നാലിൽനിന്ന് പൂജ്യത്തിലേക്ക്; വനിത ഹോക്കിയിൽ നാണക്കേട്
text_fieldsമുംബൈ: ദേശീയ കായിക ഇനമായ ഹോക്കിയിൽ ഇന്ത്യൻ വനിത ടീം എക്കാലത്തും പ്രകടന മികവിൽ ഒരു പണത്തൂക്കം മുന്നിൽനിന്നവരാണ്. ടോക്യോ ഒളിമ്പിക്സിൽ നാലാമതെത്തിയ ടീം പക്ഷേ, ഇത്തവണ നിർണായക യോഗ്യത പോരാട്ടത്തിൽ ജപ്പാനു മുന്നിൽ കീഴടങ്ങി പാരിസ് ഒളിമ്പിക്സ് ടിക്കറ്റ് ലഭിക്കാതെ മടങ്ങുമ്പോൾ നാണക്കേട് ബാക്കി.
ഒരു മത്സരം പോലും ജയിക്കാനാകാതെ സ്വന്തം നാട്ടിൽ പരാജയമായിരുന്നു ജപ്പാൻ വനിതകൾ. മറുവശത്ത്, ഇന്ത്യ അവിടെ ചെന്ന് ഉയരങ്ങൾ തൊട്ടവരും. എന്നാൽ, മുൻ ഇന്ത്യൻ ഗോൾകീപ്പർ ജൂഡ് മെൻഡിസിനെ പരിശീലകനായി കൂട്ടിയ ജപ്പാൻ നിർണായക പോരിൽ ഇന്ത്യക്കുമേൽ കടന്നുകയറുകയായിരുന്നു.
ആദ്യ മൂന്നു സ്ഥാനക്കാർ പാരിസിലേക്ക് വണ്ടികയറുമെന്നതായിരുന്നു യോഗ്യത പോരാട്ടം തുടങ്ങുംമുമ്പുള്ള ചിത്രം. ആദ്യ കളിയിൽ യു.എസ്.എക്കു മുന്നിൽ വീണ ഇന്ത്യൻ പെൺപട ന്യൂസിലൻഡ്, ഇറ്റലി എന്നിവർക്കെതിരായ അടുത്ത രണ്ടു കളികളും ജയിച്ചു. സെമിയിൽ ജർമൻ കരുത്തുമായി മുഖാമുഖം നിന്നപ്പോൾ തോൽവിയായിരുന്നു ഫലം. അവസാനം മൂന്നാമന്മാരെ തേടിയുള്ള പോരാട്ടത്തിൽ ഒരു ഗോൾ ജയവുമായി ജപ്പാനും കടന്നുകയറിയപ്പോൾ ഇന്ത്യ കാഴ്ചക്കാരായി. സലിമ ടെറ്റെ, ഉദിത, ദീപിക, സംഗീത കുമാരി അടക്കം മികച്ച പ്രകടനം പ്രതീക്ഷിച്ചവർ പോലും അനിവാര്യ ഘട്ടത്തിൽ കളി മറന്നതാണ് ഇന്ത്യക്ക് വിനയായത്. എതിർ പ്രതിരോധത്തിന്റെ കെട്ട് പൊട്ടിക്കുന്നതിലെ വൻ വീഴ്ചകളും എതിരാളികൾക്ക് അവസരമായി. വന്ദന കടാരിയ, ഗുർജിത് കൗർ, ദീപ് ഗ്രേസ് എക്ക തുടങ്ങിയവരുടെ അസാന്നിധ്യം കൂടിയായത് കാര്യങ്ങൾ കൈവിടുന്നത് എളുപ്പമാക്കി.
2022 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ സ്ഥാനം ഒമ്പതായിരുന്നു. അന്ന് നേരിട്ട് യോഗ്യത നഷ്ടപ്പെട്ടവർ അവസാനം യോഗ്യത പോരാട്ടത്തിലും വീണതോടെ ഇനി മാർഗമില്ലെന്നതാണ് സ്ഥിതി. ഇന്ത്യയുടെ നേരത്തെയുള്ള മടക്കം കോച്ച് ജാനിക് ഷോപ്മാന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.