ഇന്ത്യൻ ഹോക്കി ടീമിനെ ഇനി ക്രെയ്ഗ് ഫുൾടൺ പരിശീലിപ്പിക്കും
text_fieldsപരിശീലന രംഗത്ത് നീണ്ട അനുഭവ സമ്പത്തുമായി എത്തുന്ന ക്രെയ്ഗ് ഫുൾട്ടണൊപ്പം ഹോക്കിയിൽ പുതിയ ചുവടുകൾ വെക്കാൻ ടീം ഇന്ത്യ. ഹോക്കി പ്രോ ലീഗ് മത്സരങ്ങൾ ഒരാഴ്ച കഴിഞ്ഞ് നടക്കാനിരിക്കെയാണ് ഗ്രഹാം റീഡിന്റെ പിൻഗാമിയായി ദക്ഷിണാഫ്രിക്കക്കാരനായ പരിശീലകന് ചുമതല നൽകാൻ തീരുമാനം. 2014- 18 കാലയളവിൽ അയർലൻഡ് പരിശീലകനായിരുന്ന ക്രെയ്ഗിനു കീഴിൽ ടീം റയോ ഒളിമ്പിക്സ് യോഗ്യത നേടിയിരുന്നു. 2015ൽ എഫ്.ഐ.ച്ച് പരിശീലകനായും തെരഞ്ഞെടുക്കപ്പെട്ടു.
അതുകഴിഞ്ഞ് ബെൽജിയം ടീം അസിസ്റ്റന്റ് കോച്ചായി പ്രവർത്തിച്ചുവരികയായിരുന്നു. ടീം ടോകിയോ ഒളിമ്പിക്സിൽ സ്വർണം നേടുകയും ചെയ്തു. 2018ൽ ഭുവനേശ്വറിൽ ലോക ചാമ്പ്യൻഷിപ്പിൽ ബെൽജിയം കിരീടം ചൂടുമ്പോഴും ടീമിനൊപ്പമുണ്ടായിരുന്നു. ബെൽജിയം ലീഗിലെ ഏറ്റവും മികച്ച കോച്ചായും അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ടു. അതിനു പിന്നാലെയാണ് ഇന്ത്യക്കൊപ്പം ചേരുന്നത്.
ദക്ഷിണാഫ്രിക്കൻ ടീമിനൊപ്പം 10 വർഷത്തിനിടെ 195 മത്സരങ്ങളിൽ കളിച്ച ഫുൾട്ടൺ 1996 അറ്റ്ലാന്റ ഒളിമ്പിക്സിലും 2004 ഏഥൻസ് ഒളിമ്പിക്സിലും ദേശീയ ജഴ്സിയിൽ ഇറങ്ങി. ഇന്ത്യൻ പുരുഷ ഹോക്കി ടീമിനൊപ്പം ചേരാനായതിൽ സന്തോഷമുണ്ടെന്ന് ഫുൾടൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.