ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ; ജപ്പാനെ തകർത്തത് അഞ്ചു ഗോളിന്
text_fieldsചെന്നൈ: മലയാളി താരം പി.ആർ ശ്രീജേഷ് 300ാം രാജ്യാന്തര മത്സരം പൂർത്തിയാക്കിയ ആവേശപ്പോരിൽ ജപ്പാനെ തകർത്തെറിഞ്ഞ് ഇന്ത്യ ഫൈനലിൽ. പോയന്റ് പട്ടികയിൽ ഒന്നാമന്മാരായി കരുത്തുകാട്ടാൻ ഇറങ്ങിയ ആതിഥേയർ ഒറ്റയാൾ മികവുമായി ചെന്നൈ മേയർ രാധാകൃഷ്ണൻ മൈതാനം നിറഞ്ഞാണ് കിരീടത്തിലേക്ക് ഒരു ചുവട് അരികെയെത്തിയത്. ഫൈനലിൽ മലേഷ്യയാണ് ഇന്ത്യക്ക് എതിരാളികൾ.
ലീഗ് ഘട്ടത്തിൽ മുഖാമുഖം നിന്നപ്പോൾ സമനിലയായത് സെമിയിൽ തീർക്കാമെന്ന ഉറപ്പിലായിരുന്നു ഇന്ത്യൻ പോരാട്ടം. പോയന്റ് പട്ടികയിൽ നാലാമന്മാരായ ജപ്പാൻ സ്വപ്നങ്ങളെ തുടക്കത്തിലേ ചാരമാക്കി ഇന്ത്യ ലീഡ് പിടിച്ചു. 19ാം മിനിറ്റിൽ സർക്കിളിന്റെ വലതുവശത്തൂടെ ഹാർദികും സുമിതും ചേർന്ന് നടത്തിയ കിടിലൻ നീക്കത്തിനൊടുവിൽ ആകാശ് ദീപ് സിങ് ആയിരുന്നു സ്കോറർ.
നാലു മിനിറ്റിനിടെ അടുത്ത ഗോളുമെത്തി. ഇന്ത്യൻ നായകൻ ഹർമൻപ്രീത് സിങ് വകയായിരുന്നു ഗോൾ. പിന്നെയും ഇന്ത്യൻ പെരുങ്കളിയാട്ടം തുടർന്ന മൈതാനത്ത് അരമണിക്കൂർ പൂർത്തിയാകുന്നതിനിടെ ലീഡ് കാൽ ഡസൻ തികഞ്ഞു. മൻപ്രീത് അടിച്ചത് തിരിച്ചെത്തിയപ്പോൾ മൻദീപ് സിങ് ഉന്നം പിഴക്കാതെ വല കുലുക്കി. ആദ്യവസാനം ആധിപത്യം നിലനിർത്തി കളം നിറഞ്ഞ ഇന്ത്യക്കു മേൽ നേരിയ നിയന്ത്രണം പോലും പിടിക്കാൻ ജപ്പാനു സാധിക്കാതെയായിരുന്നു ആദ്യ പകുതി പിരിഞ്ഞത്.
തുടർന്നും നിറഞ്ഞുനിന്ന ഇന്ത്യൻ മുന്നേറ്റങ്ങൾക്കു മുന്നിൽ പതറിയ ജപ്പാനെ നിശ്ശബ്ദമാക്കി 39ാം മിനിറ്റിൽ നാലാം ഗോളും വീണു. മൻപ്രീത് രണ്ടാമതും അസിസ്റ്റ് നൽകിയ നീക്കത്തിൽ സുമിത് വകയായിരുന്നു ഗോൾ. ആദ്യ മൂന്ന് പാദങ്ങളും ആതിഥേയർ റാഞ്ചിയ മൈതാനത്ത് അവസാന പാദത്തിലും ജപ്പാന് പിടിച്ചുനിൽക്കാനായില്ല. 51ാം മിനിറ്റിലായിരുന്നു അഞ്ചാം ഗോൾ.
തമിഴകത്തിന്റെ പുത്രൻ ശെൽവൻ കാർത്തിയായിരുന്നു ഇത്തവണ ഹീറോ. അവസാനം ഷംഷീർ സുവർണാവസരം കളഞ്ഞുകുളിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യൻ ജയം അരഡസൻ ഗോളുകൾക്കായേനെ. നേരത്തെ അഞ്ചാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ചൈനയെ പാകിസ്താൻ മറികടന്നു. ശനിയാഴ്ച മൂന്നാം സ്ഥാനക്കാരെ നിർണയിക്കാനുള്ള മത്സരത്തിൽ ദക്ഷിണ കൊറിയ ജപ്പാനെ നേരിടും. ഇന്ത്യ- മലേഷ്യ ഫൈനൽ രാത്രി 8.30നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.