ലോകകപ്പ് ഹോക്കിയിൽ ജയത്തോടെ തുടങ്ങി ഇന്ത്യ; സ്പെയിനിനെ 2-0ന് തോൽപിച്ചു
text_fieldsറൂർക്കേല: ലോകകപ്പ് ഹോക്കിയിൽ ആതിഥേയരായ ഇന്ത്യക്ക് വിജയത്തുടക്കം. പൂൾ ‘ഡി’യിൽ സ്പെയിനിനെ 2-0ത്തിന് കീഴടക്കിയാണ് ഇന്ത്യ വിജയമാഘോഷിച്ചത്. വൈസ് ക്യാപ്റ്റൻ അമിത് രോഹിദാസും (12ാം മിനിറ്റ്) ഹാർദിക് സിങ്ങുമാണ് (26ാം മിനിറ്റ്) സ്കോറർമാർ.
ഇംഗ്ലണ്ട്-വെയ്ൽസ് മത്സരം കാരണം ഇന്ത്യ-സ്പെയിൻ പോരാട്ടം അൽപം വൈകിയാണ് തുടങ്ങിയത്. ആദ്യ പാദത്തിന്റെ തുടക്കത്തിൽ ഇരുടീമുകളും കാര്യമായ ആക്രമണങ്ങൾക്ക് മുതിർന്നില്ല. പിന്നീട് തുടർച്ചയായ പെനാൽറ്റി കോർണറുകളുമായി ആതിഥേയർ സമ്മർദം ശക്തമാക്കി. ക്യാപ്റ്റൻ ഹർമൻ പ്രീതിന്റെ പെനാൽറ്റി കോർണറിൽനിന്ന് റീബൗണ്ട് ചെയ്ത പന്താണ് അമിത് രോഹിദാസ് ഗോളാക്കി മാറ്റിയത്. രണ്ടാം പാദത്തിന്റെ തുടക്കത്തിൽ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിനെ ബെഞ്ചിലേക്ക് തിരിച്ചുവിളിച്ചു.
യുവതാരം ക്രിഷൻ പഥക് പകരമിറങ്ങി. പിന്നാലെ സ്പെയിനിന്റെ ആദ്യ പെനാൽറ്റി കോർണർ പഥക് രക്ഷപ്പെടുത്തി. തുടർന്നായിരുന്നു ഇടതു വിങ്ങിലൂടെ തകർപ്പൻ നീക്കത്തിലൂടെ ഹാർദിക് സിങ്ങിന്റെ ഫീൽഡ് ഗോൾ. കളിയുടെ മൂന്നാം പാദത്തിൽ ഇന്ത്യ നിരവധി അവസരങ്ങൾ കളഞ്ഞു. ഹർമൻ പ്രീത് സിങ്ങിന്റെ പെനാൽറ്റി സ്ട്രോക്ക് പാഴായത് കാണികളെ നിരാശപ്പെടുത്തി. പന്ത് ഗോൾലൈൻ കടന്നില്ലെന്ന് റഫറൽ വിഡിയോയിൽ വ്യക്തമായതോടെയാണ് റഫറി ഗോൾ നിഷേധിച്ചത്. അവസാന പാദത്തിൽ സ്പെയിൻ തിരിച്ചുവരവിനായി ശ്രമിച്ചെങ്കിലും ആതിഥേയരുടെ പ്രതിരോധം ശക്തമായി പിടിച്ചുനിന്നു. 10 മിനിറ്റ് ശേഷിക്കേ, രണ്ടാം മഞ്ഞക്കാർഡുമായി അഭിഷേക് പുറത്തായി. ഒരാൾ കുറഞ്ഞിട്ടും പിടിച്ചുനിന്ന ഇന്ത്യ 2-0ത്തിന്റെ വിജയം ഉറപ്പിച്ചു. ഇംഗ്ലണ്ടുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ലോക ഒന്നാം നമ്പർ സംഘമായ ആസ്ട്രേലിയ 8-0ത്തിന് ഫ്രാൻസിനെ തകർത്ത് തുടക്കം ഗംഭീരമാക്കി. പൂൾ ‘എ’യിലെ മത്സരത്തിൽ ജെറമി ഹേവാഡും ടോം ക്രെയ്ഗും ഹാട്രിക് നേടി. എട്ട്, 31, 44 മിനിറ്റുകളിലാണ് ക്രെയ്ഗ് സ്കോർ ചെയ്തത്. 26, 28, 38 മിനിറ്റുകളിലായിരുന്നു ഹേവാഡിന്റെ ഗോളുകൾ. ഒഗിൽവീയും വിക്ക്ഹാമും ഓരോ ഗോൾ വീതം നേടി. മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് 5-0ത്തിന് വെയ്ൽസിനെ പരാജയപ്പെടുത്തി. ദക്ഷിണാഫ്രിക്കയെ 1-0ത്തിന് അർജന്റീന തോൽപിച്ചു. 42ാം മിനിറ്റിൽ കാസല്ല മൈക്കോയാണ് വിജയഗോൾ നേടിയത്. തിങ്കളാഴ്ച ആസ്ട്രേലിയക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം. അതേ ദിവസം ദക്ഷിണാഫ്രിക്കയും ഫ്രാൻസും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.