‘വികലാംഗനായ മകന് ഉപജീവനം തേടിപ്പോയതായിരുന്നു അവൾ’- ഇറ്റലിയിലെ അഭയാർഥി ബോട്ട് ദുരന്തത്തിൽ മരിച്ച മുൻ പാക് ഹോക്കി താരത്തിന്റെ ഓർമയിൽ സഹതാരം
text_fieldsവികലാംഗനായ മകന്റെ ഉപജീവനത്തിന് വഴികളടഞ്ഞപ്പോഴായിരുന്നു ഷാഹിദ റാസ മറ്റെല്ലാം മറന്ന് ഇതുപോലൊരു വഴി തെരഞ്ഞെടുത്തത്. രാജ്യം വിട്ട് ഓടിപ്പോയാൽ മറ്റെല്ലാം നഷ്ടമാകുമെന്ന ആധി അല്ലലായി വേട്ടയാടിയിട്ടും അവൾ പിൻമാറിയില്ല. നാലു മാസം മുമ്പൊരു നാൾ ഇറാനിലേക്കും അവിടെനിന്ന് തുർക്കിയിലേക്കും കടക്കുമ്പോൾ മുന്നിലെ വലിയ ലക്ഷ്യം ഇറ്റലിയോ ആസ്ട്രേലിയയോ ആയിരുന്നു. എന്നാൽ, എല്ലാം പാതിവഴിയിൽ നിർത്തി ജീവനറ്റ് തിരമാലകൾക്കൊപ്പം ഇറ്റാലിയൻ കടൽത്തീരത്ത് വന്നടിയാനായിരുന്നു അവൾക്ക് വിധി.
ശിയാ വിഭാഗത്തിലെ ഹസാറ ന്യൂനപക്ഷ വിഭാഗക്കാരിയായതിനാൽ അഭയാർഥി പദവി ലഭിക്കാൻ വലിയ പ്രയാസമുണ്ടാകില്ലെന്ന് ഷാഹിദ വിശ്വസിച്ചുവെന്ന് മുമ്പ് കൂടെ കളിച്ച ഹോക്കി താരം സുമയ്യ ഖൈനാത് പറയുന്നു. ‘‘അവൾ മാത്രമായിരുന്നു ആ കുടുംബത്തിൽ തൊഴിൽ ചെയ്യുന്നവൾ. ‘‘ജോലിയായാൽ ആദ്യം മകനെ അങ്ങോട്ട് കൂട്ടുമെന്ന് അവൾ പറഞ്ഞിരുന്നു’’- ഖാത്തൂൻ പറഞ്ഞു. സംസാരവും ചലനവും സാധ്യമാകാത്ത അപൂർവ രോഗവുമായി പിറന്ന മകന് മൂന്നു വയസ്സാണ് പ്രായം.
വിധവയായ മാതാവും ഇളയ സഹോദരിയുമടങ്ങിയ കുടുംബം താമസിച്ച വീട് അടുത്തിടെ കൊടുങ്കാറ്റിൽ തകർന്നിരുന്നു. മെഡലുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളുമടക്കം താത്കാലികമായി കെട്ടിയുണ്ടാക്കിയ കുടിലിലായിരുന്നു ഉണ്ടായിരുന്നത്. അവിടെനിന്നാണ് ശരിയായ വിസ ലഭിക്കാൻ പ്രയാസമാകുമെന്ന് കണ്ട് മറ്റു മാർഗങ്ങളിലേക്ക് തിരിഞ്ഞത്.
കഴിഞ്ഞ ദിവസം ഇറ്റാലിയൻ തീരത്തുണ്ടായ അഭയാർഥി ബോട്ട് ദുരന്തത്തിൽ 60ലേറെ പേരാണ് മരിച്ചത്. 200 ഓളം അഭയാർഥികൾ കയറിയ ബോട്ട് ഇറ്റാലിയൻ തീരത്തിനരികെ കാറ്റിലും കോളിലും പെട്ട് പാറക്കൂട്ടങ്ങളിലിടിച്ച് തകരുകയായിരുന്നു. അഫ്ഗാനിസ്താനിൽനിന്നുള്ളവരാണ് മരിച്ചവരിലേറെയും.
പതിറ്റാണ്ടുകൾക്കിടെ ഏറ്റവും കടുത്ത തൊഴിലില്ലായ്മയാണ് പാകിസ്താനെ തുറിച്ചുനോക്കുന്നത്. തുർക്കി വഴിയാണ് അഭയാർഥികളിലേറെയും യൂറോപിലേക്ക് കടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.