ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് ഇന്ന് ചെന്നൈയിൽ തുടക്കം
text_fieldsചെന്നൈ: ഇതാദ്യമായി ഇന്ത്യ വേദിയാവുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റ് വ്യാഴാഴ്ച മുതൽ ചെന്നൈയിലെ മേയർ രാധാകൃഷ്ണൻ സ്റ്റേഡിയത്തിൽ നടക്കും. ആതിഥേയരടക്കം ആറു ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് നാലിന് ദക്ഷിണ കൊറിയയെ ജപ്പാനും 6.15ന് മലേഷ്യയെ പാകിസ്താനും രാത്രി 8.30ന് ഇന്ത്യയെ ചൈനയും നേരിടും. സെപ്റ്റംബറിൽ ചൈനയിലെ ഹാങ്ചോവിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്കുള്ള തയാറെടുപ്പുകൂടിയാണ് ചാമ്പ്യൻസ് ട്രോഫി. 2007ലെ ഏഷ്യാകപ്പിനുശേഷം ചെന്നൈ ആതിഥ്യമരുളുന്ന പ്രധാന ടൂർണമെന്റാണിത്.
ലോക നാലാം നമ്പറുകാരായ ഇന്ത്യയാണ് കൂട്ടത്തിൽ ഉയർന്ന റാങ്കിലുള്ള ടീം. ഇന്ത്യയും പാകിസ്താനും മൂന്നു തവണ വീതം ചാമ്പ്യന്മാരായിട്ടുണ്ട്. ഒരു പ്രാവശ്യം സംയുക്ത ജേതാക്കളായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയാണ് ഇവർക്കു പുറമെ കിരീടം സ്വന്തമാക്കിയ ഏക ടീം. ചൈനക്കെതിരെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യ ഏഷ്യൻ ഗെയിംസ് വഴി നേരിട്ട് പാരിസ് ഒളിമ്പിക്സ് ടിക്കറ്റ് കൈക്കലാക്കാമെന്ന പ്രതീക്ഷയിലാണ്. അല്ലാത്തപക്ഷം പാകിസ്താനിൽ പോയി യോഗ്യതമത്സരങ്ങൾ കളിക്കേണ്ടിവരും. ക്രെയ്ഗ് ഫുൾട്ടൺ പരിശീലകനായ ടീമിനെ നയിക്കുന്നത് ഹർമൻപ്രീത് സിങ്ങാണ്. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോൾ ഒമ്പതാം സ്ഥാനത്തായി. 2018ലെ ഏഷ്യൻ ഗെയിംസിലും വെങ്കലമായിരുന്നു.
2011ൽ ചൈനയിലാണ് ആദ്യമായി ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി നടന്നത്. അന്ന് പാകിസ്താനെ ടൈബ്രേക്കറിൽ തോൽപിച്ച് ഇന്ത്യ കിരീടം നേടി. 2012ൽ പാക് ടീം ഫൈനലിൽ തിരിച്ചടിച്ചു. 2016ലാണ് ഇന്ത്യ പിന്നെ ഫൈനലിലെത്തുന്നത്. പാകിസ്താനെ 3-2ന് വീഴ്ത്തി വീണ്ടും ജേതാക്കൾ. 2018ൽ ഫൈനൽ മഴകാരണം ഉപേക്ഷിച്ചപ്പോൾ ഇന്ത്യയും പാകിസ്താനും കിരീടം പങ്കിട്ടു. 2021ലെ ലൂസേഴ്സ് ഫൈനലിൽ പാകിസ്താനെത്തന്നെ പരാജയപ്പെടുത്തി ഇന്ത്യക്ക് മൂന്നാം സ്ഥാനവും കിട്ടി.
റൗണ്ട് റോബിൻ ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ എല്ലാ ടീമും ഓരോ പ്രാവശ്യം മുഖാമുഖം വരും. ആദ്യ നാലു സ്ഥാനക്കാർ സെമി ഫൈനലിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.