ലോകകപ്പ് ഹോക്കി: ഇന്ത്യക്ക് ക്രോസ് ഓവർ കടമ്പ
text_fieldsഭുവനേശ്വർ: ലോകകപ്പ് ഹോക്കിയിൽ നേരിട്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാമെന്ന ഇന്ത്യയുടെ ആഗ്രഹം തല്ലിക്കെടുത്തി വെയ്ൽസും ഇംഗ്ലണ്ടും. പൂൾ ഡിയിലെ അവസാന മത്സരത്തിൽ വെയ്ൽസിനെ 4-2നാണ് ആതിഥേയർ തോൽപിച്ചത്. ഇന്ത്യയെപ്പോലെ ഇംഗ്ലണ്ടിനും ഏഴ് പോയന്റാണുള്ളതെങ്കിലും ഗോൾ വ്യത്യാസത്തിന്റെ ബലത്തിൽ പൂൾ ജേതാക്കളായി ഇംഗ്ലീഷുകാർ നേരിട്ട് ക്വാർട്ടറിലേക്ക് മുന്നേറി. ക്വാർട്ടർ തേടി ഇന്ത്യക്ക് ക്രോസ് ഓവർ മത്സരം കളിക്കണം. ഞായറാഴ്ച നടക്കുന്ന കളിയിൽ പൂൾ സിയിലെ മൂന്നാം സ്ഥാനക്കാരായ ന്യൂസിലൻഡാണ് എതിരാളികൾ. ഇതിൽ ജയിക്കുന്നവർക്ക് അവസാന എട്ടിൽ ഇടംകിട്ടും.
താരതമ്യേന ദുർബലരായ വെയ്ൽസിനെ വലിയ വ്യത്യാസത്തിൽ മറികടന്നാൽ ഇന്ത്യക്ക് നേരിട്ട് ക്വാർട്ടറിലെത്താമായിരുന്നു. എന്നാൽ, കനത്ത വെല്ലുവിളിയാണ് എതിരാളികൾ ഉയർത്തിയത്. ഗോൾരഹിതമായിരുന്നു ആദ്യ ക്വാർട്ടർ. 22ാം മിനിറ്റിൽ ഷാംഷർ ആതിഥേയരുടെ അക്കൗണ്ട് തുറന്നു. മൂന്നാം ക്വാർട്ടറിൽ അക്ഷദീപ് (32) ആണ് രണ്ടാം ഗോൾ സ്കോർ ചെയ്തത്. എന്നാൽ, 43ാം മിനിറ്റിൽ ഗാരെത് ഫർലോങ്ങിലൂടെ ആദ്യ തിരിച്ചടി. 45ൽ ഡ്രാപ്പറും ഗോൾ നേടിയതോടെ സ്കോർ 2-2. 46ൽ അക്ഷദീപ് വീണ്ടും ഇന്ത്യയെ മുന്നിലെത്തിക്കുകയായിരുന്നു. കളിതീരാൻ നിമിഷങ്ങൾമാത്രം ശേഷിക്കെ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും (60) സ്കോർ ചെയ്ത് ലീഡുയർത്തി.
വ്യാഴാഴ്ച സ്പെയിനിനെ എതിരില്ലാത്ത നാലു ഗോളിന് തോൽപിച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടർ ടിക്കറ്റെടുത്തത്. ആദ്യ കളിയിൽ വെയ്ൽസിനെ 5-0ത്തിന് തകർത്ത ഇംഗ്ലീഷുകാർ ഇന്ത്യയുമായി ഗോൾരഹിത സമനില പിടിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ഗോൾവ്യത്യാസം ഒമ്പതും ഇന്ത്യയുടെത് നാലുമാണ്. വെയ്ൽസിനെതിരായ ജയം നൽകിയ മൂന്ന് പോയന്റ് മാത്രമാണ് പൂളിൽ സ്പെയിനിന്റെ സമ്പാദ്യം. പൂൾ സിയിലെ അവസാന മത്സരത്തിൽ നെതർലൻഡ്സ് മറുപടിയില്ലാത്ത 14 ഗോളിന് ചിലിയെ കശക്കി ക്വാർട്ടറിൽ പ്രവേശിച്ചു. മലേഷ്യ രണ്ടിനെതിരെ മൂന്നു ഗോളിന് ന്യൂസിലൻഡിനെ തോൽപിച്ചു. മൂന്നിൽ മൂന്നു മത്സരങ്ങളും ജയിച്ച് ഒമ്പത് പോയന്റുമായി പൂൾ ജേതാക്കളായാണ് ഡച്ചുകാരുടെ മുന്നേറ്റം. സിയിലെ രണ്ടാം സ്ഥാനക്കാരായ മലേഷ്യയും ഡി.യിൽ മൂന്നാമതെത്തിയ സ്പെയിനും ക്വാർട്ടർ തേടി ക്രോസ്ഓവർ റൗണ്ടിൽ ഞായറാഴ്ച ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.