ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ അന്ന് ഇന്ത്യക്കായി ചരിത്രം കുറിച്ചു; ഒടുവിൽ വിരമിക്കൽ പ്രഖ്യാപിച്ച് ദീപ കര്‍മാകര്‍
text_fieldsഅഗര്‍ത്തല: ഇന്ത്യക്കായി ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ മത്സരിച്ച ആദ്യ താരമായി ചരിത്രം കുറിച്ച ദീപ കര്‍മാകര്‍ വിരമിച്ചു. 31ാം വയസ്സിലാണ് താരം കളമൊഴിയുന്നത്. 2016 റിയോ ഒളിമ്പിക്‌സില്‍ ജിംനാസ്റ്റിക്‌സിലെ ‘വോൾട്ട്’ ഇനത്തിൽ മത്സരിച്ച് ഫൈനലിലേക്ക് കുതിച്ച താരത്തിന് 0.15 പോയന്റ് വ്യത്യാസത്തിലാണ വെങ്കലം നഷ്ടമായത്. എന്നാൽ, പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.
2014ൽ ഗ്ലാസ്ഗോയിൽ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിൽ വെങ്കലം നേടിയതോടെയാണ് ദീപ ശ്രദ്ധിക്കപ്പെടുന്നത്. 2015ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വെങ്കലം സ്വന്തമാക്കി. 2018ൽ തുർക്കിയയിൽ നടന്ന ജിംനാസ്റ്റിക്‌സ് ലോകകപ്പില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ച ദീപ, 2021ൽ താഷ്‍കന്റിൽ നടന്ന ഏഷ്യൻ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിലും സ്വർണമണിഞ്ഞു. 2021ൽ ചുമക്കും ആസ്തമക്കും ഉപയോഗിച്ചിരുന്ന മരുന്നിൽ നിരോധിത ഉത്തേജകത്തിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് വർഷത്തെ വിലക്കും നേരിടേണ്ടിവന്നു. 2023 ജൂലൈയിലാണ് വിലക്ക് അവസാനിച്ചത്. പത്മശ്രീ, മേജർ ധ്യാൻചന്ദ് ഖേൽ രത്ന, അർജുന തുടങ്ങിയ പ്രധാന പുരസ്കാരങ്ങൾ നൽകി രാജ്യം ദീപയെ ആദരിച്ചിട്ടുണ്ട്.
‘ഒരുപാട് ചിന്തിച്ച ശേഷമാണ് ജിംനാസ്റ്റിക്സിൽനിന്ന് വിരമിക്കാൻ തീരുമാനിച്ചത്. ഇത് എളുപ്പമുള്ള തീരുമാനമല്ല, പക്ഷേ ഇത് ശരിയായ സമയമാണെന്ന് തോന്നുന്നു. ഞാന്‍ വിരമിക്കുകയാണെങ്കിലും ജിംനാസ്റ്റിക്‌സുമായുള്ള എന്റെ ബന്ധം അവസാനിപ്പിക്കുന്നില്ല. ജിംനാസ്റ്റിക്‌സിന് ഭാവിയില്‍ എന്തെങ്കിലും തിരികെ നല്‍കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരുപക്ഷേ എന്നെപ്പോലെ വളരാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളെ ഉപദേശിക്കുകയോ പരിശീലിപ്പിക്കുകയോ പിന്തുണക്കുകയോ ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം’ -ദീപ വിരമിക്കല്‍ കുറിപ്പില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.