പോയ് വരുമ്പോൾ അമ്മ പൊന്നു കൊണ്ടുവരും...
text_fieldsരണ്ട് വയസ്സുപോലും തികയാത്ത ഇരട്ടക്കുഞ്ഞുങ്ങളെ വിട്ട് ചൈനയിലേക്ക് പറക്കുമ്പോൾ ഒരു ‘അമ്മ കുറ്റബോധം’ സ്ക്വാഷിൽ ഇന്ത്യയുടെ വിഖ്യാത താരമായ ദീപിക പള്ളിക്കലിനെയും അലട്ടിയിരുന്നു. എന്നാൽ, വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഒന്നും വിഘാതമാവരുതെന്ന നിശ്ചയദാർഢ്യത്തിൽ നിന്നെടുത്ത തീരുമാനത്തിന് സുവർണഫലമുണ്ടായതിൽ ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്യുകയാണ് 32കാരി ഇപ്പോൾ.
മലയാളിയായ ദീപികക്ക് ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വർണം ലഭിച്ചു മിക്സഡ് ഡബ്ൾസിൽ. ഹരീന്ദർപാൽ സിങ് സന്ധുവിനൊപ്പമാണ് താരം പൊന്നണിഞ്ഞത്. രണ്ട് ആൺകുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ് ദീപികയും ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കും.
കോട്ടയത്തുകാരിയായ ദീപിക 2015ലാണ് കാർത്തിക്കിനെ വിവാഹം കഴിച്ചത്. 2021 ഒക്ടോബർ 18ന് മക്കളായ കബീറും സിയാനും പിറന്നു. ‘‘ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ത്യജിച്ചു. എന്നാൽ അതിനർഥം സ്വപ്നങ്ങൾ ഉപേക്ഷിക്കണം എന്നല്ല. സ്ത്രീകൾ ശാക്തീകരിക്കപ്പെടേണ്ടത് പ്രധാനമാണ്.
കൂടാതെ നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ സമയമെടുക്കുന്നതും ശരിയായ കാര്യമാണ്’’-നാല് വർഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ദീപിക പറഞ്ഞു. ‘‘കുട്ടികളുണ്ടായ ശേഷം സ്പോർട്സിലേക്ക് മടങ്ങുമ്പോൾ കുറ്റബോധം ഉണ്ടാവും. രണ്ടാഴ്ചത്തേക്ക് എന്റെ കുട്ടികളെ വിട്ടുപോന്ന ഞാനത് അനുഭവിക്കുന്നു.
എന്റെ അമ്മ ഹാങ്ചോയിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നില്ല, മറിച്ച് രാജ്യത്തിനും തങ്ങൾക്കും വേണ്ടി ഒരു മെഡൽ നേടുന്നതിനായി പ്രവർത്തിക്കുകയായിരുന്നുവെന്ന് വളരുമ്പോൾ അവർ മനസ്സിലാക്കും.’’-താരം തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.