ശ്രീജേഷിനെ സ്വീകരിക്കാൻ മൂന്നാമതും തീയതി നിശ്ചയിച്ച് സർക്കാർ; ഉദ്ഘാടനകനായി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പാരിസ് ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ മലയാളി താരം പി.ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാർ നൽകാനിരുന്ന സ്വീകരണം ഒക്ടോബർ 30ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു കോടി രൂപ പാരിതോഷികം മുഖ്യമന്ത്രി സമ്മാനിക്കും.
ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ അഞ്ചു താരങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ സ്പോര്‍ട്സ് ഓര്‍ഗനൈസറായി നിയമിച്ചുള്ള ഉത്തരവ് ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വിതരണം ചെയ്യും. വൈകീട്ട് മൂന്നരയോടെ മാനവീയം വീഥിയുടെ പരിസരത്തുനിന്നു ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പില്‍ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ആനയിക്കും. രണ്ടുതവണ മാറ്റിവെച്ച സ്വീകരണമാണ് ഈ മാസം 30ന് നടക്കുക. നേരത്തേ പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയന്റ് ഡയറക്ടറായ ശ്രീജേഷിനു വകുപ്പിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 26ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സ്വീകരണം തീരുമാനിച്ചെങ്കിലും കായികവകുപ്പിനെ അറിയിക്കാതെ നടത്തുന്ന ചടങ്ങിനെതിരെ കായികമന്ത്രി വി. അബ്ദുറഹിമാൻ മുഖ്യമന്ത്രിയെ പരാതി അറിയിച്ചിരുന്നു.
ഒടുവിൽ മന്ത്രിമാരുടെ തര്‍ക്കത്തെ തുടര്‍ന്ന് ചടങ്ങ് റദ്ദാക്കാൻ അവസാന നിമിഷം മുഖ്യമന്ത്രി നിർദേശിച്ചു. മന്ത്രിമാർ തമ്മിലുള്ള തർക്കമറിയാതെ എറണാകുളത്തുനിന്നും കുടുംബസമേതം എത്തിയ പി.ആര്. ശ്രീജേഷ് അന്ന് നിരാശയോടെയാണ് മടങ്ങിയത്. ഇതോടെ ശ്രീജേഷിന് സ്വീകരണമൊരുക്കുന്നതിൽനിന്ന് വിദ്യാഭ്യാസവകുപ്പ് പിന്മാറി. തുടർന്ന് കായികവകുപ്പിനായിരുന്നു ചടങ്ങിന്റെ ചുമതല.
എന്നാൽ, ശ്രീജേഷിനോടുപോലും ആലോചിക്കാതെ ഈ മാസം 19ന് ജി.വി. രാജ സ്കൂളിൽ സ്വീകരണ ചടങ്ങ് കായിക വകുപ്പ് നിശ്ചയിച്ചു. ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായി നിയമിതനാകുന്ന ശ്രീജേഷ് 14 ന് മലേഷ്യയിലേക്ക് പോകാനിരിക്കുകയായിരുന്നു. ശ്രീജേഷിന്റെ സൗകര്യം നോക്കാതെ തീയതി നിശ്ചയിച്ചത് വിവാദമായതോടെയാണ് അദ്ദേഹം മലേഷ്യയിൽനിന്ന് മടങ്ങിയെത്തിയ ശേഷം ഒക്ടോബർ 30ന് പരിപാടി നിശ്ചയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.