ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യക്ക് രണ്ടാം ജയം; സിംഗപ്പൂരിനെ തകർത്തത് 16-1ന്
text_fieldsഹാങ്ചോ: ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ ഹോക്കിയിൽ ഗോളടിമേളം തുടർന്ന ഇന്ത്യക്ക് പൂൾ എയിൽ തുടർച്ചയായ രണ്ടാം ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാക്കളായ ഇന്ത്യ ഒന്നിനെതിരെ 16 ഗോളുകൾക്ക് സിംഗപ്പൂരിനെ തകർത്തു. ആദ്യ മത്സരത്തിൽ ഉസ്ബകിസ്താനെ 16-0ത്തിന് തോൽപിച്ച ടീം രണ്ടു കളികളിൽ നേടിയത് 32 ഗോളുകൾ. വ്യാഴാഴ്ച നിലവിലെ ചാമ്പ്യന്മാരായ ജപ്പാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ചിരവൈരികളായ പാകിസ്താനും ബംഗ്ലാദേശുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ടു ടീമുകൾ സെമി കളിക്കും.
ആദ്യ മത്സരത്തിൽ വിശ്രമിച്ച നായകൻ ഹർമൻപ്രീത് സിങ്ങാണ് നാലു ഗോളുമായി ഗോളടിക്കാരിൽ മുന്നിൽ. മൻദീപ് സിങ് ഹാട്രിക് തികച്ചപ്പോൾ അഭിഷേകും വരുൺകുമാറും രണ്ടു ഗോൾ വീതം നേടി. ലളിത് കുമാർ, ഗുർജന്ത് സിങ്, വിവേക് സാഗർ, മൻപ്രീത് സിങ്, ശംഷേർ സിങ് എന്നിവരും ഗോൾ പട്ടികയിൽ ഇടം പിടിച്ചു. ദുർബലരായ സിംഗപ്പൂരിന് ഒരവസരവും നൽകാതെയായിരുന്നു ഇന്ത്യയുടെ കടന്നുകയറ്റം.
കളി മുഴുവൻ സിംഗപ്പൂരുകാരുടെ ബോക്സിലായിരുന്നെങ്കിലും തുടക്കത്തിൽ ലക്ഷ്യം പിഴച്ച ഇന്ത്യക്ക് ഇന്നലെ ആദ്യ ഗോളിന് 12 മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. ആദ്യ ക്വാർട്ടറിൽ ഒരു ഗോൾ മാത്രം നേടിയ ഇന്ത്യ തുടർന്നങ്ങോട്ട് ഗോളിലേക്ക് ഊളിയിടുകയായിരുന്നു. പകുതി സമയത്ത് ആറു ഗോളിന് മുന്നിലെത്തിയ ഇന്ത്യ രണ്ടാം പകുതിയിൽ പത്തു ഗോൾ കൂടി നേടി. ഇതിനിടയിൽ 53ാം മിനിറ്റിലെ തീർത്തും അപ്രതീക്ഷിതമായ പ്രത്യാക്രമണത്തിനിടയിൽ സക്കി സുൽക്കർനൈൻ അതുവരെ പോസ്റ്റിന് കീഴിൽ വിശ്രമത്തിലായിരുന്ന മലയാളി പി.ആർ. ശ്രീജേഷിനെ കീഴ്പ്പെടുത്തി.
ഗോൾവർഷത്തിനിടയിലും പെനാൽട്ടി കോർണറുകൾ ഉപയോഗപ്പെടുത്തുന്നതിൽ ഇന്ത്യ ഇന്നലെയും ഏറെ വീഴ്ച വരുത്തി. ലഭിച്ച 22 പെനാൽട്ടി കോർണറുകളിൽ എട്ടെണ്ണം മാത്രമാണ് ഗോളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.