ഏഷ്യൻ ഗെയിംസ്: ഇന്ത്യയുടെ സ്വർണനേട്ടം വീണ്ടും ഷൂട്ടിങ് റേഞ്ചിൽ
text_fieldsഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം വീണ്ടും ഷൂട്ടിങ് റേഞ്ചിൽ. വ്യാഴാഴ്ച ഉന്നം പിഴക്കാതെ വെടിയുതിർത്ത സരബ്ജോത് സിങ്ങും അർജുൻ സിങ് ചീമയും ശിവ നർവാലും പുരുഷന്മാരുടെ പത്ത് മീറ്റർ എയർ പിസ്റ്റളിൽ ടീമിനത്തിൽ സ്വർണം നേടി.
ഇതോടെ ഇന്ത്യയുടെ സ്വർണനേട്ടം ആറായി ഉയർന്നു. ഷൂട്ടർമാരുടെ വകയായി നാലാമത്തെ സ്വർണം പിറന്നപ്പോൾ വ്യാഴാഴ്ച ഒരു വെള്ളിയും ഒരു വെങ്കലവും മാത്രമാണ് ഇന്ത്യയുടെ മറ്റൊരു സമ്പാദ്യം. 1734 സ്കോറുമായി, ഒരു പോയന്റ് വ്യത്യാസത്തിൽ കരുത്തരായ ചൈനയെ മറികടന്നാണ് ഇന്ത്യയുടെ വ്യാഴാഴ്ചത്തെ സ്വർണ നേട്ടം. സരബ്ജോത് 580ഉം ചീമ 578ഉം നർവാൾ 576ഉം സ്കോർ നേടി. ഷൂട്ടിങ് വ്യക്തിഗത ഇനങ്ങളിൽ വ്യാഴാഴ്ച ഇന്ത്യൻ താരങ്ങൾക്ക് മെഡലുകൾ നേടാനായില്ല. വുഷു 60 കിലോ സാൻഡ വിഭാഗത്തിൽ ചൈനയുടെ വു സിയാഓവെയിയോട് ഫൈനലിൽ തോറ്റെങ്കിലും മണിപ്പൂരുകാരി നവോറോം റോഷിബിന ദേവി അഭിമാന വെള്ളി മെഡൽ നേടി.
കുതിരസവാരിയിൽ വ്യക്തിഗത ഡ്രെസ്സാഷ് ഇനത്തിൽ ഇന്ത്യയുടെ അനുഷ് അഗർവല്ലവെങ്കല മെഡൽ നേടി. 73.030 സ്കോർ ചെയ്താണ് ഇന്ത്യൻ താരം മൂന്നാം സ്ഥാനത്തെത്തിയത്. ടെന്നിസിൽ ഇന്ത്യയുടെ രാം കുമാർ രാമനാഥനും നഗാൽ സകേതും പുരുഷ ഡബ്ൾസിൽ ഫൈനലിൽ കടന്നപ്പോൾ രോഹൻ ബൊപ്പണ്ണയും ബൊസാലെയും ചേർന്ന ജോടി മിക്സ്ഡ് ഡബ്ൾസ് സെമിയിലെത്തി മെഡൽ ഉറപ്പാക്കി. സ്ക്വാഷിൽ പുരുഷ, വനിത ടീമുകളും സെമിയിലെത്തി മെഡലുറപ്പിച്ചു. പുരുഷ ഫുട്ബാൾ പ്രീ ക്വാർട്ടർ ഫൈനലിൽ സൗദി അറേബ്യയോട് 2-0ത്തിന് തോറ്റ് ഇന്ത്യ പുറത്തായി. പുരുഷ ഹോക്കിയിൽ ജപ്പാനെ തോൽപിച്ച ഇന്ത്യ തുടർച്ചയായ മൂന്നാം വിജയം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.