Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightനൂറാം മത്സരം ഇരട്ട...

നൂറാം മത്സരം ഇരട്ട ഗോളോടെ ആഘോഷമാക്കി ഹാരി കെയ്ൻ; ഇംഗ്ലണ്ടിന് തകർപ്പൻ ജയം

text_fields
bookmark_border
നൂറാം മത്സരം ഇരട്ട ഗോളോടെ ആഘോഷമാക്കി ഹാരി കെയ്ൻ; ഇംഗ്ലണ്ടിന് തകർപ്പൻ ജയം
cancel

വെംബ്ലി: ഇംഗ്ലണ്ട് ജഴ്സിയിൽ നൂറാം മത്സരത്തിനിറങ്ങിയ ഹാരി കെയ്ൻ ഇരട്ട ഗോളോടെ അതുല്യനേട്ടം ആഘോഷമാക്കിയപ്പോൾ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. യുവേഫ നേഷൻസ് ലീഗിൽ ഫിൻലൻഡിനെയാണ് എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കിയത്. ഇതിഹാസ താരം ബോബി ചാൾട്ടനും വെയ്ൻ റൂണിക്കും ശേഷം നൂറാം മത്സരത്തിൽ സ്കോർ ചെയ്യുന്ന മൂന്നാമത്തെ ഇംഗ്ലീഷ് താരമെന്ന നേട്ടവും കെയ്നിനെ തേടിയെത്തി.

ഇംഗ്ലണ്ടിനായി 100 മത്സരം പൂർത്തീകരിക്കുന്ന പത്താമത്തെ താരമാണ് ഹാരി കെയ്ൻ. 125 മത്സരങ്ങൾ കളിച്ച പീറ്റർ ഷിൽട്ടണും 120 മത്സരങ്ങളിൽ ഇറങ്ങിയ വെയ്ൻ റൂണിയുമാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്ത്. ദേശീയ ജഴ്സിയിൽ ടോപ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാമതുള്ള കെയ്ൻ ഗോൾനേട്ടം 68 ആയി ഉയർത്തുകയും ചെയ്തു.

നൂറാം മത്സരത്തിനിറങ്ങുന്നതിന് മുമ്പ് ​നടന്ന പ്രത്യേക ചടങ്ങിൽ നേരത്തെ ഈ നേട്ടത്തിലെത്തിയ ഫ്രാങ്ക് ലംപാർഡും ആഷ്ലി കോളും കെയ്നിനെ ഗോൾഡൻ ക്യാപ് അണിയിച്ചു. കുടുംബത്തോടൊപ്പമാണ് കെയ്ൻ ഇത് സ്വീകരിക്കാനെത്തിയത്.

മത്സരത്തിന്റെ ആദ്യപകുതിയിൽ ഇംഗ്ലീഷ് മുന്നേറ്റങ്ങളെ ഫലപ്രദമായി ചെറുത്തുനിന്ന ഫിൻലൻഡിന് രണ്ടാം പകുതിയിൽ അതിന് കഴിഞ്ഞില്ല. 57, 76 മിനിറ്റുകളിലായിരുന്നു കെയ്നിന്റെ ഗോളുകൾ. ട്രെന്റ് അലക്സാണ്ടർ ആർനോൾഡിന്റെ പാസിൽ 20 വാര അകലെനിന്നായിരുന്നു ആദ്യ ഗോൾ. ഇംഗ്ലണ്ടിനായി ആദ്യമായി ബൂട്ടണിഞ്ഞ നോനി മദ്യൂകെയുടെ അസിസ്റ്റിൽ രണ്ടാം ഗോളും നേടി. ഏകപക്ഷീയമായ മത്സരത്തിൽ 79 ശതമാനവും പന്ത് ഇംഗ്ലീഷുകാരുടെ വരുതിയിലായിരുന്നു. അവർ 22 ഷോട്ടുകളുതിർത്തപ്പോൾ ഫിൻലൻഡിന്റേത് രണ്ടിലൊതുങ്ങി.

നേഷൻസ് ലീഗിലെ ഹൈവോൾട്ട് പോരുകളിലൊന്നിൽ കരുത്തരായ ജർമനിയും നെതർലാൻഡ്സും രണ്ടുഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ജർമനിയുടെ ആധിപത്യം കണ്ട മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ നെതർലാൻഡ്സ് ലീഡെടുത്തിരുന്നു. ടിജ്ജാനി റെയ്ൻഡേഴ്സ് ആണ് ജർമൻ വലയിൽ പന്തെത്തിച്ചത്. എന്നാൽ, പത്ത് മിനിറ്റിനിടെ രണ്ട് ഗോൾ തിരിച്ചടിച്ച് ജർമനി കളിയിലേക്ക് തിരിച്ചുവന്നു. 38ാം മിനിറ്റിൽ ഡെനിസ് യുണ്ടാവും ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ജോഷ്വ കിമ്മിഷുമാണ് ജർമനിക്കായി ലക്ഷ്യം കണ്ടത്.

എന്നാൽ, ജർമനിയുടെ ആഘോഷത്തിന് അധികം ആയുസുണ്ടായില്ല. രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റിനകം ഡെൻസൽ ഡെംഫ്രിസിലൂടെ നെതർലാൻഡ്സ് ഗോൾ മടക്കി. തുടർന്ന് ​വിജയഗോളിനായി ഇരുനിരയും പോരാടിയെങ്കിലും ഫലമുണ്ടായില്ല.

മറ്റു മത്സരങ്ങളിൽ ഗ്രീസ് 2-0ത്തിന് അയർലൻഡിനെയും ചെക്ക് റിപ്പബ്ലിക് 3-2ന് യുക്രെയ്നിനെയും നോർത്ത് മാസിഡോണിയ 2-0ത്തിന് അർമേനിയയെയും ജോർജിയ 1-0ത്തിന് അൽബേനിയയെയും മാൾട്ട 1-0ത്തിന് അൻഡോറയെയും തോൽപിച്ചു. ഹംഗറി-ബോസ്നിയ ആൻഡ് ഹെർസഗോവിന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harry KaneEngland Football Team
News Summary - Harry Kane celebrated his 100th match with a double goal; Great win for England
Next Story