ബർഷിം പൊന്നാവട്ടെ; നാലാം സ്വർണച്ചാട്ടത്തിന് ഇന്ന് തുടക്കം
text_fieldsദോഹ: കഴിഞ്ഞ പത്തു വർഷത്തോളമായി ഹൈജംപിലെ രാജകിരീടം താഴെവെക്കാതെ ഖത്തറിന്റെ മുഅതസ് ബർഷിം വീണ്ടും ജംപിങ് പിറ്റിൽ. ശനിയാഴ്ച ഹംഗറിയിലെ ബുഡപെസ്റ്റിൽ തുടക്കം കുറിച്ച ഐ.എ.എ.എഫ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കായികപ്രേമികളുടെ കണ്ണുകളത്രയും ഖത്തറിന്റെ മുത്തായ മുഅ്തസ് ഈസ ബർഷിമിലേക്കാണ്. ലോക ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി നാലാം സ്വർണത്തിലേക്ക് ഉയരത്തിൽ ചാടി ചരിത്രത്തിലിടം നേടാനുള്ള തയാറെടുപ്പിലാണ് താരം.
2017ൽ ലണ്ടൻ, 2019ൽ ദോഹ, 2022 യൂജിൻ ലോക ചാമ്പ്യൻഷിപ്പുകളിൽ തുടർച്ചയായി പൊന്നണിഞ്ഞ ബർഷിം, നാലാം സ്വർണത്തിനായി ഞായറാഴ്ചയാണ് യോഗ്യത റൗണ്ടിൽ ചാടാനിറങ്ങുക. ചൊവ്വാഴ്ചയാണ് ഹൈജംപ് ഫൈനൽ.
നിലവിലെ ഒളിമ്പിക്സ് ചാമ്പ്യൻ, തുടർച്ചയായി മൂന്ന് ലോക ചാമ്പ്യൻഷിപ് ജേതാവ് എന്നീ പട്ടങ്ങളോടെയാണ് ബർഷിം സീസണിലെ ഏറ്റവും വലിയ പോരാട്ടത്തിനായി പിറ്റിലെത്തുന്നത്. ഏതാനും ഡയമണ്ട് ലീഗ് സീസൺ പോരാട്ടങ്ങളുടെ കരുത്തുമായി താരം മാറ്റുരക്കുമ്പോൾ ഖത്തറിലെ ആരാധകരും പ്രതീക്ഷയിലാണ്.
ഈ സീസണിൽ അധികം മത്സരിക്കാനിറങ്ങിയിട്ടില്ലെന്നും എന്നാൽ മുന്നേറാൻ ഏറെയുണ്ടെന്നും ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ബർഷിം പറഞ്ഞു. വ്യത്യസ്തമായ ഒരു ഹൈജംപറാണ് താനെന്നും തന്റെ ശരീരത്തെക്കുറിച്ച് നല്ലവണ്ണം അറിയാമെന്നും വ്യക്തമാക്കിയ ബർഷിം, അതിനാൽ എപ്പോൾ എവിടെ മത്സരിക്കണമെന്ന് നന്നായി മനസ്സിലായിട്ടുണ്ടെന്നും എല്ലായ്പോഴും എല്ലായിടത്തും പോയി മത്സരിക്കുന്നതിനെക്കുറിച്ചല്ല പറയുന്നതെന്നും കൂട്ടിച്ചേർത്തു.
മത്സരിക്കാൻ വേണ്ടത് പരിശീലനമാണ്. ഒരു മത്സരത്തിന്റെ ഫലം ആശ്രയിച്ചിരിക്കുന്നത് അതിന് മുന്നോടിയായുള്ള പരിശീലനത്തെയാണ്. ഞാൻ മത്സരിക്കുന്നില്ലെങ്കിൽ അതിനർഥം മികച്ച പരിശീലനം നടത്തിയിട്ടില്ലെന്നാണ് -ബർഷിം വിശദീകരിച്ചു. 2017 ലണ്ടൻ ലോക ചാമ്പ്യൻഷിപ് മുതൽ എല്ലാ ഹൈജംപ് ഫൈനലുകളിലും സ്വർണം നേടിയ ബർഷിം, ഒളിമ്പിക്സിൽ ലണ്ടനിലും റിയോയിലും വെള്ളിയും ടോക്യോവിൽ സ്വർണവും നേടി.
ഒളിമ്പിക്സ് സ്വർണമെന്ന തന്റെ ചിരകാല സ്വപ്നമാണ് ടോക്യോവിൽ 32കാരനായ താരം സാക്ഷാത്കരിച്ചത്. സാങ്കേതികത്തികവിലും അച്ചടക്കത്തിലുമാണ് ഹൈജംപ് നിലകൊള്ളുന്നതെന്ന് പറയുന്ന ബർഷിം, ജംപിനായി പാദരക്ഷകൾ തിരഞ്ഞെടുക്കുന്നതിൽ താൻ അതീവ ശ്രദ്ധാലുവാണെന്നും ചൂണ്ടിക്കാട്ടുന്നു.
എല്ലായ്പോഴും ശരിയായ ഷൂസ് വേണമെന്നത് എന്റെ നിർബന്ധമാണ്. ചക്രങ്ങളില്ലാത്ത വേഗമേറിയ കാറുകൾ നിങ്ങൾക്കുണ്ടെങ്കിൽ അതുവെച്ച് നിങ്ങൾക്കാ കാർ ഓടിക്കാൻ സാധിക്കില്ല. ഹൈജംപറെ സംബന്ധിച്ച് ഷൂസും അതുപോലെ പ്രധാനപ്പെട്ടതാണ്.
എന്റെ ഷൂസാണ് എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നത്. തന്റെ വിജയവും സ്പോർട്സ് ഉപകരണവും തമ്മിലുള്ള ബന്ധം സൂചിപ്പിച്ച് ബർഷിം വ്യക്തമാക്കി. അതോടൊപ്പം, മത്സരത്തിനിടെ വാച്ച് ധരിക്കുന്ന ചുരുക്കം ചില അത്ലറ്റുമാരിൽ ഒരാളാണ് ബർഷിം. എനിക്കായി വികസിപ്പിച്ചെടുത്ത വാച്ച് ധരിച്ചാണ് ചാടുന്നത്. 32 ഗ്രാം മാത്രമുള്ള വളരെ ഭാരം കുറഞ്ഞ വാച്ച് എങ്ങനെയാണ് എനിക്ക് ഭാരമേറിയതാകുക -ബർഷിം പറഞ്ഞു.
ഈ വാച്ചും ഞാനുമായി വളരെയടുത്ത ബന്ധമാണുള്ളതെന്നും ഹൃദയത്തോട് ചേർന്നാണ് ഇതുള്ളതെന്നും വ്യക്തമാക്കിയ അദ്ദേഹം, ഈ വാച്ച് പ്രത്യേക ഊർജം നൽകുന്നുവെന്നും വാച്ചുമായി എനിക്കുള്ള വൈകാരിക ബന്ധം ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും പറഞ്ഞു. ദോഹ, ലണ്ടൻ ഡയമണ്ട് ലീഗുകളിൽ രണ്ടാമതെത്തിയ ബർഷിം, പോളണ്ടിൽ 2.36 ചാടി ഒന്നാമതെത്തിയിരുന്നു.
തൊടുമോ സോടോമയറെ?
ജൂലൈയിൽ നടന്ന ഡയമണ്ട് ലീഗ് പോളണ്ട് എഡിഷനിൽ 2.36 മീറ്റർ ചാടിയ ബർഷിം മികച്ച ഫോമിലാണിപ്പോൾ. ലണ്ടൻ ഡയമണ്ട് ലീഗിൽ 2.33 മീറ്റർ ചാടി രണ്ടാം സ്ഥാനത്തായിരുന്നു. ലോക ചാമ്പ്യൻഷിപ്, ഏഷ്യൻ ഗെയിംസ് തുടർന്ന് അടുത്ത വർഷം നടക്കുന്ന പാരിസ് ഒളിമ്പിക്സ് തുടങ്ങി മെഗാ മേളക്കായി പതിയെ തയാറെടുക്കുന്ന താരം ഓരോ മീറ്റിലും മെച്ചപ്പെട്ട പ്രകടനവുമായാണ് കുതിക്കുന്നത്.
ലോക ചാമ്പ്യൻഷിപ്പിലെ നാലാം സ്വർണം എന്നതിനൊപ്പം ഹൈജംപിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലോകം വാഴുന്ന താരമെന്ന നിലയിൽ ഇതിഹാസ ചാട്ടക്കാരൻ ഹാവിയർ സോടോമയറുടെ ലോക റെക്കോഡിലും ബർഷിമിന് ഒരു കണ്ണുണ്ട്. 1993ൽ സോടോമയർ കുറിച്ച 2.45 മീറ്ററാണ് ഇന്നും ലോക റെക്കോഡ്.
2014 ബ്രസൽസിൽ 2.43 മീറ്റർ ചാടി ഈ ദൂരത്തിന് അരികിൽ ബർഷിം എത്തിയെങ്കിലും 2.46 കുറിച്ച് റെക്കോഡിലേക്ക് ഉയരാനുള്ള ശ്രമം പരിക്കിൽ കലാശിക്കുകയായിരുന്നു. ബുഡപെസ്റ്റിൽ ശക്തരായ എതിരാളികൾക്കൊപ്പം മികച്ച മത്സരം ലഭിക്കുമ്പോൾ സോടോമയർ എന്ന റെക്കോഡ് മറികടക്കുമോ എന്നാണ് ബില്യൺ ഡോളറിന്റെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.