സർക്കാറുകൾ അവഗണിച്ചു; അന്താരാഷ്‌ട്ര ഹോക്കി താരത്തിന് 21 വർഷം തണലായത് സുനിൽ ഗവാസ്കർ
text_fieldsടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്‍റെ വിജയാഘോഷം അതിഗംഭീരമായി തുടരുകയാണ്. ടീം അംഗങ്ങൾക്ക് സർക്കാറുകളടക്കം വലിയ സ്വീകരണമാണ് നൽകുന്നത്. ഇന്ത്യൻ ഹോക്കിക്ക് പുതുജീവൻ നൽകുന്നതാണ് ഇത്തരം നീക്കങ്ങൾ.
എന്നാൽ, പഴയകാല ഹോക്കി താരങ്ങളെ രാജ്യം എങ്ങനെയാണ് പരിഗണിച്ചതെന്ന് തുറന്നുകാണിക്കുകയാണ് ഗോപാൽ ഭെൻഗ്ര എന്ന താരത്തിന്‍റെ ജീവിതം. മുൻ അന്താരാഷ്‌ട്ര ഹോക്കി താരമായ ഇദ്ദേഹം അസുഖത്തെ തുടർന്ന് തിങ്കളാഴ്ചയാണ് അന്തരിച്ചത്. കരസേനയിൽ സേവനമനുഷ്ഠിക്കുേമ്പാഴാണ് ഇദ്ദേഹം ഹോക്കി ടീമിൽ എത്തുന്നത്. 1978ൽ അർജന്‍റീനയിൽ നടന്ന ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
ടൂർണമെന്‍റിൽ അർജന്‍റീനക്കും പാകിസ്ഥാനുമെതിരെ സ്റ്റിക്കേന്തി. ഇന്ത്യൻ ടീമിൽനിന്ന് വിരമിച്ചശേഷം കുറച്ചുകാലം മോഹൻ ബഗാനുവേണ്ടി കളിച്ചു. അതിനുശേഷം ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ഭെൻഗ്രയുടെ ജീവിതം. ഹോക്കി താരമെന്ന നിലയില്‍ ഒരു സര്‍ക്കാര്‍ ജോലി ശരിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും മുന്നിൽ കേണപേക്ഷിച്ചിട്ടും അന്താരാഷ്‌ട്ര താരത്തിന് ജോലി തരപ്പെട്ടില്ല. തുടർന്ന് പാറ പൊട്ടിക്കുന്ന ജോലിക്ക് പോയി. 50 രൂപയായിരുന്നു ദിവസക്കൂലി. ഇതോടൊപ്പം പെൻഷനായി 1475 രൂപയും ലഭിച്ചു.
മാധ്യമ റിപ്പോർട്ടുകളിലൂടെ ഇദ്ദേഹത്തിന്‍റെ ദുരവസ്ഥ മനസ്സിലാക്കിയ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കർ സഹായിക്കാൻ തയാറായെത്തി. 2017ലാണ് സുനില്‍ ഗാവസ്‌കറുടെ ചാംപ്‌സ് ഫൗണ്ടേഷന്‍ ഗോപാലിന് സഹായവുമായി രംഗത്തെത്തുന്നത്. ഇതുവഴി ഓരോ മാസവും 7500 രൂപ വീതം അദ്ദേഹത്തിന്‍റെ വീട്ടിലെത്താന്‍ തുടങ്ങി.
എന്നാൽ, ഇതിന് മുമ്പ് തന്നെ സുനിൽ ഗവാസ്കർ ആരുമറിയാതെ ഇദ്ദേഹത്തെ സഹായിക്കാൻ തുടങ്ങിയിരുന്നു. 21 വർഷമാണ് ഗവാസ്കർ ഓരോ മാസവും മുടങ്ങാതെ ഇദ്ദേഹത്തിന് സഹായമെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.