എന്റെ ഇടുക്കി: ഓർമയുടെ ഗാലറിയിലെ ചിരിക്കുന്ന മുഖങ്ങൾ
text_fieldsമുൻ ഇന്ത്യൻ ജൂനിയർ ടീം നായകനായ പ്രദീപ് തന്റെ ഇടുക്കി ഓർമ്മകൾ പങ്കുവെക്കുകയാണിവിടെ. ..( 2007ലെ നെഹ്രു കപ്പ് ഫൈനലിൽ ഇന്ത്യയുടെ വിജയഗോൾ നേടി. ഇന്ത്യൻ അണ്ടർ 23 ടീമിനെ ക്യാപ്റ്റൻ ആയിരുന്നു)
മൂലമറ്റത്തെ എെൻറ തറവാട്ടിൽനിന്ന് 500 മീറ്റർ മാത്രമാണ് വൈദ്യുതി നിലയത്തിലേക്ക്. ചെറുപ്പം മുതൽ വീട്ടിൽ അടങ്ങിയിരിക്കുന്ന സ്വഭാവമില്ല. സ്കൂളിൽനിന്ന് വൈകീട്ട് വീട്ടിലെത്തി എന്തെങ്കിലും കഴിച്ചുവെന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തി ഒരോട്ടമാണ് മൂലമറ്റം സ്കൂൾ ഗ്രൗണ്ടിലേക്ക്. അവിടെ മുതിർന്ന ചേട്ടന്മാർ ഫുട്ബാൾ കളിക്കാൻ എത്തും മുമ്പ് പന്ത് കളിക്കലാണ് ഉദ്ദേശ്യം. കെ.എസ്.ഇ.ബി കോളനിയിലെ വികാസ് ഫുട്ബാൾ ക്ലബിലൂടെയാണ് പന്തുരുട്ടാൻ പഠിക്കുന്നത്. പതിയെ ക്ലബിൽ കയറിപ്പറ്റി. ഒരിക്കൽ ഫൈനലിലെത്തുകയും മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അന്ന് ബെല്ലി എന്ന ചേട്ടൻ രണ്ട് ബൂട്ട് വാങ്ങിത്തന്നത് ഒരിക്കലും മറക്കാനാവില്ല. അതായിരുന്നു ജീവിതത്തിലെ നിർണായക വഴിത്തിരിവും. വികാസ് ഫുട്ബാൾ ക്ലബ് വഴിയാണ് ജില്ലയിലെയും പുറത്തുമുള്ള നിരവധി കളിക്കാരെക്കുറിച്ചറിഞ്ഞത്. 90ലെ ലോകകപ്പ് കാണാൻ കൂട്ടുകാരുമായി പോയതും ഒരുമിച്ച് ആർപ്പുവിളിച്ചതുമൊക്കെ ഇപ്പോഴും ഓർമയിലുണ്ട്. കെ.എസ്.ഇ.ബി കോളനിയിലെ സുഹൃത്തുക്കൾക്കൊപ്പം എന്നെ ഫുട്ബാളുമായി അടുപ്പിച്ച ഒട്ടേറെ പേരുണ്ട് ഇടുക്കിയിൽ. തൊടുപുഴ യൂനിറ്റി സോക്കർ ക്ലബിലെ സലീംകുട്ടി അണ്ണനെയൊന്നും മറക്കാനാവില്ല. ഇടുക്കിയിൽനിന്ന് വളർന്നുവന്ന ഷൈനി ചേച്ചിയടക്കമുള്ളവരായിരുന്നു പ്രചോദനം. പഞ്ചായത്ത് ഫുട്ബാൾ മേളകൾക്ക് ജീപ്പ് വിളിച്ച് പോകുന്നതൊക്കെ വലിയ ആഘോഷമായിരുന്നു. യൂനിറ്റി സോക്കർ തൊടുപുഴക്കും ഇടുക്കിക്കുമായി പലതവണ കളിച്ചു. പിന്നെ ജൂനിയർ ഇന്ത്യൻ ക്യാമ്പിലെത്തി. എെൻറ ഓരോ വിജയത്തിലും നാട് തന്ന അഭിനന്ദനവും സ്നേഹവും മറക്കാനാവാത്തതാണ്.
കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫി നേടിയപ്പോഴും തൊടുപുഴയിലും നാട്ടിലുമൊക്കെ വലിയ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യൻ ടീമിൽ കളിച്ചപ്പോഴും 2007ൽ നെഹ്റുകപ്പ് നേടി വന്നപ്പോഴും നാട്ടുകാരും സുഹൃത്തുക്കളുമൊക്കെ സ്വീകരിക്കാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം കൂട്ടുകാരെയും ബന്ധുക്കളെയും കാണാൻ ഇടുക്കിയിലെത്താറുണ്ട്. അത് ഒരു നിർവൃതിയാണ്. അമ്മയും അനുജത്തിയും ബന്ധുക്കളുമൊക്കെ മൂലമറ്റത്തുണ്ട്.
ഇടുക്കിയെന്നാൽ എനിക്ക് എപ്പോഴും സന്തോഷം നൽകുന്ന കൂട്ടുകാരും ചിരിക്കുന്ന മുഖങ്ങളുമാണ്. ആളുകളെ പോലെ ഇടുക്കിയിലെ സ്ഥലങ്ങളും എന്നും ഓർമയിൽ തങ്ങിനിൽക്കുന്നു. പുള്ളിക്കാനം ഏറെ ഇഷ്ടമുള്ള സ്ഥലമാണ്. ഇടുക്കിയിൽ നല്ല ഗ്രൗണ്ടുകൾ വേണ്ടതുണ്ട്. ഇത് കുട്ടികളെ കായിക ഇനങ്ങളിൽ താൽപര്യമുള്ളവരാക്കും. അവസരം ലഭിച്ചാൽ വലിയ ഉയരങ്ങൾ താണ്ടാൻ കഴിവുള്ളവരാണ് അവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.