ഹോക്കി ലീഗ് തിരിച്ചുവരുന്നു; മത്സരങ്ങൾ ഡിസംബർ 28 മുതൽ ഫെബ്രുവരി ഒന്നുവരെ
text_fieldsന്യൂഡൽഹി: നീണ്ട ഏഴുവർഷത്തെ ഇടവേളക്കു ശേഷം ഹോക്കി ഇന്ത്യ ലീഗ് (എച്ച്.ഐ.എൽ) തിരിച്ചുവരുന്നു. വനിതകളുടെ ലീഗാണ് എച്ച്.ഐ.എൽ തിരിച്ചുവരുമ്പോഴുള്ള പുതുമ. എട്ട് പുരുഷ ടീമുകളും ആറ് വനിത ടീമുകളും ലീഗിലുണ്ടാകും.
ഡിസംബർ 28 മുതൽ ഫെബ്രുവരി ഒന്നുവരെയാണ് ലീഗ്. വനിതകൾക്ക് റാഞ്ചിയിലും പുരുഷന്മാർക്ക് റൂർക്കലയിലുമാണ് മത്സരങ്ങൾ. താരലേലം ഈ മാസം 13 മുതൽ 15 വരെ നടക്കും.
വനിത ലീഗ് ഫൈനൽ ജനുവരി 26ന് റാഞ്ചിയിലും പുരുഷന്മാരുടേത് ഫെബ്രുവരി ഒന്നിന് റൂർക്കലയിലും നടക്കും. രണ്ട് ലക്ഷം, അഞ്ച് ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് താരങ്ങളുടെ ലേലത്തുക. 10 ഫ്രാഞ്ചൈസികളാണ് നിലവിൽ രംഗത്തുള്ളത്. ചെന്നൈ -ചാൾസ് ഗ്രൂപ്, ലഖ്നോ -യദു സ്പോർട്‌സ്, പഞ്ചാബ് - ജെ.എസ്.ഡബ്ല്യു സ്പോർട്‌സ്, പശ്ചിമ ബംഗാൾ - ശ്രാച്ചി സ്പോർട്സ്, ഡൽഹി - എസ്.ജി സ്പോർട്‌സ് ആൻഡ് എന്റടൈൻമെന്റ്, ഒഡിഷ - വേദാന്ത ലിമിറ്റഡ്, ഹൈദരാബാദ് - റെസലൂട്ട് സ്പോർട്സ്, റാഞ്ചി - നവോയം സ്പോർട്സ് എന്നിവയാണ് പുരുഷ വിഭാഗത്തിലെ ഫ്രാഞ്ചൈസി ഉടമകൾ. ഹരിയാന - ജെ.എസ്.ഡബ്ല്യു സ്പോർട്‌സ്, പശ്ചിമ ബംഗാൾ - ശ്രാച്ചി സ്പോർട്സ്, ഡൽഹി - എസ്.ജി സ്പോർട്സ്, ഒഡിഷ - നവോയം സ്പോർട്സ് എന്നിവയാണ് വനിത ടീം ഉടമകൾ. വനിത ലീഗിലെ ശേഷിക്കുന്ന രണ്ട് ഫ്രാഞ്ചൈസി ഉടമകളെ പിന്നീട് പ്രഖ്യാപിക്കും.
ഓരോ ഫ്രാഞ്ചൈസിക്കും കുറഞ്ഞത് 16 ഇന്ത്യൻ കളിക്കാരുണ്ടാകും. നാല് ജൂനിയർ താരങ്ങളെ നിർബന്ധമായും ഉൾപ്പെടുത്തണം. എട്ട് അന്താരാഷ്ട്ര താരങ്ങളുമടക്കം 24 പേരാണ് സംഘത്തിലുണ്ടാവുക. ഫെഡറേഷന്റെ ചുമതല ഏറ്റെടുത്തതിനുശേഷം ലീഗിനെ പുനരുജ്ജീവിപ്പിക്കുക എന്ന സ്വപ്നം യാഥാർഥ്യമായെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റും ലീഗ് ചെയർമാനുമായ ദിലീപ് ടിർക്കി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.