‘അവന് ഇതിലും വലിയ അംഗീകാരം നൽകാൻ കഴിയില്ല’; ധോണിയാണോ രോഹിതാണോ മികച്ചവനെന്ന ചോദ്യത്തിന് രവിശാസ്ത്രി
text_fieldsക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചകളിലൊന്നാണ് ഇന്ത്യയുടെ മികച്ച നായകൻ ആരാണെന്നത്. ഇന്ത്യക്കായി ലോകകപ്പ് നേടിയ കപിൽ ദേവും എം.എസ് ധോണിയും രോഹിത് ശർമയുമാണ് ചർച്ചകളിൽ എപ്പോഴും മുന്നിൽ. എന്നാൽ, ധോണിയാണോ രോഹിതാണോ മികച്ചവനെന്ന് ചോദിക്കുമ്പോൾ ഐ.സി.സിയുടെ മൂന്ന് പ്രധാന ടൂർണമെന്റുകളിലും കിരീടം നേടിയ ധോണിക്കായിരിക്കും കൂടുതൽ പേരും മുൻഗണ നൽകുക. മുൻ ഇന്ത്യൻ താരവും പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രിയോട് ഈ ചോദ്യം വന്നപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയാണിപ്പോൾ ആരാധകർക്കിടയിലെ ചർച്ച. ഐ.സി.സി റിവ്യൂ ഷോക്കിടെ രവി ശാസ്ത്രി പറഞ്ഞ മറുപടി രോഹിത് ശർമക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണെന്നാണ് ആരാധകരുടെ പക്ഷം.
ധോണിക്കൊപ്പം എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായി അവനുമുണ്ടാകുമെന്നും വൈറ്റ്ബാൾ ക്രിക്കറ്റിലെ തന്ത്രങ്ങളുടെ കാര്യത്തിൽ ഇരുവരും തുല്യരാണെന്നും രവിശാസ്ത്രി പറഞ്ഞു. രോഹിതിന് ഇതിലും വലിയ അംഗീകാരം നൽകാൻ കഴിയില്ലെന്നും കാരണം എം.എസ് എന്താണ് ചെയ്തതെന്നും അദ്ദേഹം നേടിയ കിരീടങ്ങളേതൊക്കെയെന്നും നിങ്ങൾക്കറിയാമെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.
‘ഒരു തന്ത്രജ്ഞൻ എന്ന നിലയിൽ രോഹിത് മികച്ചവനാണെന്ന് മറക്കരുത്. ധോണിക്കൊപ്പം എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായി അവനുമുണ്ടാകും. ആരാണ് മികച്ചതെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, വൈറ്റ്ബാൾ ക്രിക്കറ്റിലെ തന്ത്രങ്ങളുടെ കാര്യത്തിൽ ഇരുവരും തുല്യരാണെന്ന് ഞാൻ പറയും. രോഹിതിന് ഇതിലും വലിയ അംഗീകാരം നൽകാൻ കഴിയില്ല, കാരണം എം.എസ് എന്താണ് ചെയ്തതെന്നും അദ്ദേഹം നേടിയ കിരീടങ്ങളും നിങ്ങൾക്കറിയാം’ -എന്നിങ്ങനെയായിരുന്നു രവി ശാസ്ത്രിയുടെ പ്രതികരണം.
ധോണിക്ക് കീഴിൽ 2007ൽ ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം 2011ൽ ഏകദിന ലോകകപ്പും 2013ൽ ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കിയിരുന്നു. രോഹിതിന് കീഴിൽ 2023ലെ ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇന്ത്യ ഫൈനലിലെത്തിയപ്പോൾ 2024ലെ ട്വന്റി 20 ലോകകപ്പിൽ ജേതാക്കളാകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.