ചിങ്ങത്തിനു മുേമ്പ ഓണം പിറന്ന വീട്
text_fieldsമലയാളികൾക്ക് ഇക്കുറി ഓണസമ്മാനമായി ഒരു വെങ്കല മെഡലുണ്ട്. സുവർണ തിളക്കമുള്ള മെഡൽ. അതും കഴുത്തിൽ അണിഞ്ഞ് ടോക്യോ ഒളിമ്പിക്സ് നഗരിയിലെ ഹോക്കി ആസ്ട്രോ ടർഫിൽനിന്ന് പി.ആർ. ശ്രീജേഷ് കിഴക്കമ്പലം പള്ളിക്കരയിലെ പാറാട്ട് വീട്ടിലേക്ക് എത്തിയപ്പോൾ ചിങ്ങം പിറക്കും മുേമ്പ മലയാളക്കരയിൽ ഓണാഘോഷം തുടങ്ങി. 41 വർഷത്തെ കാത്തിരിപ്പിനു ശേഷം രാജ്യം നേടിയെടുത്ത ഹോക്കി ഒളിമ്പിക്സ് ജയത്തിെൻറ പൂവിളി മുഴങ്ങുന്ന ആഘോഷം.
പൊന്നാണ് ശ്രീജേഷ്
'അച്ഛന് ഹൃദയ പ്രശ്നങ്ങൾ ഉള്ളതാണ്. ഒളിമ്പിക്സ് മത്സരങ്ങൾ നടക്കുേമ്പാൾ ആകെയുള്ള ടെൻഷൻ അതുമാത്രമായിരുന്നു. എങ്കിലും പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല'- കിഴക്കമ്പലം പള്ളിക്കര പറാട്ട് വീട്ടിൽ മാതാപിതാക്കളായ പി.വി. രവീന്ദ്രനെയും ഉഷാകുമാരിയെയും ചേർത്തുനിർത്തി ശ്രീജേഷ് പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് വഴിനീളെ ജനാരവം കൊടുത്ത സ്വീകരണത്തിനുശേഷം വീട്ടിലെത്തിയ ശ്രീജേഷിനെ അലങ്കരിച്ച പന്തലിൽ കേക്കുമായാണ് ബന്ധുക്കൾ സ്വീകരിച്ചത്. രാജ്യത്തിെൻറ ഗോൾ പോസ്റ്റ് കാത്ത ആ കൈകളിൽ കയറിയിരിപ്പുറപ്പിച്ച മൂന്നര വയസ്സുകാരൻ ശ്രീആൻഷിന് ഏറെ നാൾക്കുശേഷം അച്ഛനെ അടുത്തുകിട്ടിയ സന്തോഷം. ഒപ്പം ഭാര്യ ഡോ. പി.കെ. അനീഷ്യയും മകൾ അനുശ്രീയും.
അച്ഛനോട് 'കണക്കുതീർത്തു'
മകന് ഒരു ഹോക്കി ഗോൾ കീപ്പർ കിറ്റ് വാങ്ങാൻ കറവപ്പശുവിനെ തന്നെ വിറ്റിട്ടുണ്ട് അച്ഛൻ രവീന്ദ്രൻ. 130 കോടി ജനത്തിെൻറ സുവർണ സ്വപ്നമായ ഒളിമ്പിക്സ് വെങ്കല മെഡൽതന്നെ സമ്മാനിച്ച് മകൻ ആ കണക്കുവീട്ടി. മകെൻറ നേട്ടത്തിന് കണ്ണീർ നനവുള്ള മുത്തം നൽകി അമ്മയുടെ സമ്മാനം. ചുറ്റും നിറയുന്ന ആഹ്ലാദാരവങ്ങൾക്ക് ഇടയിൽ സ്വന്തം വീടിെൻറ സ്നേഹത്തണലിൽ ഇക്കുറി ഓണം അറിഞ്ഞ് ആഘോഷിക്കുകയാണ് ശ്രീജേഷ്.
വിശ്വസിക്കാനാകാത്ത സ്വീകരണം
'ഒളിമ്പിക്സ് മെഡൽ നേടി തിരിച്ചെത്തിയപ്പോൾ അമ്പരപ്പിക്കുന്ന സ്വീകരണമാണ് ലഭിച്ചത്. ഏഷ്യൻ ഗെയിംസ് ജയിച്ച് വന്നപ്പോഴും വലിയ സ്വീകരണം ലഭിച്ചിരുന്നു. എന്നാൽ, വിമാനത്താവളം മുതൽ വീടുവരെ ഇപ്പോൾ കണ്ടത് വിശ്വസിക്കാനാകുന്നില്ല. ഒത്തിരി മാതാപിതാക്കൾ ഇനി ഹോക്കി കളിക്കാൻ മക്കളെ വിടും. അതിലൂടെയുള്ള നേട്ടത്തിന് ഉദാഹരണമായി ഞാനും ഈ മെഡലും ഉണ്ടാകും' -ശ്രീജേഷിെൻറ വാക്കുകൾ. കിഴക്കമ്പലം സെൻറ് ആൻറണീസ് എൽ.പി സ്കൂളിലും സെൻറ് ജോസഫ്സ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീജേഷിന് നാട്ടുകാർ നൽകിയതും ഹൃദയം നിറക്കുന്ന സ്വീകരണം തന്നെ. നാടൊന്നാകെ വീടിനു മുന്നിൽ ഒത്തുകൂടിയിരുന്നു.
ജീവിതം മാറ്റിയ ജി.വി രാജ സ്കൂൾ
സ്കൂൾകാലത്ത് ഓട്ടം, ലോങ് ജംപ്, വോളിബാൾ എന്നിവയായിരുന്നു പാറാട്ട് വീട്ടിലെ ഈ ഏക കായികതാരത്തിെൻറ ആദ്യയിനങ്ങൾ. 2000ത്തിൽ തെൻറ 12ാം വയസ്സിൽ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിൽ പ്രവേശനം ലഭിച്ചതോടെ ജീവിതം ഹോക്കിയുടെ ചതുരക്കളത്തിലേക്ക് വഴിമാറി.
2004ൽ ദേശീയ ജൂനിയർ ടീമിൽ അംഗമായി ആസ്ട്രേലിയയിലെ പെർത്തിൽ അന്താരാഷ്ട്ര മത്സരത്തിലേക്ക് ചുവടുകൾ വെച്ചു. കൊളംബോയിൽ 2006ൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിലൂടെ ദേശീയ സീനിയർ ടീമിലും വരവറിയിച്ചു. 2008ൽ ഇന്ത്യ ജൂനിയർ ഏഷ്യ കപ്പ് കിരീടം നേടിയപ്പോൾ ടൂർണമെൻറിലെ മികച്ച ഗോൾ കീപ്പറായി ശ്രീജേഷ്. 2011 മുതൽ ദേശീയ ഹോക്കി ടീമംഗം. 2013 ഏഷ്യ കപ്പിലും 2014, 2018 ചാമ്പ്യൻസ് ട്രോഫി ടൂർണമെൻറുകളിലും മികച്ച ഗോൾ കീപ്പറായി. 2016 ജൂലൈ 13ന് ദേശീയ ടീമിെൻറ ക്യാപ്റ്റൻ സ്ഥാനത്ത് എത്തി ലണ്ടനിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ വെള്ളിയും നേടി.
ഇതിനിടയിൽ ഹോക്കി ഇന്ത്യ ലീഗിൽ (എച്ച്.ഐ.എൽ) 38,000 ഡോളറിന് മുംബൈ മജീഷ്യൻസ് ശ്രീജേഷിനെ സ്വന്തമാക്കിയിരുന്നു. രണ്ട് സീസണിൽ അവർക്കുവേണ്ടി കളത്തിലിറങ്ങിയ ശ്രീജേഷിനെ 2015ൽ 69,000 ഡോളറിന് ഉത്തർപ്രദേശ് വിസാർഡ്സ് സ്വന്തമാക്കിയതോടെ എച്ച്.ഐ.എല്ലിലെ ഏറ്റവും വിലപ്പെട്ട ഗോളിയായി. 2016 റിയോ ഒളിമ്പിക്സിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായപ്പോഴും ടോക്യോ ലക്ഷ്യമിട്ടുള്ള പ്രയാണം തുടങ്ങിയിരുന്നു ശ്രീജേഷ് എന്ന പള്ളിക്കരക്കാരൻ ക്യാപ്റ്റന് കീഴിൽ ഇന്ത്യയുടെ ഹോക്കി ടീം. നിലവിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ചീഫ് സ്പോർട്സ് ഓർഗനൈസറാണ് ശ്രീജേഷ്.
മൂന്നുവർഷത്തിനു ശേഷം നടക്കുന്ന പാരിസ് ഒളിമ്പിക്സിലേക്കാണ് ഇനി ഈ താരത്തിെൻറ തയാറെടുപ്പുകൾ. അതിനും മുേമ്പ വരുന്നുണ്ട് നിരവധി ഇവൻറുകൾ. ഈ നേട്ടത്തിെൻറ ആഘോഷം കഴിയുേമ്പാൾ വീണ്ടും ട്രെയിനിങ് ക്യാമ്പിലേക്കുതന്നെ ശ്രീജേഷിെൻറ മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.