പി.ആർ ശ്രീജേഷ് വീണ്ടും 'ലോകഗോളി'
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷിനും വനിത ടീം ഗോൾകീപ്പർ സവിത പുനിയക്കും അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ (എഫ്.ഐ.എച്ച്) ഗോൾ കീപ്പർ ഓഫ് ദ ഇയർ പുരസ്കാരം. തുടർച്ചയായ രണ്ടാം തവണയാണ് ഇരുവർക്കും ഈ ബഹുമതി ലഭിക്കുന്നത്. എഫ്.ഐ.എച്ച് പ്രോ ലീഗിൽ മൂന്നാം സ്ഥാനക്കാരായിരുന്ന ഇന്ത്യക്ക് വേണ്ടി ലീഗിൽ 16 മത്സരങ്ങൾ കളിച്ച ശ്രീജേഷ്, കോമൺവെൽത്ത് ഗെയിംസിൽ ടീമിന് വെള്ളിമെഡൽ നേടിക്കൊടുക്കുന്നതിലും നിർണായക പങ്കുവഹിച്ചിരുന്നു.
വർഷങ്ങൾ കടന്നുപോകുമ്പോഴും ശ്രീജേഷ് മികച്ച പ്രകടനം തുടരുകയാണെന്ന് ഹോക്കി ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു. 39.9 പോയന്റാണ് ശ്രീജേഷിന് കിട്ടിയത്. ഹോക്കി വിദഗ്ധരും ടീമുകളു ആരാധകരും മാധ്യമപ്രവർത്തകരുമാണ് ഓൺലൈൻ വോട്ടിലൂടെ വിജയികളെ കണ്ടെത്തിയത്. 250 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ശ്രീജേഷ്, ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ ഗോളിയാണ്. അടുത്ത വർഷം ഇന്ത്യയിൽ ലോകകപ്പ് നടക്കാനിരിക്കേ ഈ പുരസ്കാരം പ്രകടനം കൂടുതൽ മെച്ചപ്പെടുത്താൻ പ്രചോദനമാകുമെന്ന് ശ്രീജേഷ് പറഞ്ഞു.
37.6 പോയന്റുമായാണ് സവിത മകിച്ച വനിത ഗോളിയായത്. അർജന്റീനയുടെ ഇതിഹാസ താരം ബെലെൻ സുചിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് സവിതയുടെ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.