ഗൾഫ് കപ്പ് ട്വന്റി20 ക്രിക്കറ്റ്; ഖത്തറിനായി അരങ്ങേറാൻ മൂന്ന് മലയാളികൾ
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിന്റെ ആവേശമൊഴിഞ്ഞ ഖത്തറിന്റെ മണ്ണിൽ ക്രിക്കറ്റ് പൂരത്തിന് കൊടിയേറുമ്പോൾ ബാറ്റിലും പന്തിലും തീപ്പാറും സാന്നിധ്യമാവാൻ ഒരുങ്ങുകയാണ് മൂന്ന് മലയാളികൾ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഖത്തറിന്റെ 14 അംഗ ദേശീയ ടീമിൽ ഓൾറൗണ്ടറായി കാസർകോട് ഉളിയത്തടുക സ്വദേശി മുഹമ്മദ് ഇർഷാദ്, കണ്ണൂർ അഴീക്കോട് സ്വദേശി ബുഹാരി, തിരുവനന്തപുരം സ്വദേശി ബിപിൻകുമാർ എന്നിവരാണ് ഇടംപിടിച്ചത്.
സെപ്റ്റംബർ 15 മുതൽ 23 വരെ ഖത്തർ വേദിയാകുന്ന ഗൾഫ് രാജ്യങ്ങളുടെ ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള ഖത്തർ ടീമിനായി മിന്നുംപോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് മൂവരും. കഴിഞ്ഞ ഏതാനും മാസങ്ങളായി നീണ്ടുനിന്ന പരിശീലനങ്ങൾക്കൊടുവിലായിരുന്നു ദേശീയ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, യു.എ.ഇ എന്നീ ടീമുകളാണ് ഖത്തറിനൊപ്പം ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകുന്ന ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ, സെപ്റ്റംബർ-ഒക്ടോബറിലായി നടക്കുന്ന ഏഷ്യൻ കപ്പ് ട്വന്റി20 യോഗ്യത റൗണ്ടിനുള്ള ഖത്തറിന്റെ കുപ്പായത്തിലും ഇടം പിടിക്കാനുള്ള തയാറെടുപ്പിലാണ് ഇവർ.
കാസർകോട് ജില്ല ടീമിനും, കേരളത്തിനായി അണ്ടർ 13 മുതൽ അണ്ടർ 25 വരെ വിവിധ പ്രായവിഭാഗങ്ങളിലും പാഡണിഞ്ഞ മുഹമ്മദ് ഇർഷാദ് ജീവിത പ്രാരബ്ധങ്ങൾക്കിടെ പാഡഴിച്ചുവെച്ച് ഏഴു വർഷം മുമ്പായിരുന്നു പ്രവാസിയായത്. ഖത്തറിലെത്തി സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നതിനിടെയും ക്രിക്കറ്റ് കൈവിട്ടില്ല. ഇവിടെ സുഹൃത്തുക്കൾക്കൊപ്പം പ്രമുഖ ടൂർണമെന്റുകൾക്കായും, നാട്ടിൽ അവധിക്കെത്തുമ്പോൾ ജില്ല ലീഗ് മത്സരങ്ങളിലും കളിച്ചു. അതിനിടെയാണ് ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ ദേശീയ ക്യാമ്പിൽ പങ്കെടുത്ത് മറൂൺ കുപ്പായം സ്വപ്നംകണ്ടു തുടങ്ങുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ദേശീയ ക്യാമ്പിന്റെ ഭാഗമായിരുന്നു. പലതവണ തട്ടിത്തെറിച്ച അവസരം, ഇത്തവണ ഗൾഫ് കപ്പിലൂടെ മുന്നിലെത്തുമ്പോൾ മറൂൺ കുപ്പായത്തിൽ ഓൾറൗണ്ടറായി അരങ്ങേറാനുള്ള ഒരുക്കത്തിലാണ്.
നേരത്തേ കേരളത്തിനായി കൂച്ച്ബിഹാർ ട്രോഫി, ബുച്ചിബാബു ട്രോഫി തുടങ്ങിയ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ കളത്തിലിറങ്ങി. സഞ്ജു സാംസൺ, സി.പി റിസ്വാൻ എന്നിവർക്കൊപ്പം കേരള കുപ്പായത്തിലും കേരള സർവകലാശാലക്കും കാസർഗോഡ് ജില്ലാ ടീമിനും വേണ്ടി പലതവണ കളിച്ചിരുന്നു. മികച്ച പേസ് ബൗളർ എന്ന നിലയിൽ ശ്രദ്ധേയനാവുന്നതിനിടെയാണ് ഏഴു വർഷം മുമ്പ് ഇർഷാദ് ഖത്തർ പ്രവാസിയായി മാറിയത്.
തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ബിപിൻകുമാർ ഖത്തറിലെ ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട ‘തുമ്പൻ’ ആണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലായിടങ്ങളിലുമെത്തി ടെന്നിസ്ബാൾ ക്രിക്കറ്റിൽ സൂപ്പർതാരമായി മാറിയ കാലമുണ്ടായിരുന്നു ബിപിന്. പിന്നീട് പ്രവാസിയായി ഒമ്പതു വർഷം മുമ്പ് ഖത്തറിലെത്തിയപ്പോഴും ക്രിക്കറ്റിനെ കൈവിട്ടില്ല. ഇവിടെ, യൂറോപ് കാർ എന്ന സ്ഥാപനത്തിൽ ജീവനക്കാരനാണ്. കമ്പനിയുടെ ഡയറക്ടർ കൂടിയായ രാകേഷ് വിജയകുമാറിനു കീഴിലുള്ള ‘ടസ്കർ’ ക്രിക്കറ്റ് ടീമാണ് താൻ ഉൾപ്പെടെയുള്ളവർക്ക് വീണ്ടും കളിയുടെ ക്രീസ് തുറന്നുതന്നതെന്ന് ബിപിൽ പറയുന്നു. അവിടെ നിന്നും പ്രതിഭ തെളിയിച്ച് ഒടുവിൽ ദേശീയ ടീമിൽ പേസ് ബൗളറും ബാറ്ററുമായി ചുവടുവെക്കാൻ ഒരുങ്ങുകയാണ്.
നേരത്തേ ഒരു തവണ ദേശീയ ടീമിലേക്ക് അവസരം തേടിയെത്തിയെങ്കിലും കോവിഡിനിടയിൽ പാഴായി. പ്രതീക്ഷ കൈവിടാതെ തുടർന്ന കളിക്കൊടുവിലാണ് ഇപ്പോൾ, വീണ്ടും വിളിയെത്തിയിരിക്കുന്നതെന്ന് ‘ബിപിൻ കുമാർ’ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. ഏഴുവർഷം മുമ്പ് പ്രവാസിയായി ഖത്തറിലെത്തിയ ബുഖാരി കണ്ണൂർ ജില്ലാതലത്തിൽ കളിച്ചിരുന്നു. പിന്നീട് എഞ്ചിനീയറിങ് പഠനത്തിരക്കിൽ സജീവ ക്രിക്കറ്റ് അവസാനിപ്പിച്ച ശേഷം, ഖത്തറിൽ ജോലി തേടിയെത്തയ ശേഷമായിരുന്നു വീണ്ടും ബാറ്റെടുത്തത്.
‘ടസ്കറിൽ’ സഹതാരമായ പ്രേംസാഗർ ദേശീയ ടീമിലിടം പിടിച്ചെങ്കിലും അവസാന ദിനങ്ങളിലേറ്റ പരിക്കുകാരണം ഗൾഫ് കപ്പിനുള്ള ടീമിൽ നിന്നും പുറത്തായി. എങ്കിലും, പരിക്ക് മാറിയെത്തുമ്പോൾ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തിരുവനന്തപുരം സ്വദേശിയായ പ്രേം. ഖത്തറിന്റെ 14 അംഗ ടീമിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാരാണ് ഇടം നേടിയത്. മിർസ അദ്നാൻ അലി, ഹിമാൻഷു റാത്തോഡ് എന്നിവരാണ് മറ്റ് ഇന്ത്യൻ താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.