എന്റെ ഇടുക്കി: എന്നെ ഞാനാക്കിയ നാട്
text_fieldsഇടുക്കിയെ കുറിച്ച് കെ.എം. ബീനമോൾ (ഒളിമ്പ്യൻ) എഴുതുന്നു. ( (പത്മശ്രീ (2004) അർജുന അവാർഡ് , രാജീവ് ഗാന്ധി ഖേൽ രത്ന, രാഷ്ട്രപതിയുടെ പ്രത്യേക അംഗീകാരം, ബുസാൻ ഏഷ്യൻ ഗെയിംസിലെ മികച്ച ഇന്ത്യൻ താരം, ജി.വി രാജ അവാർഡ്, ജിമ്മി ജോർജ് അവാർഡ്, തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്) .
പണിക്കൻകുടിയിലെ കൊമ്പൊടിഞ്ഞാലിലായിരുന്നു കുട്ടിക്കാലം. ഇടുക്കിയെ സംബന്ധിച്ച് മനംനിറക്കുന്ന ഓർമകളാണ് എന്നുമുള്ളത്. ഇപ്പോൾ ജോലിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്താണ്. ഇടുക്കി വിട്ട് മറ്റിടങ്ങളിൽവന്ന് ജീവിക്കുമ്പോഴാണ് സ്വന്തം നാട് നമുക്ക് എത്രമേൽ പ്രിയപ്പെട്ടതാണെന്ന് ബോധ്യപ്പെടുക. പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിലായിരുന്നു പഠനം. അന്ന് നടന്നാണ് സ്കൂളിൽ പോയിരുന്നത്. നടന്നും ഓടിയും കളിച്ചും നടന്ന ഇടുക്കിയുടെ മൺവഴികളും കുന്നും താഴ്വാരങ്ങളുമാണ് തന്റെ കുഞ്ഞു കാലുകളെ ബലംവെപ്പിച്ചത്. അഞ്ച് കിലോമീറ്റർ നടന്നാണ് സ്കൂളിൽ പോയിരുന്നതും തിരികെ വന്നിരുന്നതും. നല്ല റോഡുപോലുമുണ്ടായിരുന്നില്ല. പുസ്തകക്കെട്ടും ചുമന്ന് കൂട്ടുകാരുമായി കളിച്ച് ചിരിച്ച് ദൂരങ്ങൾ താണ്ടുന്നത് ഞാനറിയാതെ കരുത്തേകുകയായിവരുന്നു. സഹോദരങ്ങളായ ബിജുവിന്റെയും ബിനുവിന്റെയും പാത പിന്തുടർന്നാണ് കായികരംഗത്തേക്ക് എത്തിയത്. ഇവരായിരുന്നു കുട്ടിക്കാലത്തെ എന്റെ ആവേശം. വലിയ കയറ്റവും ഇറക്കവും നിറഞ്ഞ വഴികളിലൂടെയാണ് സഹോദരങ്ങളും കൂട്ടുകാരുമായി ഓട്ട മത്സരങ്ങൾ വരെ നടത്തുമായിരുന്നു. ഇതായിരുന്നു ആദ്യ പരിശീലനം. ഇടുക്കിയുടെ ഭൂപ്രകൃതി കായികമേഖലയിൽ വളർച്ചക്ക് മുതൽക്കൂട്ടായിട്ടുണ്ട്. ഒന്നാം ക്ലാസുമുതൽ സ്കൂളിലെ ഓട്ട മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. എല്ലാ ക്ലാസിലെ കുട്ടികൾക്കും ആഴ്ചയിൽ രണ്ട് ദിവസം ഡ്രിൽ പിരീഡുണ്ടായിരുന്നു. സ്പോർട്സിൽ താൽപര്യമുള്ള കുട്ടികളെ കായിക അധ്യാപകർ കണ്ടെത്തിയിരുന്നത് ഈ മുക്കാൽ മണിക്കൂറിലാണ്. കഴിവുള്ളവരെ വിളിച്ച് പരിശീലനം നൽകും. സ്റ്റേഡിയമൊന്നുമില്ലാത്തതിനാൽ സ്കൂൾ മുറ്റത്തൊക്കെയായിരുന്നു ഓട്ടം. ആറാംക്ലാസിൽ പഠിക്കുമ്പോൾ ദേശീയ സ്കൂൾ മീറ്റിൽ സ്വർണം നേടിയത് വഴിത്തിരിവായി. രാജുപോൾ സാറും ചിന്നമ്മ ടീച്ചറുയിരുന്നു ആദ്യ പരിശീലകർ. ഏഴാംക്ലാസ് മുതൽ തിരുവനന്തപുരത്തുള്ള ജി.വി രാജ സ്പോർട്സ് സ്കൂളിലേക്ക് പോയി. പിന്നീട് മത്സരങ്ങളുടെയും പോരാട്ടങ്ങളുടെയും വേദികൾ തുറന്നു. പല പ്രതിസന്ധികളിലും നാട് നൽകിയ കരുത്ത് മുന്നോട്ടുനയിച്ചു.
92ൽ ബെസ്റ്റ് വുമൺ അത്ലറ്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് നാടിന്റെ അസൗകര്യങ്ങളെക്കുറിച്ച് പലരുമറിയുന്നത്. വീട്ടിലെത്താനുള്ള പ്രയാസമടക്കം കണ്ട് അന്നത്തെ ജന പ്രതിനിധികളുടെയും നാട്ടുകാരുടെയും ഇടപെടലിൽ ഒരു റോഡും എത്തി. അതിന് ബീന മോൾ റോഡ് എന്ന് പേരിടുകയും ചെയ്തു. നാട്ടിലൊരു സ്റ്റേഡിയത്തിനും എന്റെ പേരുണ്ട്. അധികമാർക്കും ഇത്തരം സൗഭാഗ്യങ്ങൾ ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. സമയം കിട്ടുമ്പോഴൊക്കെ നാട്ടിലെത്താറുണ്ട്. തിരക്കേറിയ പട്ടണത്തിൽനിന്ന് പലപ്പോഴും അവിടെയെത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷം ചെറുതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.