ന്യൂസിലാന്ഡിനോട് തോൽവി; ഹോക്കി ലോകകപ്പില്നിന്ന് ഇന്ത്യ പുറത്ത്
text_fieldsഭുവനേശ്വർ: ലോകകപ്പ് ഹോക്കിയിൽ ക്വാർട്ടർ ഫൈനലിൽ കടക്കാമെന്ന ഇന്ത്യൻ മോഹങ്ങൾ ഒരിക്കൽകൂടി പൊലിഞ്ഞു. ക്രോസ് ഓവർ മത്സരത്തിന്റെ ഒരുഘട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനും പിന്നെ 3-1നും മുന്നിൽനിന്ന ആതിഥേയർ 3-3 സമനില വഴങ്ങി പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ പിറകിലായിരിക്കെ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന്റെ ഉജ്ജ്വല പ്രകടനത്തിൽ ടീം തിരിച്ചുവന്നെങ്കിലും സഡൻ ഡെത്തിൽ വീണു (4-5). ഒമ്പതുമുതൽ 16 വരെ സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തിൽ ഇന്ത്യ ജനുവരി 26ന് ജപ്പാനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ ബെൽജിയം ആണ് ക്വാർട്ടറിൽ കിവികളുടെ എതിരാളികൾ. ആസ്ട്രേലിയ, സ്പെയിൻ, ഇംഗ്ലണ്ട്, നെതർലൻഡ്സ് ടീമുകളും ഇതിനകം ക്വാർട്ടറിലെത്തി.
നിശ്ചിത സമയം 3-3
ഗോൾരഹിതമായിരുന്നു ആദ്യ ക്വാർട്ടർ. പത്താംമിനിറ്റിൽ ഗോൾ കീപ്പർ ശ്രീജേഷ് പാറപോലെ ഉറച്ചുനിന്നാണ് ഒരു ഗോളിൽനിന്ന് ടീമിനെ രക്ഷിച്ചെടുത്തത്. 12ാം മിനിറ്റിൽ ഇന്ത്യക്ക് പെനാൽറ്റി കോർണർ. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ ഷോട്ട് ന്യൂസിലൻഡ് താരം സിമോൺ ചൈൽഡ് ചെറുത്തു. രണ്ടാമത്തെ ക്വാർട്ടർ തുടങ്ങി 17ാം മിനിറ്റിൽ ലളിത് കുമാർ ഉപാധ്യായയിലൂടെ ഇന്ത്യയുടെ ആദ്യ ഗോളെത്തി. 24ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണറിനെത്തുടർന്നായിരുന്നു ഇത്. റീബൗണ്ട് ചെയ്ത പന്ത് സുഖ്ജീത് അകത്താക്കി. 28ാം മിനിറ്റിൽ സാം ലേനിലൂടെ ന്യൂസിലൻഡ് അക്കൗണ്ട് തുറന്നു. ഇന്ത്യയുടെ ലീഡോടെ തുടങ്ങിയ മൂന്നാം ക്വാർട്ടറിൽ ആതിഥേയർ മൂന്നാം ഗോളും നേടി. 40ാം മിനിറ്റിലാണ് വരുൺകുമാർ സ്കോർ ചെയ്തത്.
എന്നാൽ, മൂന്ന് മിനിറ്റ് പിന്നിടവേ കിട്ടിയ പെനാൽറ്റി കോർണറിൽ ഗോൾ നേടി കെയ്ൻ റസ്സൽ സ്കോർ 3-2 ആക്കി. നാലാം ക്വാർട്ടർ തുടങ്ങി 49ാം മിനിറ്റിൽ ന്യൂസിലൻഡിനെ പെനാൽറ്റി കോർണർ. റസ്സലിന് സ്കോർ ചെയ്യാനായില്ലെങ്കിലും തുറന്നുകിട്ടിയ അവസരം സീൻ ഫിൻഡ് ലേ വിനിയോഗിച്ചു.
ഷൂട്ടൗട്ട്, സഡൻ ഡെത്ത്
അവസാന മിനിറ്റുകളിലെ ഗോളിലൂടെ ജയത്തിലേക്കെത്താമെന്ന ഇരുകൂട്ടരുടെയും പ്രതീക്ഷകൾ തെറ്റിച്ച് മത്സരം ഷൂട്ടൗട്ടിലേക്ക് പോയി. ഹർമൻ പ്രീതിലൂടെ ഇന്ത്യ മുന്നിലെത്തി (1-0). നിക് വുഡ് സമനില പിടിച്ചപ്പോൾ രാജ്കുമാറിലൂടെ വീണ്ടും ഇന്ത്യ (2-1). സീൻ സ്കോർ 2-2 ആക്കി. അഭിഷേക് അവസരം നഷ്ടപ്പെടുത്തിയപ്പോൾ ഫിലിപ്സ് കിവികൾക്ക് ലീഡ് നേടിക്കൊടുത്തു (2-3). ഇന്ത്യയുടെ ഷാംസറിനും അപ്പുറത്ത് സാം ലേനിനും ഗോളടിക്കാനായില്ല. സുഖ്ജീത് സ്കോർ 3-3 ആക്കി. സാം ഹിഹയെ ഗോളി ശ്രീജേഷ് മികച്ച പ്രകടനത്തിലൂടെ തടഞ്ഞപ്പോൾ മത്സരം സഡൻ ഡെത്തിൽ. നിക് വുഡിനെയും ശ്രീജേഷ് പ്രതിരോധിച്ചു. ഹർമൻ പ്രീത് ഇക്കുറി അവസരം നഷ്ടപ്പെടുത്തി. പരിക്കേറ്റ ശ്രീജേഷിന് പകരം ഗോളിയായി കൃഷൻ പതക്. ഫിൻഡ് ലേയും പിന്നാലെ രാജ്കുമാർ സ്കോർ ചെയ്തതോടെ 4-4. ഹെയ്ഡൻ ഫിലിപ്സിനെ പതക് തടഞ്ഞു. സുഖ്ജീതും അവസരം നഷ്ടപ്പെടുത്തിയതോടെ ഇന്ത്യൻ മുഖങ്ങളിൽ നിരാശ. തുടർന്ന് സാം ലേൻ സ്കോർ ചെയ്തു. ഒടുവിൽ ഷാംസറിന്റെ ശ്രമവും ചെറുത്ത് ന്യൂസിലൻഡ് ഗോളി ലിയോൺ ഹേവാർഡ് ടീമിന് ജയം സമ്മാനിക്കുകയായിരുന്നു.
മലേഷ്യ കടന്ന് സ്പെയിനും
പെനാൽറ്റി ഷൂട്ടൗട്ടിൽ മലേഷ്യയെ വീഴ്ത്തി സ്പെയിനും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ക്രോസ് ഓവർ മത്സരം നിശ്ചിത സമയത്ത് 2-2 സമനിലയിൽ കലാശിച്ചു. ആദ്യ രണ്ട് ക്വാർട്ടറുകളും ഗോൾരഹിതമായിരുന്നു. തുടർന്ന് ഫസൽ സാരി 35ാം മിനിറ്റിൽ മലേഷ്യയെ മുന്നിലെത്തിച്ചു. എന്നാൽ, മാർക് മിറാലസും സേവിയർ ഗിസ്പെർട്ടും അടുത്തടുത്ത മിനിറ്റുകളിൽ സ്കോർ ചെയ്ത് സ്പാനിഷ് സംഘത്തിനായി ലീഡ് പിടിച്ചു. ഷേല്ലോ സിൽവേരിയസാണ് മലേഷ്യയുടെ സമനില ഗോൾ നേടിയത്. പെനാൽറ്റി ഷൂട്ടൗട്ട് 3-3 ആയതോടെ സഡൻ ഡെത്ത് വിജയികളെ നിശ്ചയിച്ചു. 4-3നായിരുന്നു സ്പെയിനിന്റെ ജയം. പൂൾ ഡിയിൽ ഇംഗ്ലണ്ടിനും ഇന്ത്യക്കും പിറകിൽ മൂന്നാമതായി ഫിനിഷ് ചെയ്ത ടീമാണ് സ്പെയിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.