‘മെസ്സിയെ കാണാനും പരിചയപ്പെടാനും സാധിച്ചു’; മലപ്പുറം എഫ്.സി ലോഞ്ചിങ്ങിൽ കളിയാവേശം തുറന്നുപറഞ്ഞ് എം.എ. യൂസുഫലി
text_fieldsമലപ്പുറം: സൂപ്പർ ലീഗ് കേരള ക്ലബായ മലപ്പുറം എഫ്.സിയുടെ ഗ്രാൻഡ് ലോഞ്ചിങ് ഉദ്ഘാടന വേദിയിൽ ഫുട്ബാളിനോടുള്ള ഇഷ്ടവും ആത്മബന്ധവും തുറന്നുപറഞ്ഞ് ലുലു ഗ്രൂപ് ചെയർമാൻ ഡോ. എം.എ. യൂസുഫലി. ഖത്തറിൽനടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ ലയണൽ മെസ്സിയെ കാണാനും പരിചയപ്പെടാനും സാധിച്ചെന്നും ഫൈനൽ കാണാൻ ഒരുപാട് മലയാളി കുടുംബങ്ങൾ ഉണ്ടായിരുന്നത് നമ്മുടെ ഉള്ളിൽ ഫുട്ബാൾ ഉണ്ടെന്നാണ് ഓർമിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്പത്തിൽ തേഞ്ഞിപ്പലത്ത് സന്തോഷ് ട്രോഫി മത്സരം കാണാൻ പോയ സുന്ദര ഓർമ ഇപ്പോഴുമുണ്ട്. മുമ്പ് നാഗ്ജി, നെഹ്റു തുടങ്ങിയ നിരവധി ടൂർണമെൻറുകൾ നമുക്കുണ്ടായിരുന്നു. കുട്ടികളെ കളിയുടെ ലോകത്തേക്ക് കൊണ്ടുവരണം. ഇപ്പോഴത്തെ തലമുറ ഡിജിറ്റൽ ലോകത്താണ്. യുവതലമുറക്ക് രോഗങ്ങൾ കൂടുതലാണ്. ഇതിനുള്ള തിരുത്തായി ഇത്തരം ക്ലബുകൾ മാറണം. എം.എഫ്.സി വിജയിക്കുമെന്ന് പ്രതീക്ഷയുണ്ട്. പ്രാർഥനയോടെ കൂടെയുണ്ടാകും. കളിയിൽ ജയിക്കാം, തോൽക്കാം. പക്ഷേ, നന്നായി കളിക്കണം എന്നാണ് ടീമിനോടും കോച്ചിനോടും പറയാനുള്ളത്. കിരീടം ഉയർത്തിയാൽ മലപ്പുറം എഫ്.സിക്ക് തന്റെ വക ഗംഭീര സമ്മാനമുണ്ടാകുമെന്നും യൂസുഫലി വാഗ്ദാനം ചെയ്തു.
എം.എസ്.പി ഗ്രൗണ്ടിൽ ഉത്സവാന്തരീക്ഷത്തിൽ നടന്ന മലപ്പുറം എഫ്.സി ലോഞ്ചിങ്ങിന് സാക്ഷ്യംവഹിക്കാൻ ആയിരങ്ങളാണ് എത്തിയത്. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ടീമിന്റെ ചീഫ് പാർട്ണറായി എം.എ. യൂസുഫലിയെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. ടീം ജഴ്സി പ്രകാശനം യൂസുഫലിയുടെ പേരെഴുതിയ ജഴ്സി നൽകി മുൻ മന്ത്രി പാലോളി മുഹമ്മദ്കുട്ടി നിർവഹിച്ചു. അൻവർ അമീൻ ചേലാട്ട്, കലക്ടർ വി.ആർ. വിനോദ്, കെ.എഫ്.എ പ്രസിഡൻറ് നവാസ് മീരാൻ, ക്ലബ് പ്രമോട്ടർമാരായ ആഷിഖ് കൈനിക്കര, അജ്മൽ ബിസ്മി, എ.പി. ഷംസുദ്ദീൻ, കെ.ആർ. ബാലൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.