എനിക്ക് ആഗ്രഹം രാഹുൽ ദ്രാവിഡിനെപ്പോലെയാകാൻ -ശ്രീജേഷ്
text_fieldsമസ്കത്ത്: രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പറായി തിളങ്ങിയ ശ്രീജേഷ് ജൂനിയർ ടീമിന്റെ പരിശീലകനായി തിളങ്ങിയ കാഴ്ചക്കാണ് കഴിഞ്ഞ ആഴ്ച ഒമാൻ സാക്ഷ്യം വഹിച്ചത്. പാരിസ് ഒളിംപിക്സിലെ വെങ്കല മെഡൽ നേട്ടത്തിനു പിന്നാലെ രാജ്യാന്തര ഹോക്കി ടീമിൽ നിന്ന് വിരമിച്ച ശ്രീജേഷ്, പിന്നീട് ഇന്ത്യൻ ജൂനിയർ ടീമിന്റെ പരിശീലകനാവുകയായിരുന്നു.
തുടർന്നുള്ള രണ്ട് ടൂർണമെന്റുകളിലും നേട്ടമുണ്ടാക്കി. മലേഷ്യയിൽ നടന്ന ജോഹർ കപ്പിലെ വെങ്കല നേട്ടമാണ് ആദ്യത്തേത്. ഒടുവിൽ പാകിസ്താനെ തോൽപ്പിച്ച് ഏഷ്യൻ ജൂനിയർ ഹോക്കി കിരീടം നേടിയിരിക്കുന്നു. പാകിസ്താനെ 5-3ന് കീഴടക്കിയ ഇന്ത്യ ചരിത്രത്തിൽ അഞ്ചാം തവണയാണ് ജൂനിയർ ഏഷ്യാകപ്പിൽ ചാമ്പ്യന്മാരാകുന്നത്. 2004, 2008, 2015, 2023 വർഷങ്ങളിലാണ് മുമ്പ് കിരീടം നേടിയത്. ഇതുവഴി അടുത്ത വർഷത്തെ ജൂനിയർ ലോകകപ്പിനും ഇന്ത്യ യോഗ്യത നേടി. ഭാവി പ്രവർത്തനങ്ങളെയും പ്രതീക്ഷകളെയും കുറിച്ച് ശ്രീജേഷ് ‘ഗൾഫ് മാധ്യമ’വുമായി പങ്കുവെക്കുന്നു.
ലക്ഷ്യം
നിലവിൽ ജൂനിയർ വേൾഡ് കപ്പാണ് ലക്ഷ്യമെങ്കിലും ജൂനിയർ ഏഷ്യ കപ്പും പ്രധാനം തന്നെ. ഇന്ത്യൻ ജൂനിയർ ടീമിൽ കളിക്കുന്നവർക്ക് ഇനിയും പ്രോത്സാഹനത്തിന്റെ ആവശ്യമുണ്ട്. ഗോൾ അടിക്കുന്നുണ്ടെങ്കിലും ഞാൻ ആഗ്രഹിക്കുന്ന രീതിയിലേക്ക് എത്തിയിട്ടില്ല.
അതിനുള്ള പ്രയത്നത്തിലാണ് ഇപ്പോൾ. ക്രിക്കറ്റിലെ രാഹുൽ ദ്രാവിഡിനെപ്പോലെയാകാനാണ് ആഗ്രഹം. കളിക്കാരനായും ക്യാപ്റ്റനായും തിളങ്ങിയ ദ്രാവിഡ്, ജൂനിയർ ടീമിനെ പരിശീലിപ്പിച്ചാണ് തുടങ്ങിയത്. പിന്നീട് സീനിയർ ടീമിന് ലോകകപ്പ് നേടിക്കൊടുത്തു.
പ്രതീക്ഷ
കേരളത്തിൽ ഹോക്കിയിൽ കഴിവുള്ള ഒരുപാട് കുട്ടികളുണ്ട്. പക്ഷേ, മാച്ച് എക്സ്പീരിയൻസാണ് ഇനി വേണ്ടത്. പുറത്തുള്ള അക്കാദമിയിൽ കളിച്ച് പരിചയമാണ് ആവശ്യം. മികച്ച എതിർ ടീമുകളോട് കളിച്ച അനുഭവ പാഠമാണ് ഇവിടുത്തെ കളിക്കാർക്ക് നഷ്ടമാകുന്നത്. അതേപോലെ പ്രധാനമാണ് പരിശീലനം. നല്ല ട്രെയിനിങ്ങും അധ്വാനവും ഉണ്ടെങ്കിൽ തീർച്ചയായും കേരളത്തിൽനിന്ന് ഇനിയും മികച്ച ഹോക്കി താരങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും. നമുക്ക് പ്രതീക്ഷിക്കാം.
ആഘോഷം
മറ്റ് മത്സരങ്ങളെ പോലെ ഹോക്കിയെ കാണികൾ ആഘോഷിക്കുന്നില്ലയെന്ന് തോന്നിയിട്ടില്ല. പ്രചരണം കുറവാകുന്നത് കൊണ്ടാണ് കാണികൾ കുറയുന്നത്. ഹോക്കിക്ക് പകരം ഇവിടെ ഒരു ക്രിക്കറ്റ് മാച്ച് ആസൂത്രണം ചെയ്യുമ്പോഴുള്ള പരസ്യവും പബ്ലിസിറ്റിയും കൂടുതലായിരിക്കില്ലേ.
പക്ഷേ അതുപോലെ ഹോക്കിക്ക് അത്ര പബ്ലിസിറ്റി ഉണ്ടാവാറില്ല. പക്ഷേ ഏതൊരു മാച്ച് ആണെങ്കിലും ഇന്ത്യയിൽ സ്റ്റേഡിയം നിറയെ ആളുകളുണ്ടാവും. അവരുടെ ആരവങ്ങളും പിന്തുണയും വളരെ വലുതാണ്. ഹോക്കി അത്ര ജനകീയമല്ലാത്ത രാജ്യങ്ങളിൽ മാത്രം കളിക്കളത്തിൽ കാഴ്ചക്കാരുടെ പിന്തുണ ഉണ്ടാവാറില്ല.
ഭാവി
രണ്ട് ഒളിമ്പിക്സ് മെഡൽ ആയി. മൂന്നാമത്തെ ഒളിമ്പിക്സിന് മെഡൽ കിട്ടുമെന്ന പ്രതീക്ഷയിലാണിപ്പോഴുള്ളത്. അതുപോലെ രണ്ടാമത് വേൾഡ് കപ്പ് നേടുമെന്ന പ്രതീക്ഷയുമുണ്ട്. 2026ൽ നടക്കുന്ന വേൾഡ് കപ്പ് ജയിക്കണം അല്ലെങ്കിൽ ടോപ്പ് 3ലെങ്കിലും വരണം എന്നാണ് എന്റെ ആഗ്രഹം. നിലവിൽ നമുക്ക് അതിനുള്ള കഴിവുള്ള കളിക്കാരുണ്ട്. ഇന്ത്യ ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
ആഗ്രഹം
കേരളത്തിലെ ഹോക്കി താരങ്ങൾക്ക് ഒരു അക്കാദമി തുടങ്ങണമെന്നുണ്ട്. ഗോൾ കീപ്പിങ് ക്യാമ്പുകൾ തുടങ്ങണം. സർക്കാറിന്റെ ഭാഗത്തുനിന്ന് തൊഴിലവസരങ്ങൾ വേണം. എന്നാലേ കളിക്കാർക്ക് ഹോക്കിയിലേക്ക് വരാൻ താൽപര്യമുണ്ടാവുകയുള്ളൂ. അതുപോലെ നിരവധി ടൂർണമെന്റുകൾ നടത്തിക്കൊണ്ടിരിക്കണം.
സന്ദേശം
ജീവിതത്തിൽ നമ്മുടെ ലക്ഷ്യമാണ് പ്രധാനം. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ മാതാപിതാക്കളുടെ പിന്തുണയും ശരിയായ പരിശീലകന്റെ നേതൃത്വവും കൂടി ഉണ്ടെങ്കിൽ ആർക്കും വിജയിക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.