81 മെഡൽ; ചരിത്രം തിരുത്തി ഇന്ത്യ
text_fieldsഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടരുന്ന ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടവും കരസ്ഥമാക്കി കുതിപ്പ് തുടരുന്നു. 18 സ്വർണം, 31 വെള്ളി, 32 വെങ്കലവുമായി 81 മെഡലുകളാണ് ഇതുവരെ സമ്പാദ്യം. 2018ൽ 70 മെഡലുകൾ നേടിയതായിരുന്നു നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. ബുധനാഴ്ചമാത്രം മൂന്ന് സ്വർണം, അഞ്ച് വെള്ളി, നാല് വെങ്കലം എന്നിങ്ങനെ 12 മെഡലുകൾ സ്വന്തമാക്കി. പുരുഷന്മാരുടെ 4x400 മീറ്റർ റിലേ ടീം ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ജാവലിൻ ത്രോയിൽ ഒളിമ്പിക്-ലോക ചാമ്പ്യൻ നീരജ് ചോപ്ര സ്വർണം നിലനിർത്തി. അമ്പെയ്ത്ത് കോമ്പൗണ്ട് ടീം മിക്സഡിൽ ഓജസ് ദിയോടേൽ-ജ്യോതി സുരേഖ വെന്നം സഖ്യവും പൊന്നണിഞ്ഞു.
കേരള താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, ഡൽഹി മലയാളി അമോജ് ജേക്കബ്, തമിഴ്നാട്ടുകാരൻ രാജേഷ് രമേഷ് എന്നിവരടങ്ങിയതാണ് സ്വർണം നേടിയ റിലേ ടീം. ജാവലിനിൽ കിഷോർ ജെനയിലൂടെ വെള്ളിയും ഇന്ത്യ കൈക്കലാക്കി. വനിത 4x400 മീറ്റർ റിലേ ടീം ഫൈനലിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. വനിത 800 മീറ്ററിൽ ഹർമിലൻ ബെയ്ൻസും പുരുഷ 5000 മീറ്ററിൽ അവിനാശ് സാബ്ലെയുമാണ് ട്രാക്കിൽ ബുധനാഴ്ച വെള്ളി നേടിയ മറ്റു അത് ലറ്റുകൾ. വനിത ബോക്സിങ് 75 കിലോയിൽ ലവ് ലിന ബൊർഗോ ഹെയ്നും വെള്ളി മെഡൽ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.