ഹോക്കി ഇന്ത്യ ലീഗ്; ഡൽഹി ടീമിൽ മലയാളി ഗോള്‍ കീപ്പര്‍
text_fieldsകൊല്ലം: ഗോള്‍കീപ്പര്‍ ആയി ഹോക്കി ഇന്ത്യ ലീഗില്‍ ഇടംപിടിച്ച് കൊല്ലം സ്വദേശി ആദര്‍ശ്. കഴിഞ്ഞ ദിവസം നടന്ന താര ലേലത്തില്‍ ഡല്‍ഹി എസ്.ജി പൈപ്പേഴ്‌സാണ് പത്തനാപുരം കമുകുംചേരി സ്വദേശിയെ സ്വന്തമാക്കിയത്. തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍നിന്ന് ഹോക്കി പാഠങ്ങള്‍ പഠിച്ച ആദര്‍ശ് 2021 ലെ കേരള ഹോക്കി സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലെ മികച്ച ഗോള്‍ കീപ്പറായിരുന്നു.
ആ വര്‍ഷം ഗോവയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായി പങ്കെടുത്ത ആദര്‍ശിന്റെ മികവ് കണ്ട നാഷനല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് സെലക്ഷനില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഡല്‍ഹിയില്‍ നടന്ന സെലക്ഷനില്‍നിന്ന് എന്‍.സി.ഇ.ഒ മണിപ്പൂരിലെത്തി. 2023ല്‍ നെതര്‍ലന്‍ഡ്സ് വിദേശ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചെങ്കിലും വിസ ലഭിക്കാന്‍ വൈകിയതോടെ അവസരം നഷ്ടമായി. തുടര്‍ന്നും മികവ് ആവര്‍ത്തിച്ച ആദര്‍ശിന് ജൂനിയര്‍ ഇന്ത്യന്‍ ടീമിന്റെ വിളിയെത്തി.
ഒമ്പതു മാസമായി ബംഗളൂരുവില്‍ നടക്കുന്ന ജൂനിയര്‍ ഇന്ത്യന്‍ ക്യാമ്പില്‍ അംഗമാണ്. മലയാളി ഇതിഹാസ താരം പി.ആര്‍. ശ്രീജേഷാണ് ജൂനിയര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍. പത്തനാപുരം ഗോപനിവാസില്‍ ഗോപകുമാരന്‍ നായര്‍-സന്ധ്യമോള്‍ ദമ്പതികളുടെ മകനാണ് ആദര്‍ശ്. സഹോദരന്‍: അഭിഷേക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.