എന്റെ ഇടുക്കി: ഓർമകളിൽ കൊച്ചുമുല്ലക്കാനവുമായി പ്രീജ ശ്രീധരൻ
text_fieldsഇടുക്കിക്കാരിയായതിൽ ഒരുപാട് അഭിമാനമുണ്ട്. ഇടുക്കിയിൽ ജനിച്ചുവളർന്നതുകൊണ്ടാകാം ഒളമ്പിക്സിൽ വരെ എത്താനും ദീർഘദൂര ഓട്ടത്തിൽതന്നെ പങ്കെടുക്കാനും കഴിഞ്ഞത്. പരിശീലനത്തിന്റെ ഭാഗമായി പല രാജ്യങ്ങളിലും പോയിട്ടുണ്ട്. കെനിയയിൽ പോയപ്പോഴാണ് നമ്മുടെ ഭൂപ്രകൃതിയുമായി ഏറ്റവുമധികം സാമ്യം തോന്നിയത്. അന്നാട്ടുകാരോട് ഞാൻ ഇത് പങ്കുവെക്കുകയും ചെയ്തു. അവിടെ പരിശീലനം നടത്തിയ പല സ്ഥലങ്ങളും കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞതായിരുന്നു. ഇടുക്കിയിലെ കുന്നിലും മലകളിലും ഓടിയതുകൊണ്ടാണ് അതെല്ലാം നിഷ്പ്രയാസം മറികടക്കാനായത്. അതെല്ലാം സന്തോഷവും അഭിമാനവും നിറക്കുന്ന ഓർമകളാണ്.
രാജാക്കാട് കൊച്ചുമുല്ലക്കാനം എന്ന ഗ്രാമത്തിലാണ് ജനിച്ചത്. രാജാക്കാട് നിർമലഭവൻ സ്കൂൾ, ഗവ. ഹൈസ്കൂൾ, തൊടുപുഴ മുട്ടം ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. ഇപ്പോൾ പാലക്കാട് ഒലവക്കോടാണ് താമസം. റെയിൽവേയിൽ ചീഫ് ഓഫിസ് സൂപ്രണ്ടാണ്. ബന്ധുക്കൾ പലരും ഇടുക്കിയിലുണ്ട്. ഇടുക്കിക്കാരിയാണെങ്കിലും അവിടുത്തെ എല്ലാ സ്ഥലങ്ങളുമൊന്നും കണ്ടിട്ടില്ല. ഒളിമ്പിക്സിന് മുമ്പ് മൂന്നാറിൽ പരിശീലനമുണ്ടായിരുന്നു. അത് ഒരുപാട് ഗുണംചെയ്തു. കോവിഡ് വരുന്നതിന് മുമ്പ് വർഷത്തിൽ ഒരിക്കലെങ്കിലും ഇടുക്കിയിൽ പോകുമായിരുന്നു.
കൊച്ചുമുല്ലക്കാനത്ത് ഞങ്ങളുടെ വീടിനടുത്ത് കാടായിരുന്നു. സ്കൂളിൽ പോകുമ്പോൾ ചേട്ടൻ കാട് കടത്തിവിടും. കായികരംഗത്ത് കഴിവുള്ള നിരവധി കുട്ടികൾ ഇടുക്കിയിലുണ്ട്. അവർക്ക് ഇന്ന് പലവിധ സൗകര്യങ്ങളുമുണ്ട്. പക്ഷേ, ഇന്നത്തെ കുട്ടികൾ കഷ്ടപ്പെടാൻ തയാറല്ല. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ തൊടുപുഴയിൽ നടന്ന ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗത്തിൽ മത്സരിച്ചത് ഓർക്കുന്നു. ആദ്യ ഓട്ടത്തിൽതന്നെ ഞാൻ വീണുപോയി. എങ്കിലും എഴുന്നേറ്റ് ഓടി. മൂന്നാംസ്ഥാനം ലഭിച്ചു. അധ്യാപകരടക്കം നിരവധി പേരുടെ സഹായമുണ്ടായിട്ടുണ്ട്. പലതവണ തോറ്റാലും അധ്യാപകർ എന്നെ മാറ്റിനിർത്തിയിട്ടില്ല. ആ പ്രോത്സാഹനവും പിന്തുണയുമെല്ലാം വളരെ വിലപ്പെട്ടതായിരുന്നു. എവിടെ പോയാലും ഇടുക്കിയെ മറക്കില്ല. മറ്റെവിടെയെങ്കിലും ആയിരുന്നെങ്കിൽ ഞാൻ ഈ ഫീൽഡിലേക്ക് വരുമെന്ന് പോലും ഉറപ്പില്ല. അത്രമാത്രം ഇടുക്കി എന്റെ ജീവിതവുമായി ചേർന്നുനിൽക്കുന്നു.
(ഇന്ത്യയുടെ ദീർഘദൂര ഓട്ടക്കാരിയായ പ്രീജ ശ്രീധരൻ 2010 ഏഷ്യൻ ഗെയിംസിൽ 10,000 മീറ്ററിൽ സ്വർണവും 5000 മീറ്ററിൽ വെള്ളിയും നേടിയിട്ടുണ്ട്. അർജുന അവാർഡ് ജേതാവാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.