ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് ജയത്തുടക്കം; ചൈനയെ തകർത്തത് രണ്ടിനെതിരെ ഏഴു ഗോളിന്
text_fieldsചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ ഗംഭീര ജയത്തോടെ തുടങ്ങി ആതിഥേയരായ ഇന്ത്യ. ചൈനയെ രണ്ടിനെതിരെ ഏഴു ഗോളിനാണ് തോൽപിച്ചത്. ഇന്ത്യക്കുവേണ്ടി ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും വരുൺ കുമാറും രണ്ടു വീതവും സുഖ്ജീത് സിങ്ങും അക്ഷദീപ് സിങ്ങും മമൻദീപ് സിങ്ങും ഓരോ ഗോളും നേടി.
മറ്റു മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയ 2-1ന് ജപ്പാനെയും മലേഷ്യ 3-1ന് പാകിസ്താനെയും തോൽപിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ദക്ഷിണ കൊറിയ-പാകിസ്താൻ, ചൈന-മലേഷ്യ, രാത്രി ഇന്ത്യ-ജപ്പാൻ മത്സരങ്ങൾ നടക്കും. ചൈനക്കെതിരായ കളിയുടെ അഞ്ചാം മിനിറ്റിൽ ഇന്ത്യയുടെ ആദ്യ ഗോൾ പിറന്നു. ക്യാപ്റ്റൻ ഹർമൻപ്രീതായിരുന്നു സ്കോറർ. പിന്നാലെ പെനാൽറ്റി കോർണറിൽനിന്ന് ഹർമൻ ലീഡ് ഇരട്ടിയാക്കി. ആദ്യ പത്ത് മിനിറ്റിനകം രണ്ടു ഗോൾ മുന്നിലെത്തിയ ഇന്ത്യക്കുവേണ്ടി സുഖ്ജീതും ലക്ഷ്യംകണ്ടു.
പ്രഥമ ക്വാർട്ടർ പൂർത്തിയാവുമ്പോൾ സ്കോർ 3-0. അക്ഷദീപ് സിങ്ങിന്റെ ഗോളിലൂടെ രണ്ടാം ക്വാർട്ടർ തുടങ്ങിയ ആതിഥേയർക്ക് പിന്നെ തിരിച്ചടി. വെൻഹൂയിയുടെ വകയായിരുന്നു പ്രഹരം (4-1). പെനാൽറ്റി ഗോളിൽ വരുൺ കുമാർ ഇന്ത്യയുടെ സ്കോറുയർത്തി. ജിഷേങ് ഗാവോ അതേ നാണയത്തിൽ മറുപടി കൊടുത്തതോടെ 5-2. മറ്റൊരു പെനാൽറ്റി ഗോളിൽ വരുൺ ആദ്യ പകുതി 6-2 ആക്കി. മൂന്നാം ക്വാർട്ടറിൽ ഇന്ത്യയുടെ ഏഴാമത്തെയും മൻദീപ് സിങ്ങിന്റെ കരിയറിലെ നൂറാമത്തെയും ഗോളെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.