സമൂഹ മാധ്യമങ്ങളിൽ തീപടർത്തി ഇമാനെയുടെ മേക്കോവർ -വിഡിയോ
text_fieldsഅൾജിയേഴ്സ്: പാരിസ് ഒളിമ്പിക്സിൽ ജെൻഡർ വിവാദത്തിൽ പെടുകയും രൂക്ഷമായ സൈബർ ആക്രമണത്തിനിരയാവുകയും അവസാനം സ്വർണം നേടി വിമർശകർക്ക് മറുപടി നൽകുകയും ചെയ്ത അൾജീരിയൻ വനിത ബോക്സർ ഇമാനെ ഖെലിഫ് പുതിയ മേക്കോവറിൽ. ഹെയർ സ്റ്റൈൽ മാറ്റി പുതിയ ലുക്കിലുള്ള വിഡിയോയും ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ‘ബ്യൂട്ടി കോഡ്’ എന്ന സ്ഥാപനവുമായി സഹകരിച്ച് നിർമിച്ച വിഡിയോയിൽ, ഹെയർസ്റ്റൈൽ മാറ്റത്തിനൊപ്പം കമ്മലണിഞ്ഞാണ് ഇമാനെ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അപ്ലോഡ് ചെയ്ത വിഡിയോ രണ്ട് ദശലക്ഷത്തിലധികം പേരാണ് ഇതിനകം കണ്ടത്. എക്സിൽ ഒരു കോടിയിലധികം പേർ കാണുകയും ലക്ഷക്കണക്കിന് പേർ കമന്റുകളുമായി എത്തുകയും ചെയ്തിട്ടുണ്ട്.
വനിതകളുടെ 66 കിലോഗ്രാം വിഭാഗത്തിൽ എതിരാളിയെ 46 സെക്കൻഡിൽ ഇടിച്ചിട്ട അർജീരിയൻ താരം പുരുഷനാണെന്ന ആരോപണവുമായി എതിരാളിയായിരുന്ന ഇറ്റാലിയൻ താരം ഏഞ്ചല കരിനി അടക്കം രംഗത്തെത്തിയതോടെയാണ് ഒളിമ്പിക്സിനെ പിടിച്ചുലച്ച് വിവാദമെത്തിയത്. ഫൈനലിൽ ചൈനയുടെ യാങ് ലിയുവിനെ പരാജയപ്പെടുത്തി സ്വർണം നേടിയതോടെ ഒളിമ്പിക് ബോക്‌സിങ്ങിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ അൽജീരിയൻ വനിതയായിരുന്നു ഇമാനെ.
പിന്നീട്, തനിക്കെതിരായ സൈബർ അധിക്ഷേപത്തിപത്തിൽ യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്ക്, പ്രമുഖ സാഹിത്യകാരി ജെ.കെ. റൗളിങ് എന്നിവരടക്കമുള്ളവർക്കെതിരെ ഇമാനെ നിയമ നടപടിക്കിറങ്ങിയിരുന്നു.
ലിംഗ യോഗ്യത പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2023ൽ ന്യൂഡൽഹിയിൽ നടന്ന ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഫൈനലിന് തൊട്ടുമുമ്പായി ഇമാനെയെ വിലക്കിയിരുന്നു. രക്തത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി. തായ്‌വാന്റെ രണ്ടുതവണ ലോകചാമ്പ്യനായ ലിന്‍ യു ടിംഗിനും ഇതേ കാരണത്താൽ വെങ്കലമെഡല്‍ നഷ്ടപ്പെട്ടിരുന്നു. എന്നാൽ, പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ ഇരുവർക്കും അനുമതി ലഭിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.