‘നിങ്ങൾ ഇന്ത്യൻ ടീമിനെ ഇനിയും ഉയരങ്ങളിലെത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്’; ആദ്യ മത്സരത്തിനൊരുങ്ങവെ ഗംഭീറിന് ദ്രാവിഡിന്റെ വൈകാരിക സന്ദേശം
text_fieldsഇന്ത്യൻ പരിശീലകനായി ആദ്യ മത്സരത്തിനൊരുങ്ങവെ ഗൗതം ഗംഭീറിന് മുൻ കോച്ച് രാഹുൽ ദ്രാവിഡിന്റെ വൈകാരിക സന്ദേശം. ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങാനിരിക്കെയാണ് ദ്രാവിഡിന്റെ സർപ്രൈസ് സന്ദേശം. ബി.സി.സി.ഐയാണ് എക്സിൽ ഇതിന്റെ വിഡിയോ പങ്കുവെച്ചത്. ഇന്ത്യൻ ടീമിനൊപ്പമുള്ള തന്റെ സഞ്ചാരം അനുസ്മരിച്ച ദ്രാവിഡ് പുതിയ പ്രതീക്ഷകൾ പങ്കുവെക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
‘ഹലോ ഗൗതം... ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെന്ന ലോകത്തിലെ ഏറ്റവും ആവേശകരമായ ജോലിയിലേക്ക് സ്വാഗതം. സ്വപ്നങ്ങൾക്കതീതമായ രീതിയിൽ ഇന്ത്യൻ ടീമുമായുള്ള എന്റെ ജീവിതം അവസാനിപ്പിച്ചിട്ട് മൂന്നാഴ്ചയാകുന്നു. ടീമിനൊപ്പമുള്ള എന്റെ ഓർമകളും സൗഹൃദങ്ങളും മറ്റെന്തിനേക്കാളും ഞാൻ നിധിപോലെ സൂക്ഷിക്കും. നിങ്ങൾ ഇന്ത്യൻ പരിശീലകന്റെ ദൗത്യം ഏറ്റെടുക്കുമ്പോൾ, അതേ അനുഭവം തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. എല്ലാ സ്ക്വാഡിലും പൂർണ ഫിറ്റായ കളിക്കാരുടെ ലഭ്യത നിങ്ങൾക്ക് ഉണ്ടാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ. നിങ്ങൾക്കറിയാവുന്നതുപോലെ, പരിശീലകരെന്ന നിലയിൽ നമ്മൾ യഥാർഥത്തിൽ ഉള്ളതിനേക്കാൾ അൽപം കൂടി വിവേകവും മിടുക്കും കാണിക്കേണ്ടതുണ്ട്. നിങ്ങളുടെ സഹപ്രവർത്തകനെന്ന നിലയിൽ, മൈതാനത്ത് നിങ്ങൾ എല്ലാം നൽകുന്നത് ഞാൻ കണ്ടിട്ടുണ്ട്. നിങ്ങളുടെ ബാറ്റിങ് പങ്കാളിയും സഹ ഫീൽഡറും എന്ന നിലയിൽ, നിങ്ങളുടെ സഹിഷ്ണുതയും കീഴടങ്ങാൻ ഒരുക്കമല്ലാത്ത മനോഭാവവും ഞാൻ കണ്ടിട്ടുണ്ട്. പല ഐ.പി.എൽ സീസണുകളിലും വിജയിക്കാനുള്ള നിങ്ങളുടെ അഭിനിവേശവും യുവതാരങ്ങൾക്ക് നൽകുന്ന പിന്തുണയും ഫീൽഡിൽ നിങ്ങളുടെ ടീമിൽനിന്ന് മികച്ച പ്രകടനം പുറത്തെടുപ്പിക്കാനുള്ള ശ്രമങ്ങളുമെല്ലാം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്’ -ദ്രാവിഡ് പറഞ്ഞു.
‘ഇന്ത്യൻ ക്രിക്കറ്റിനെക്കുറിച്ച് നിങ്ങൾക്ക് എത്രത്തോളം അർപ്പണബോധവും അഭിനിവേശവുമുണ്ടെന്ന് എനിക്കറിയാം. ഈ ഗുണങ്ങളെല്ലാം പുതിയ ജോലിയിലേക്ക് നിങ്ങൾ കൊണ്ടുവരുമെന്ന് എനിക്കുറപ്പുണ്ട്. പ്രതീക്ഷകൾ ഉയർന്നതായിരിക്കും, സൂക്ഷ്മപരിശോധനകൾ തീവ്രമായിരിക്കും. എന്നാൽ ഏറ്റവും മോശം സമയങ്ങളിൽ പോലും, നിങ്ങൾ ഒരിക്കലും തനിച്ചായിരിക്കില്ല. നിങ്ങൾക്ക് കളിക്കാർ, മുൻ താരങ്ങൾ, സപ്പോർട്ട് സ്റ്റാഫ്, മാനേജ്‌മെൻ്റ് എന്നിവരുടെ പിന്തുണ ഉണ്ടായിരിക്കും. ഗൗതം, നിങ്ങൾക്ക് ആശംസകൾ നേരുന്നു. നിങ്ങൾ ഇന്ത്യൻ ടീമിനെ ഇനിയും ഉയരങ്ങളിലെത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്’ -ദ്രാവിഡ് കൂട്ടിച്ചേർത്തു.
ദ്രാവിഡിന്റെ സന്ദേശത്തോട് ഗംഭീറും വൈകാരികമായാണ് പ്രതികരിച്ചത്. ഞാൻ എപ്പോഴും നോക്കിക്കാണുന്ന ആളിൽനിന്ന് ലഭിച്ച ഈ സന്ദേശത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.
‘ഏറ്റവും നിസ്വാർഥനായ ക്രിക്കറ്റ് കളിക്കാരനും ഇന്ത്യൻ ക്രിക്കറ്റിന് ആവശ്യമായതെല്ലാം നൽകുകയും ചെയ്തയാളാണ് രാഹുൽ. ഞാൻ സാധാരണയായി വളരെയധികം വികാരാധീനനാകാറില്ല, എന്നാൽ ഈ സന്ദേശം എന്നെ വളരെയധികം വികാരഭരിതനാക്കിയെന്ന് ഞാൻ കരുതുന്നു, ഇതൊരു മികച്ച സന്ദേശമാണ്. തികഞ്ഞ സത്യസന്ധതയോടെയും സുതാര്യതയോടെയും എനിക്കെന്റെ ജോലി ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’ -ഗംഭീർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.