ഒളിമ്പിക്സിന് വരവെത്ര?, ചെലവെത്ര?
text_fieldsപാരിസ്: ഓരോ ഒളിമ്പിക്സും അതിന് കണക്കുകൂട്ടിയതിനെക്കാൾ പണച്ചെലവേറിയതാണെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. കായികലോകം ഒരു രാജ്യത്തേക്ക് (നഗരത്തിലേക്ക്) ചുരുങ്ങുമ്പോൾ ചെലവിന്റെ കാര്യങ്ങൾ കൃത്യമായി കണക്കുകൂട്ടാനാവില്ലെന്നതാണ് വസ്തുത. ഭാവിയിൽ ഒരു ഒളിമ്പിക്സ് സംഘടിപ്പിക്കാൻ ഏകദേശം 12 ബില്യൺ ഡോളർ (ഒരുലക്ഷം കോടി രൂപ) വേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിൽ ഏകദേശം 20 ബില്യൺ ഡോളർ (1.6 ലക്ഷം കോടി രൂപ) ചെലവായതായാണ് കണക്ക്. കോവിഡ് മഹാമാരിയെതുടർന്ന് 2020ൽ നിശ്ചയിച്ച ഒളിമ്പിക്സ് 2021ലേക്ക് മാറ്റിയതാണ് ചെലവ് വർധിക്കാൻ ഇടയാക്കിയത്.
ഫ്രാൻസ് ചെലവഴിക്കുന്നത് 39,778 കോടി രൂപ
പാരിസ് ഒളിമ്പിക്സ് സംഘാടക സമിതി 2022ൽ നടത്തിയ ബജറ്റ് അവലോകന പ്രകാരം 39,778 കോടി രൂപയാണ് (4.38 ബില്യൺ യൂറോ) ചെലവ് കണക്കാക്കുന്നത്. പൂർണമായും സ്വകാര്യ നിക്ഷേപമായാണ് ഫണ്ടിറക്കുന്നത്. ഇതിൽ ടി.വി സംപ്രേഷണാവകാശം ഉൾപ്പെടെ ഏകദേശം 10,894 കോടി രൂപ (1.2 ബില്യൺ യൂറോ) ഐ.ഒ.സി (ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി) വഹിക്കും. ടിക്കറ്റിങ്, ഹോസ്പിറ്റാലിറ്റി, ലൈസൻസിങ് വഴിയുള്ള ധനസമാഹരണം 12,711 കോടി രൂപയാണ് (1.4 ബില്യൺ യൂറോ). പങ്കാളിത്തത്തിലൂടെ ലഭിക്കുന്നത് 11,130 കോടി രൂപയാണ് (1.26 ബില്യൺ യൂറോ). മറ്റു വരുമാനമാർഗങ്ങളിലൂടെ 1,752 കോടി രൂപയുമാണ് (0.93 ബില്യൺ യൂറോ) പ്രതീക്ഷിക്കുന്ന ബജറ്റ്. ഒളിമ്പിക്സിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പാരാലിമ്പിക് ഗെയിംസ് ചെലവിന്റെ നാല് ശതമാനം പൊതുജനങ്ങളിൽനിന്ന് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഫണ്ട് സ്വകാര്യ മേഖലയിൽനിന്ന്
പാരിസ് ഒളിമ്പിക്സിന് വേദിയാകുമ്പോൾ അതിനു വേണ്ടിവരുന്ന ബജറ്റിന്റെ 100 ശതമാനവും സ്വകാര്യ മേഖലയിൽനിന്നാണ്. ഐ.ഒ.സി, പങ്കാളിത്ത കമ്പനികൾ, ഗെയിംസ് ടിക്കറ്റ് ഓഫിസ്, ലൈസൻസിങ് എന്നിവയിൽനിന്നാണ് ഫണ്ട് കണ്ടെത്തുന്നത്. ഒളിമ്പിക്സിന്റെ ഉദ്ഘാടന-സമാപന പരിപാടികൾ, മത്സരങ്ങൾ സംഘടിപ്പിക്കുക, കായികതാരങ്ങൾക്ക് സൗകര്യമൊരുക്കുക, സുരക്ഷ സന്നാഹം തുടങ്ങി ഓരോ ചെലവും ബജറ്റിൽ ഉൾക്കൊള്ളുന്നു. അടിസ്ഥാന സൗകര്യങ്ങൾക്കായാണ് ഫണ്ടിന്റെ ഭൂരിഭാഗവും വിനിയോഗിക്കേണ്ടി വരിക. 2008ൽ ബീജിങ്ങിൽ നടന്ന ഒളിമ്പിക്സിൽ ചൈന ചെലവഴിച്ച 45 ബില്യൺ ഡോളറിൽ (37,664 കോടി രൂപ) പകുതിയും ഗതാഗത സൗകര്യങ്ങളുടെ വികസനത്തിനായാണ് ചെലവഴിച്ചതെന്ന് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിൽ പറയുന്നു. 2011 സെപ്റ്റംബറിലെ ഭീകരാക്രമണശേഷം സുരക്ഷക്കും കൂടുതൽ പണം ചെലവഴിക്കേണ്ട സാഹചര്യമാണ്.
ഒളിമ്പിക്സിൽനിന്ന് ആതിഥേയർക്ക് ലാഭമുണ്ടോ?
പാരിസ് ഒളിമ്പിക്സിൽനിന്ന് ഫ്രാൻസിന് ഏകദേശം 12.2 ബില്യൺ ഡോളറിന്റെ (ഒരുലക്ഷം കോടിയിലധികം രൂപ) സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് ലിമോജസ് സർവകലാശാലയുടെ റിപ്പോർട്ടിൽ പറയുന്നത്. പുറമെ, കൂടുതൽ തൊഴിലവസരങ്ങൾ, വിനോദസഞ്ചാര വികസനം, നഗരങ്ങളുടെ ബ്രാൻഡിങ് മൂല്യം എന്നിവ മറ്റു നേട്ടങ്ങളാണ്.
അതേസമയം, അപകടസാധ്യതയും ഉണ്ടെന്നാണ് ഗ്രീസിന്റെ അനുഭവം. 2004ലെ ആതൻസ് ഒളിമ്പിക്സിനുശേഷം ആ രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലായി. ഐ.ഒ.സിയുടെ സാമ്പത്തിക സഹായം ഉണ്ടായിട്ടുകൂടിയായിരുന്നു ഈ അവസ്ഥ. 2032ലെ ഒളിമ്പിക്സിനായി ഇന്ത്യ ശ്രമം തുടങ്ങിയിരുന്നെങ്കിലും ഫലം കണ്ടില്ല. ആസ്ട്രേലിയയിലെ ബ്രിസ്ബേനാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2036ൽ ആതിഥേയത്വം വഹിക്കാനാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.