വനിത ജൂനിയർ ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യക്ക് കന്നിക്കിരീടം
text_fieldsടോക്യോ: നാലു തവണ ജേതാക്കളായ ദക്ഷിണ കൊറിയയും ഇന്ത്യൻ കൗമാരപ്പെൺപടയുടെ കുതിപ്പിനു മുന്നിൽ മുട്ടുമടക്കി. വനിത ജൂനിയർ ഏഷ്യ കപ്പ് ഹോക്കി ഫൈനലിൽ 2-1 ജയവുമായി ഇന്ത്യക്ക് കന്നിക്കിരീടം.
ജപ്പാനിലെ കകമിഗഹാരയിൽ നടന്ന കലാശപ്പോരാട്ടത്തിൽ അന്നുവും നീലമുമാണ് വിജയികൾക്കായി ഗോൾ നേടിയത്. 2012ൽ റണ്ണറപ്പുകളായതായിരുന്നു ജൂനിയർ ഏഷ്യ കപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. ആകെ ഒമ്പതു ഗോൾ നേടിയ അന്നുവാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. കഴിഞ്ഞ തവണത്തെ ജേതാക്കളായിരുന്ന ചൈനയെ 2-1ന് തോൽപിച്ച് ജപ്പാൻ മൂന്നാം സ്ഥാനം നേടി. ഗോൾരഹിതമായ ആദ്യ ക്വാർട്ടറിനുശേഷം 22ാം മിനിറ്റിലാണ് പെനാൽറ്റി കോർണറിൽനിന്ന് അന്നുവിലൂടെ ആദ്യ ഗോളെത്തിയത്.
മൂന്നു മിനിറ്റിനുശേഷം പാർക് സിയോ യൂനിലൂടെ ദക്ഷിണ കൊറിയ സമനില പിടിച്ചു. 41ാം മിനിറ്റിലായിരുന്നു നീലത്തിന്റെ വിജയഗോൾ. മത്സരത്തിൽ ഇന്ത്യയേക്കാൾ അധികം അവസരങ്ങൾ കൊറിയക്കാർക്ക് ലഭിച്ചെങ്കിലും ഗോളായില്ല. 2012ലെ ഫൈനലിൽ ഇന്ത്യ ചൈനയോട് 2-5ന് തോൽക്കുകയായിരുന്നു. നാലു തവണ മൂന്നാം സ്ഥാനക്കാരായി. പൂളിലെ നാലിൽ മൂന്നു മത്സരങ്ങളും ജയിക്കുകയും ദക്ഷിണ കൊറിയയോട് സമനിലയിലാവുകയും ചെയ്താണ് ഇന്ത്യ ജപ്പാനെ നേരിടാൻ സെമിഫൈനലിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.