ബെൽജിയത്തിനെതിരെ ഫൈനൽ സ്വപ്നങ്ങളിലേക്ക് ഇന്ത്യ സ്റ്റിക്കെടുക്കുന്നു; ഹോക്കി സെമി നാളെ രാവിലെ ഏഴിന്
text_fieldsടോക്യോ: വനിതകളുടെ ആവേശക്കുതിപ്പ് നെഞ്ചിലേറ്റി ഇന്ത്യൻ പുരുഷന്മാർ ചൊവ്വാഴ്ച ഹോക്കി സെമിഫൈനലിൽ ബെജിയത്തിനെതിരെ കളത്തിൽ. എതിരാളികളുടെ വലുപ്പവും ചരിത്രവുമൊന്നുമല്ല, കളത്തിലെ പോരാട്ടമാണ് വിധിനിർണയിക്കുകയെന്ന വനിതകൾ നൽകിയ വലിയ പാഠം മൻപ്രീത് സിങ്ങിനും സംഘത്തിനും വലിയ പ്രചോദനമാവും. 41വർഷത്തെ കാത്തിരിപ്പിനൊടുവിൽ സെമിയിലെത്തിയ ഇന്ത്യക്ക് ഇന്ന് ലോകചാമ്പ്യന്മാരായ ബെൽജിയത്തെ തോൽപിക്കാനായാൽ മെഡലുറപ്പിക്കം, ഒപ്പം ഹോക്കി അധ്യായത്തിൽ ഒരു ചരിത്രവും.
11 ഒളിമ്പിക്സ് മെഡലുകൾ നാട്ടിലെത്തിച്ചവരാണ് ഇന്ത്യ, അതിൽ എട്ടും സ്വർണം. പക്ഷേ, ആ ഇന്ത്യയല്ല ഇപ്പോഴുള്ളതെന്ന് നന്നായി അറിയാവുന്നതാണ് ലോക ഒന്നാം നമ്പറുകാരായ ബെൽജിയം. ഗ്രൂപ്പു ഘട്ടത്തിൽ ഒരു മത്സരവും തോൽക്കാതെയാണ് അവരുടെ കുതിപ്പ്. ക്വാർട്ടറിൽ സ്പെയിനിനെ 3-1ന് തോൽപിച്ചു. ഗ്രൂപ് റൗണ്ടിൽ 26 തവണ എതിരാളികളുടെ വലതുളച്ചവർ. ആറു പേരടങ്ങുന്ന രണ്ടു ഗ്രൂപ്പുകളിലും ഏറ്റവും കൂടുതൽ ഗോളടിച്ച ടീമും അവർതന്നെ. ഒപ്പം നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാർ കൂടിയാണ് ബെൽജിയം. 2016 റിയോ ഒളിമ്പിക്സിൽ നേർക്കുനേർ വന്നപ്പോൾ 3-1ന് ഇന്ത്യയെ ബെൽജിയം തറപറ്റിക്കുകയും ചെയ്തിരുന്നു. മഹിമ പറയാൻ ബെൽജിയത്തിന് ഒരുപാടുണ്ടെങ്കിലും 2019ൽ യൂറോപ്യൻ പര്യടനത്തിെൻറ കഥയാണ് ഇന്ത്യക്ക് പറയാനുള്ളത്. ബെൽജിയത്തിനെതിരെ അന്ന് കളിച്ച മൂന്ന് മത്സരങ്ങളിൽ മൂന്നും ഇന്ത്യ ജയിച്ചു.
2-0, 3-1, 5-1 എന്നിങ്ങനെയായിരുന്നു സ്കോർ. ഈ വർഷം മാർച്ചിലാണ് അവസാനമായി ഇന്ത്യ ബെൽജിയത്തിനെതിരെ കളിച്ചത്. അന്നും ജയം (3-1) ഇന്ത്യയോടൊപ്പം. ഈ കണക്കുകളാണ് ഇന്ത്യക്ക് നൽകുന്ന ആത്മവിശ്വാസം. 1972 മ്യൂണിക് ഒളിമ്പിക്സ് സെമിയിൽ പാകിസ്താനോട് തോറ്റതിനു ശേഷം ഇന്ത്യ ഇതുവരെ സെമി കണ്ടിട്ടില്ല. 1980ൽ മോസ്കോയിൽ ജേതാക്കളായെങ്കിലും അന്ന് സെമി ഫൈനലില്ലായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ എത്തിയ സുവർണ നിമിഷം മെഡലുറപ്പോടെ ആഘോഷമാക്കാനാണ് മൻപ്രീതും കൂട്ടരും കളത്തിലിറങ്ങുന്നത്. ക്വാർട്ടറിൽ 3-1ന് ബ്രിട്ടനെ തോൽപിച്ച മത്സരത്തിൽ മികച്ച സേവുകളുമായി തിളങ്ങിയ മലയാളി താരം പി.ആർ. ശ്രീജേഷിെൻറ പ്രകടനവും ഈ മത്സരത്തിൽ ഇന്ത്യക്ക് നിർണായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.