മലയാളി താരം പി.ആർ. ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ഖേൽരത്ന നാമനിർദേശം
text_fieldsന്യൂഡൽഹി: മലയാളിയും ഇന്ത്യൻ പുരുഷ ഹോക്കി ടീം ഗോൾകീപ്പറുമായ പി.ആർ. ശ്രീജേഷിനെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്നക്കായി ഹോക്കി ഇന്ത്യ നാമനിർദേശം ചെയ്തു. വനിത ടീമിൽ നിന്നും മുൻ ഡിഫൻഡർ ദീപിക ഠാക്കൂറിനെയും നാമനിർദേശം ചെയ്തു. 2017 ജനുവരി ഒന്നു മുതൽ 2020 ഡിസംബർ വരെയുള്ള പ്രകടനങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്.
ഹർമൻപ്രീത് സിങ്, വന്ദന കടാരിയ, നവ്ജോത് കൗർ എന്നിവരെ അർജുന അവാർഡിനും നാമനിർദേശം ചെയ്തു. ആജീവനാന്ത മികവിനുള്ള ധ്യാൻചന്ദ് പുരസ്കാരത്തിനായി മുൻ ഇന്ത്യൻ നായകൻ ഡോ. ആർ.പി സിങ്ങിനെയും മുൻ മിഡ്ഫീൽഡർ ചിങ്ശുഭം സംഗി ഇബേമലിനെയും നിർദേശിച്ചു. കോച്ചുമാരായ ബി.ജെ കരിയപ്പയെയും സി.ആർ. കുമാറിനെയും ദ്രോണാചാര്യ അവാർഡിനായി നാമനിർദേശം ചെയ്തിട്ടുണ്ട്.
അവാർഡ് നിർണയിക്കുന്ന കാലയളവിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് മുൻ നായകൻ കൂടിയായ ശ്രീജേഷ് കാഴ്ചവെച്ചത്. ഇന്ത്യയുടെ 2018ൽ ചാമ്പ്യൻസ് ട്രോഫിയിൽ വെള്ളി മെഡൽ, ഏഷ്യൻ ഗെയിംസിൽ വെങ്കലം, 2019-ൽ ഭുവനേശ്വറിൽ നടന്ന എഫ്.ഐ.എച്ച് മെൻസ് സീരീസ് ഫൈനലിൽ സ്വർണമെഡൽ എന്നീ നേട്ടങ്ങളിൽ ശ്രീജേഷിെൻറ പ്രകടനം വിലമതിക്കാനാവാത്തതായിരുന്നു. 2015ൽ അർജുന അവാർഡ് നേടിയ ശ്രീജേഷിനെ 2017ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
2018ൽ ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും വെള്ളി മെഡൽ നേടിയ ഇന്ത്യൻ വനിതാ ടീമിലെ സുപ്രധാന കളിക്കാരിയായിരുന്നു ദീപിക.
ഇന്ത്യൻ വനിത ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ അടക്കം അഞ്ച് പേർക്കായിരുന്നു 2020ൽ ഖേൽരത്ന ലഭിച്ചത്. ജൂൺ 21നായിരുന്നു കായിക മന്ത്രാലയം നാമനിർദേശ പട്ടിക സമർപ്പിക്കാനുള്ള അവസാന തിയതിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് ജൂൺ 28ലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ വർഷം 74 പേർക്കാണ് നാഷനൽ സ്പോർട്സ് അവാർഡ്സ് ലഭിച്ചത്. പുരസ്കാരങ്ങൾക്കുള്ള പ്രൈസ്മണിയും വർധിപ്പിച്ചിരുന്നു. ഖേൽരത്നക്ക് 25 ലക്ഷം, അർജുന അവാർഡിന് 15 ലക്ഷം, ദ്രോണാചാര്യ 15 ലക്ഷം, ധ്യാൻചന്ദ് പുരസ്കാരം 10 ലക്ഷം എന്നിങ്ങനെയായിരുന്നു വർധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.