ലോകകപ്പ് ഹോക്കി: ബെൽജിയം-ജർമനി ഫൈനൽ ഇന്ന്
text_fieldsഭുവനേശ്വർ: ലോകകപ്പ് പുരുഷ ഹോക്കിയിൽ തുടർകിരീടമെന്ന നേട്ടത്തിലേക്ക് സ്റ്റിക്ക് പായിക്കാൻ ബെൽജിയത്തിന് കരുത്തരായ എതിരാളികൾ. ഫൈനലിൽ ജർമനിയുമായാണ് ഒളിമ്പിക് ജേതാക്കൾ കൂടിയായ ബെൽജിയത്തിന്റെ മത്സരം. പാകിസ്താൻ, ആസ്ട്രേലിയ, ജർമനി എന്നീ ടീമുകളാണ് ലോകകപ്പ് ഹോക്കിയിൽ തുടർച്ചയായി രണ്ടു തവണ ജേതാക്കളായത്. ഏറ്റവും മികച്ച അറ്റാക്കിങ്ങും ഡിഫൻസും ഒരുകൂട്ടം പെനാൽറ്റി കോർണർ സ്പെഷലിസ്റ്റുകളും ചേർന്ന തകർപ്പൻ സംഘമാണ് ബെൽജിയം. വിൻസന്റ് വനാഷ് എന്ന മിടുക്കൻ ഗോളിയുമുണ്ട്. പ്രായം തളർത്താത്ത പോരാളികൾ. 11 താരങ്ങൾ 30 വയസ്സിനു മുകളിലുള്ളവരാണ്. മൂന്നു പേർക്ക് 35 കഴിഞ്ഞു. ഈ ലോകകപ്പിൽ 18 ഗോളുകളാണ് ടീം നേടിയത്. ഇതിൽ ഏഴും സ്റ്റാർ സ്ട്രൈക്കർ ടോം ബൂണിന്റെ സ്റ്റിക്കിൽനിന്നാണ്. അഞ്ചു ഗോളുകളാണ് ബെൽജിയം വഴങ്ങിയത്.
തിരിച്ചുവരവിന്റെ ആശാന്മാരായ ജർമനിക്കെതിരെ ബെൽജിയത്തിന് ഫൈനൽ അത്ര എളുപ്പമല്ല. ഇംഗ്ലണ്ടിന്റെ ക്വാർട്ടർ ഫൈനലിലും ആസ്ട്രേലിയക്കെതിരെ സെമിയിലും 0-2ന് പിന്നിലായ ശേഷമാണ് തിരിച്ചടിച്ച് ജർമനി ജയിച്ചത്. 2016ലെ ഒളിമ്പിക്സിൽ സ്വർണം നേടിയ അർജന്റീന താരം ഗോൺസാലോ പീലറ്റ് നിലവിൽ ജർമനിയുടെ നിരയിലാണ്. സെമിയിൽ ആസ്ട്രേലിയക്കെതിരെ ഹാട്രിക് നേടി വിജയം നേടിക്കൊടുത്തത് പെനാൽറ്റി കോർണർ വിദഗ്ധൻ കൂടിയായ ഗോൺസാലോയായിരുന്നു. പൂൾ ‘ബി’യിൽ കളിച്ചപ്പോൾ ബെൽജിയവും ജർമനിയും 2-2 സമനിലയായിരുന്നു. മൂന്നാം സ്ഥാനത്തിനായി ഞായറാഴ്ച ആസ്ട്രേലിയയും നെതർലൻഡ്സും ഏറ്റുമുട്ടും.
ശനിയാഴ്ച ദക്ഷിണാഫ്രിക്കയെ 5-2ന് പരാജയപ്പെടുത്തിയ ഇന്ത്യ അർജന്റീനക്കൊപ്പം ലോകകപ്പിൽ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.