ചിറകടിക്കുമാശൈ...; വനിത ലോകകപ്പിൽ ശ്രീലങ്കയെ തോൽപിച്ച് സെമി സാധ്യത വർണാഭമാക്കി ഇന്ത്യ
text_fieldsദുബൈ: വനിത ട്വന്റി20 ലോകകപ്പ് ഗ്രൂപ് എയിലെ മൂന്നാം മത്സരത്തിൽ ശ്രീലങ്കയെ 82 റൺസിന് തോൽപിച്ച ഇന്ത്യ സെമി ഫൈനൽ സാധ്യത നിലനിർത്തി. വൻവിജയം അനിവാര്യമായ മത്സരത്തിൽ ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ മൂന്ന് വിക്കറ്റിന് 172 റൺസെടുത്തു. ഓപണർമാരായ സ്മൃതി മന്ദാനയും (38 പന്തിൽ 50) ഷഫാലി വർമയും (40 പന്തിൽ 43) നൽകിയ അടിത്തറയിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ വെടിക്കെട്ട് കൂടിയായതോടെയാണ് (27 പന്തിൽ 52 നോട്ടൗട്ട്) സ്കോർ 170 കടന്നത്. മറുപടി ബാറ്റിങ്ങിൽ ലങ്ക 19.5 ഓവറിൽ 90 റൺസിന് പുറത്തായി. മലയാളി സ്പിന്നർ ആശ ശോഭന നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ജയത്തോടെ ഇന്ത്യ നാല് പോയന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. അതിനിർണായകമായ നാലാം മത്സരത്തിൽ ഞായറാഴ്ച ആസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് സെമി പ്രവേശനം.
ലങ്കക്കെതിരെ മലയാളി താരങ്ങളായ സജന സജീവനും ആശയും ആദ്യ ഇലവനിൽ തുടർന്നു. സ്വപ്നതുല്യമായ തുടക്കമാണ് സ്മൃതിയും ഷഫാലിയും ചേർന്ന് നൽകിയത്. ലങ്കൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇവർ സ്കോർ അതിവേഗം മുന്നോട്ട് നീക്കി. ടൂർണമെന്റിൽ ആദ്യമായി ഫോമിലേക്കുയർന്ന സ്മൃതി 36 പന്തിൽ അർധശതകം തികച്ചു. പിന്നാലെ മടക്കവും. 13ാം ഓവറിൽ ടീം സ്കോർ 98ൽ സ്മൃതി റണ്ണൗട്ടായി. തൊട്ടടുത്ത പന്തിൽ ഷഫാലിയെ വിഷ്മി ഗുണരത്നെയുടെ കൈകളിലേക്കയച്ചു ചമാരി അത്തപ്പത്തു. രണ്ടിന് 98. കൗറും ജെമീമ റോഡ്രിഗസും ദൗത്യം ഏറ്റെടുത്തു. 10 പന്തിൽ 16 റൺസ് ചേർത്ത ജെമീമയെ 17ാം ഓവറിൽ അമ കാഞ്ചന പുറത്താക്കുമ്പോൾ സ്കോർ 128. അവസാന ഓവറുകളിൽ ഹർമൻ കത്തിക്കയറി. എട്ട് ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്.
മറുപടി ബാറ്റിങ്ങിൽ ലങ്കക്ക് ഇന്ത്യൻ ബൗളർമാർ ഒരവസരവും നൽകിയില്ല. തുടരെ വിക്കറ്റുകൾ നിലംപതിച്ചതോടെ ലങ്ക മൂന്നാം തോൽവിയുമുറപ്പിച്ചു. 21 റൺസെടുത്ത കവിഷ ദിൽഹരിയാണ് ടോപ് സ്കോറർ. ആശക്ക് പുറമെ അരുന്ധതി റെഡ്ഡിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ രേണുക സിങ് രണ്ടുപേരെയും ശ്രേയങ്ക പാട്ടിലും ദീപ്തി ശർമയും ഒരോരുത്തരെയും മടക്കി.
ദക്ഷിണാഫ്രിക്കക്ക് രണ്ടാം ജയം
ദുബൈ: വനിത ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്ക് രണ്ടാം ജയം. ഗ്രൂപ് ബി മത്സരത്തിൽ സ്കോട്ട്ലൻഡിനെ 80 റൺസിനാണ് തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ അഞ്ച് വിക്കറ്റിന് 166 റൺസെടുത്തു. സ്കോട്ടിഷ് മറുപടി 17.5 ഓവറിൽ 86ൽ തീർന്നു. വിജയികൾക്കായി മാരിസാനെ കാപ്പ് (43), ഓപണർമാരായ തസ്മിൻ ബ്രിറ്റ്സ് (43), ലോറ വോൽവാർട്ട് (40) എന്നിവർ ബാറ്റിങ്ങിൽ തിളങ്ങി.
മൂന്ന് വിക്കറ്റെടുത്ത നോൺകുലുലേകോ മലാബ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ക്ലോ ട്രയോൺ, നദിൻ ഡി ക്ലെർക് എന്നിവർ ബൗളിങ്ങിലും മിന്നി. മൂന്ന് മത്സരങ്ങളിൽ നാല് പോയന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറിയ ദക്ഷിണാഫ്രിക്ക സെമി ഫൈനൽ സാധ്യതകളും സജീവമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.