'എനിക്ക് രാഷ്ട്രീയത്തിൽ മാത്രമല്ല ഹോക്കിയിലുമുണ്ടെടാ പിടി'; ഗോൾകീപ്പറായി കൈയ്യടി നേടി പഞ്ചാബ് മുഖ്യമന്ത്രി
text_fieldsമൊഹാലി: തനിക്ക് രാഷ്ട്രീയത്തിൽ മാത്രമല്ല ഹോക്കിയിലും ഒരുകൈ നോക്കാൻ അറിയാമെന്ന് തെളിയിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി. മൊഹാലിയിലെ സ്റ്റേഡിയത്തിൽ ഗേൾകീപ്പർ കിറ്റണിഞ്ഞ് ഷോട്ട് തടുക്കുന്ന ചന്നിയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.
58കാരനായ ചന്നി വളരെ എളുപ്പത്തിൽ പന്ത് തടുത്തിടുന്നതായി ഇന്ത്യയുടെ മുൻ ഗോൾകീപ്പർ ബൽജിത് സിങ് ധഡ്വാൾ പറഞ്ഞു. അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയത്തിൽ മിന്നൽ സന്ദർശനം നടത്തിയ ചന്നി ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ചു.
'സർവകലാശാല തലത്തിൽ ഞാൻ ഒരു ഹാൻഡ്ബോൾ കളിക്കാരനായിരുന്നു. ഇന്ന് ഹോക്കി സ്റ്റേഡിയത്തിൽ ഈ യുവതാരങ്ങൾക്കൊപ്പം കളിക്കുമ്പോൾ വലിയ സന്തോഷം തോന്നി. ഈ യുവതാരങ്ങൾ ഹോക്കിയുടെ ഭാവിവാഗ്ദാനങ്ങളാണ്. കളിയോടുള്ള അവരുടെ സ്നേഹത്തിൽ ഞാൻ ആകൃഷ്ടനായി'-കളിക്കാരുമായി കണ്ടുമുട്ടിയ അനുഭവം ചന്നി ട്വിറ്ററിലൂടെ വിവരിച്ചു. ഗോൾകീപ്പറുടെ ജഴ്സിയിൽ കളിക്കാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചു.
ഗ്രൗണ്ടിലെത്തിയ ചന്നി കീപ്പിങ് ഗ്ലൗസണിഞ്ഞ് പോസ്റ്റിന് താഴെ നിന്ന ശേഷം യുവ താരങ്ങളോട് പന്ത് അടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. 'മുഖ്യമന്ത്രി അവരെ കാണുകയും അവരോടൊപ്പം കളി പരിശീലിക്കുകയും ചെയ്‌തത് യുവതാരങ്ങൾക്ക് പ്രചോദനമായി'- ചന്നിയുടെ സന്ദർശനം അവർക്ക് മറക്കാനാവാത്ത അനുഭവമാണെന്നും ധഡ്വാൾ കൂട്ടിച്ചേർത്തു.
ക്യാപ്റ്റൻ അമരീന്ദർ സിങ് രാജിവെച്ചതിന് പിന്നാലെ കഴിഞ്ഞ മാസമാണ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരമേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.