ജയിപ്പിക്കാനാണ് ഞാൻ വന്നത് -ബ്ലൂ സ്പൈക്കേഴ്സ് പരിശീലകൻ ദേജന് വുലിസിവിച്ച്
text_fieldsകൊച്ചി: കൊച്ചിയുടെ സ്വന്തം വോളിബാള്‍ ടീമായ ബ്ലൂ സ്പൈക്കേഴ്സ് കൊച്ചിയുടെ റൂപേ പ്രൈം വോളിബാള്‍ ലീഗിന്റെ മൂന്നാം സീസണിലേക്കുള്ള തയാറെടുപ്പ് അന്തിമ ഘട്ടത്തിലാണ്. 15ന് ചെന്നൈയില്‍ ആരംഭിക്കുന്ന ലീഗിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും കാത്തിരിക്കുന്നത്. ടീം രൂപവത്കരിച്ചശേഷം ആദ്യമായി ഒരു വിദേശ കോച്ചിനെ നിയമിച്ചത് ഇത്തവണത്തെ ലീഗില്‍ ടീമിനെ വ്യത്യസ്തമാക്കുന്നു. സെര്‍ബിയന്‍ കോച്ചായ ദേജന് വുലിസിവിച്ചാണ് പുതിയ പരിശീലകന്. സ്ലൊവേനിയ, ഇറാന്, ശ്രീലങ്ക, ചൈനീസ് തായ്പേയ്, സെര്‍ബിയ എന്നിവിടങ്ങളിലെ ദേശീയ ടീമുകളെയും നിരവധി ക്ലബ്ബുകളെയും പരിശീലിപ്പിച്ച വുലിസിവിച്ചിനുകീഴില് ആദ്യ കിരീടനേട്ടം സാധ്യമാകുമെന്ന വിശ്വാസത്തിലാണ് ബ്ലൂ സ്പൈക്കേഴ്സ്. 2019ലെ ഏഷ്യന്‍ മെന്‍സ് വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 23 വിഭാഗം ജേതാക്കളായ മ്യാന്മര് ടീമിന്റെ പരിശീലകനായിരുന്ന വുലിസിവിച്ചിന് ടീമില്‍ നല്ല വിശ്വാസമുണ്ട്. ജയത്തില്‍ കുറഞ്ഞൊന്നും താന്‍ ഈ ടീമില്‍നിന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
വോളിബാള്‍ എന്റെ ജീവന്
വോളിബാളിന് വേണ്ടിയാണ് എന്റെ ജീവിതം. വോളിബാള്‍ ഒരു ആഗോള കായിക ഇനമാണ്. ഫുട്ബാളിനെക്കാള്‍ കൂടുതല്‍ രാജ്യങ്ങള്‍ വോളിബാള്‍ ഫെഡറേഷനില്‍ അസോസിയേറ്റുകളാണ്. ഓരോ ടീമും സ്വന്തം കോര്‍ട്ടില്‍നിന്ന് മികച്ച കളി പുറത്തെടുത്ത് വിജയിക്കാന്‍ ശ്രമിക്കുന്നു. മൂന്ന് പാസുകള്‍ മാത്രം നടത്തി എതിരാളിയെ നിഷ്പ്രഭനാക്കാന്‍ ശ്രമിക്കുന്ന മനോഹരമായ കളിയാണ് വോളിബാള്‍.
പരിശീലന രീതി
ഞാന്‍ എന്റേതായ രീതിയിലാണ് പുതിയ ടീമിനെ പരിശീലിപ്പിച്ചത്. കഴിഞ്ഞ സീസണില്‍ ഏഴ് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ടീം ജയിച്ചത്. ഇത്തവണ അതിലും മികച്ച ടീമാണ്. അവരത് കോര്‍ട്ടില്‍ തെളിയിക്കും. ഒരു വലിയ ടീമിനെ വാര്‍ത്തെടുക്കാന്‍ വളരെ ചെറിയൊരു സമയമാണ് കിട്ടിയത്. അതിനാല്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. പുതിയ ടീമിനെ അവതരിപ്പിക്കാനാണ് എന്നോട് പറഞ്ഞത്. എന്നാല്‍ ഞാനിവിടെ തോല്ക്കാന് വന്നതല്ല, എല്ലാവിധത്തിലും ജയിക്കാനും ജയിപ്പിക്കാനും വന്നതാണ്. വിദേശ താരങ്ങള്‍ കൂടിയുള്ള ടീമില്‍ കളി വിജയിക്കാൻ എന്ത് ചെയ്യാനാകുമെന്ന് അവര്‍ക്കറിയാം.
വെല്ലുവിളികള്‍
ഇവിടുത്തെ ഭൂരിഭാഗം കളിക്കാരും ടെക്നിക്കുകള്‍ ഉപയോഗിക്കാതെ വൈല്‍ഡ് വോളിബാള്‍ കളിക്കുന്നവരാണ്. അത് പഴയകാലത്തെ വോളിബാള്‍ ആണ്. പുതിയ കാലത്തിനനുസരിച്ച് മാറേണ്ടതുണ്ട്. ഇന്ത്യയിലെ കളിക്കാര്‍ മികച്ച പോരാളികളാണ്. അവര്‍ പെട്ടെന്ന് കാര്യങ്ങള്‍ മനസ്സിലാക്കുന്നുവെന്നത് പരിശീലനം എളുപ്പമാക്കി. ഈ പരിശീലനം മറ്റ് കളിക്കാരെയും പുതിയ രീതിയില്‍ കളിക്കാന്‍ പ്രേരിപ്പിക്കും.
കോര്‍ട്ടുകളുടെ പോരായ്മയും ഇവിടുത്തെ വോളിബാളിന്റെ വെല്ലുവിളിയാണ്. ശ്രീലങ്കയിലെ ഇപ്പോഴത്തെ അവസ്ഥ എനിക്കറിയില്ല. പക്ഷേ, ഞാനവിടെയുണ്ടായിരുന്നപ്പോള് അവിടുത്തെ കളിക്കാര്‍ ടെക്നിക്കലി മികച്ചുനിന്നവരാണ്. ഇവിടുത്തെ കളിക്കാര്‍ക്ക് അവിടുത്തേതിലും മികച്ച കായികശേഷിയുണ്ട്. മികച്ച കോര്‍ട്ടുകളാണ് അവരുടെ ടെക്നിക്കല്‍ മികവിന് കാരണം. കുട്ടികള്‍ക്ക് ബ്ലോക്ക് ചെയ്യാനും അറ്റാക്ക് ചെയ്യാനുമുള്ള പൊക്കത്തെക്കാളും ടെക്നിക്കാണ് വേണ്ടത്. കോര്‍ട്ട് തന്നെയാണ് മികച്ച കളിക്കാരെ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.