് സുപ്രീംകമ്മിറ്റി ടെക്നിക്കൽ സർവിസ് ഡയറക്ടർ ജനറൽ എൻജിനീയർ ഗാനിം അൽ കുവാരി പറഞ്ഞു. സ്റ്റേഡിയത്തിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ ഉൾപ്പെടെ, എല്ലാകാര്യങ്ങളും നിർവഹിക്കുന്ന തങ്ങളുടെ ടീമിന് സർട്ടിഫിക്കേഷന്‍റെ ഭാഗമായി മികച്ച പരിശീലനം നൽകിയതായും അദ്ദേഹം വിശദീകരിച്ചു.
ഖത്തർ ലോകകപ്പിന്‍റെ സുസ്ഥിരത ആശയത്തിനുള്ള അംഗീകാരം കൂടിയാണ് സ്റ്റേഡിയങ്ങൾക്കുള്ള ജി.എസ്.എ.എസ് സർട്ടിഫിക്കറ്റുകളെന്ന് സസ്റ്റയ്നബിലിറ്റി ഡയറക്ടർ എൻജി. ബദൂർ അൽ മീർ പറഞ്ഞു. രൂപകൽപന, നിർമാണ ഘട്ടങ്ങളിൽ വിലയിരുത്തലുകളുടെ തുടർനടപടിയായാണ് ഓപറേഷൻസ് സർട്ടിഫിക്കറ്റും. സ്റ്റേഡിയത്തിലെ ഊർജ, ജല ഉപഭോഗം, മാലിന്യ നിർമാർജന രീതികൾ, അകത്തെ അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം, കെട്ടിട ഉപയോക്താക്കളുടെ സംതൃപ്തി, അനുബന്ധ സൗകര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതികൾ എന്നിവ വിലയിരുത്തുന്നു.
ഏറ്റവും മികച്ച നിലവാരം പുലർത്തിയാണ് അൽ ജനൂബ് സ്റ്റേഡിയം ജി.എസ്.എ.എസ് അംഗീകാരങ്ങൾ സ്വന്തമാക്കിയതെന്ന് 'ഗോർഡ്' സ്ഥാപക ചെയർമാൻ ഡോ. യൂസുഫ് അൽ ഹോർ പറഞ്ഞു. 'മൂന്ന് സർട്ടിഫിക്കറ്റുകളും ഉയർന്ന നിലവാരത്തിലെ പ്രകടനത്തോടെ സ്വന്തമാക്കുന്ന പദ്ധതിയാണ് അൽ ജനൂബ് സ്റ്റേഡിയം. രൂപകൽപനയിൽ ഫോർസ്റ്റാർ അംഗീകാരം നേടി. കെട്ടിട നിർമാണത്തിൽ എ സ്റ്റാർ സർട്ടിഫിക്കറ്റും സ്വന്തമാക്കി. ഇപ്പോൾ ഓപറേഷൻ മികവിന് ഗോൾഡ് സ്റ്റാൻഡേഡ് അംഗീകാരം തേടിയെത്തിയതോടെ, ഏറ്റവും മികച്ച നിലവാരത്തിനുള്ള അംഗീകാരമാവുകയാണ്' -യൂസുഫ് അൽ ഹോർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.