എൻകുങ്കുവിന് ഹാട്രിക്; ഇ.എഫ്.എൽ കപ്പിൽ ചെൽസിക്ക് വമ്പൻ ജയം
text_fieldsക്രിസ്റ്റഫർ എൻകുങ്കുവിന്റെ ഹാട്രിക് മികവിൽ ഇ.എഫ്.എൽ കപ്പിൽ വമ്പൻ ജയവുമായി ചെൽസി. എതിരില്ലാത്ത അഞ്ച് ഗോളിനാണ് അവർ ബാരോയെ തകർത്തുവിട്ടത്. നീലപ്പടക്കായി പെഡ്രൊ നെറ്റോയും ലക്ഷ്യം കണ്ടപ്പോൾ ശേഷിച്ച ഗോൾ എതിർ ഗോൾകീപ്പർ പോൾ ഫർമാന്റെ വകയായിരുന്നു.
ചെൽസിയുടെ ഹോംഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ സമ്പൂർണ ആധിപത്യത്തോടെയാണ് ആതിഥേയർ മത്സരം പിടിച്ചത്. എട്ടാം മിനിറ്റിൽ തന്നെ എൻകുങ്കുവിലൂടെ അവർ ലീഡെടുത്തു. ജാവോ ഫെലിക്സായിരുന്നു ഗോളിന് വഴിയൊരുക്കിയത്. 15ാം മിനിറ്റിൽ മാലോ ഗുസ്തോയുടെ പാസിൽ എൻകുങ്കു തന്നെ ഗോളെണ്ണം ഉയർത്തി. 28ാം മിനിറ്റിൽ ജാവോ ഫെലിക്സിന്റെ ഫ്രീകിക്ക് പോസ്റ്റിലിടിച്ചശേഷം ബാരോ ഗോൾകീപ്പർ പോൾ ഫർമാന്റെ ദേഹത്ത് തട്ടി വലയിൽ കയറിയതോടെ ലീഡ് മൂന്നായി. തുടർന്നും ചെൽസി താരങ്ങൾ ആക്രമിച്ചു കയറിയെങ്കിലും ആദ്യപകുതിയിൽ ഗോളെണ്ണം കൂട്ടാനായില്ല.
എന്നാൽ, ഇടവേള കഴിഞ്ഞെത്തിയയുടൻ മിഖായിലോ മുദ്രികിന്റെ പാസിൽ പെഡ്രൊ നെറ്റോയും വല കുലുക്കിയതോടെ സ്കോർ 4-0 എന്ന നിലയിലായി. 75ാം മിനിറ്റിലായിരുന്നു എൻകുങ്കുവിന്റെ ഹാട്രിക് പിറന്നത്. പന്തുമായി മുന്നേറിയ താരം എതിർ ഗോൾകീപ്പറെ വെട്ടിച്ച് ഒഴിഞ്ഞ പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു. ഇതോടെ ചെൽസിക്കായി കഴിഞ്ഞ എട്ട് മത്സരങ്ങളിൽ താരത്തിന്റെ സമ്പാദ്യം ആറ് ഗോളായി. മത്സരത്തിൽ ചെൽസി ഉതിർത്ത 20 ഷോട്ടുകളിൽ പത്തും പോസ്റ്റിന് നേരെയാണ് കുതിച്ചത്.
വാറ്റ്ഫോഡിനെതിരെ സിറ്റിയുടെ രാജവാഴ്ച
മാഞ്ചസ്റ്റർ: രണ്ടാം നിരയുമായി ഇറങ്ങിയിട്ടും ഗ്രൗണ്ടിൽ എതിരാളികളെ നിഷ്പ്രഭമാക്കി മാഞ്ചസ്റ്റർ സിറ്റി. ഇ.എഫ്.എൽ കപ്പിൽ വാറ്റ്ഫോഡിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് പെപ് ഗാർഡിയോളയുടെ സംഘം വീഴ്ത്തിയത്. പ്രീമിയർ ലീഗിൽ ആഴ്സണലുമായി 2-2ന് സമനിലയിൽ പിരിഞ്ഞ ടീമിലുണ്ടായിരുന്ന ജെറമി ഡോകുവും കെയ്ൽ വാൽകറും ഒഴികെയുള്ളവർക്കെല്ലാം വിശ്രമം നൽകിയാണ് സിറ്റി ഇറങ്ങിയത്. എന്നിട്ടും 73 ശതമാനവും പന്ത് അവരുടെ വരുതിയിലായിരുന്നു. 24 തവണ എതിരാളികൾക്ക് നേരെ സിറ്റി ഷോട്ടുതിർത്തപ്പോൾ മൂന്നിലൊന്നും നീങ്ങിയത് പോസ്റ്റിന് നേരെയായിരുന്നു.
ഫിൽ ഫോഡൻ മുന്നിലും ജെറമി ഡോകുവും മക് അറ്റ്ലിയും മാത്യൂസ് നൂനസും ജാക്ക് ഗ്രീലിഷും തൊട്ടുപിന്നിലുമായി അണിനിരന്ന സിറ്റിയുടെ ആക്രമണം തടഞ്ഞുനിർത്താൻ എതിരാളികൾ പാടുപെട്ടു. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ഡോകുവിലൂടെ അവർ ലീഡെടുക്കുകയും ചെയ്തു. ജാക്ക് ഗ്രീലിഷാണ് ഗോളിന് വഴിയൊരുക്കിയത്. 38ാം മിനിറ്റിൽ ലൂയിസിന്റെ അസിസ്റ്റിൽ മാത്യൂസ് നൂനസും ലക്ഷ്യം കണ്ടപ്പോൾ രണ്ട് ഗോൾ ലീഡിലാണ് സിറ്റി ഇടവേളക്ക് പിരിഞ്ഞത്.
രണ്ടാം പകുതിയിലും സിറ്റി ആധിപത്യം തുടർന്നപ്പോൾ ഏത് നിമിഷവും ഗോളെണ്ണം കൂടുമെന്ന് തോന്നിച്ചെങ്കിലും പന്തുകൾ തുടരെത്തുടരെ ലക്ഷ്യത്തിൽനിന്നകന്നു. നിശ്ചിത സമയം അവസാനിക്കാൻ നാല് മിനിറ്റ് ശേഷിക്കെ ടോം ഇൻസെ വാറ്റ്ഫോഡിന്റെ ആശ്വാസ ഗോൾ നേടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.