ഫൈവ്സ് ലോകകപ്പ് ഹോക്കി: ഇന്ത്യ-നെതർലാൻഡ്സ് ഫൈനൽ ഇന്ന്
text_fieldsമസ്കത്ത്: മസ്കത്തിൽ നടക്കുന്ന ഫൈവ്സ് ലോകകപ്പ് ഹോക്കി വനിത വിഭാഗത്തിൽ ഇന്ത്യ ഫൈനലിൽ കടന്നു. ഒമാൻ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സെമിയിൽ ദക്ഷിണാഫ്രിക്കയെ 6-3ന് തകർത്താണ് ഫൈനലിലെത്തിയത്. ശനിയാഴ്ച രാത്രി എട്ട് മണിക്ക് നടക്കുന്ന ഫൈനലിൽ നെതർലൻഡ്‌സാണ് ഇന്ത്യയുടെ എതിരാളി. പോളിഷ് പടയെ 3-1ന് തകർത്താണ് നെതർലാൻഡ് ഫൈനലിന് യോഗ്യത നേടിയത്.
ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഇന്ത്യക്കുവേണ്ടി അക്ഷത, മരിയാന, മുംതാസ്, റുത്ജ, ജ്യോതി, അജ്മിന എന്നിവരാണ് ഗോൾ നേടിയത്. ഇന്ത്യൻ താരങ്ങൾക്ക് ആവേശം പകർന്ന് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ്, ഇന്ത്യൻ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥർ, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ചെയർമാൻ ബാബു രാജേന്ദ്രൻ ഉൾപ്പടെയുള്ള ഭാരവാഹികൾ ഗ്രൗണ്ടിൽ എത്തിയിരുന്നു. വാരാന്ത്യദിനമായതുകൊണ്ടുതന്നെ മലയാളികളടക്കമുള്ള നിരവധി പ്രവാസി ഇന്ത്യക്കാരും കളികാണാൻ എത്തിയിരുന്നു.
ടൂർണമെന്‍റിൽ ഒരുകളിപോലും തോൽക്കാതെയാണ് ഇന്ത്യൻ വനിതകൾ ഫൈനലിലെത്തിയിരിക്കുന്നത്. ഗ്രൂപ്പ്തല മത്സരത്തിൽ പോളണ്ടിനെ 5-4നും അമേരിക്കയെ 7-3നും നമീബിയെ 7-2നും തോൽപ്പിച്ചായിരുന്നു ക്വാർട്ടർ പ്രവേശനം. ക്വാർട്ടർ ഫൈനിലിൽ ന്യൂസിലാൻഡിനെ 11-1നുമാണ് പരാജയപ്പെടുത്തിയത്. ഇന്ന് നടക്കുന്ന ഫൈനലിലും ഇന്ത്യൻ ടീമിന് വിജയിക്കാനാകുമെന്നാണ് ആരാധകർ കണക്ക് കൂട്ടുന്നത്. ഗ്രൂപ്പ്തല മത്സരങ്ങളിൽ നാല് പൂളുകളായി 16 ടീമുകളാണ് മാറ്റുരച്ചത്. വനിതകളുടെ മത്സരങ്ങൾക്ക് ശേഷം ജനുവരി 28 മുതൽ 31 വരെയാണ് പുരുഷവിഭാഗത്തിന്‍റെ പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുക.
പുരുഷന്മാരുടെ വിഭാഗത്തിൽ ഇന്ത്യ പൂൾ ബിയിൽ ഈജിപ്ത്, സ്വിറ്റ്‌സർലൻഡ്, ജമൈക്ക എന്നിവരോടപ്പമാണ്. ഒമാൻ പൂൾ ഡിയിലാണ്. മലേഷ്യ, ഫിജി, യു.എസ്.എ ടീമുകളാണ് കൂടെയുള്ളത്. പൂൾ എയിൽ നെതർലാൻഡ്, പാകിസ്താൻ, പോളണ്ട്, നൈജീരിയയും, സിയിൽ ആസ്ത്രേലിയ, ന്യൂസിലാൻഡ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, കെനിയ ടീമുകളുമാണ് വരുന്നത്. ജനുവരി 28ന് സ്വിറ്റ്സർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അന്നേദിവസം ഈജിപ്തുമായും ഏറ്റുമുട്ടും. ആതിഥേയരായ ഒമാൻ മലേഷ്യ, ഈജിപ്ത് ടീമുകളുമായും അങ്കം കുറിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.