'ഇസ് ബാർ, സോ പാർ'; മെഡൽ നേട്ടത്തിൽ ആദ്യമായി സെഞ്ച്വറി തേടി ഇന്ത്യ
text_fieldsഹങ്ചോവിൽ 39 കായിക ഇനങ്ങളിലായി 655 അത്ലറ്റുകളാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. 2018ൽ ഇന്തോനേഷ്യയിൽ നേടിയ 70 മെഡലുകളാണ് (16 സ്വർണം, 23 വെള്ളി, 31 വെങ്കലം) ഏറ്റവും മികച്ച പ്രകടനം. അന്ന് എട്ടാം സ്ഥാനത്തായിരുന്നു. 1986ന് ശേഷം ആദ്യ അഞ്ചിലെത്താൻ കഴിയാത്ത ഇന്ത്യക്ക് നൂറ് മെഡലുകൾ എന്ന സ്വപ്നനേട്ടം കൈവരിക്കാനായാൽ മുന്നേറ്റമുണ്ടാവും. ‘ഇസ് ബാർ, സോ പാർ’ (ഇത്തവണ നൂറിനപ്പുറം) എന്നതാണ് ഇന്ത്യൻ ടീമിന്റെ ഇത്തവണത്തെ മുദ്രാവാക്യം.
കഴിഞ്ഞ തവണ ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റുകൾ 20 മെഡലുകൾ നേടിയിരുന്നു. ഇത്തവണ അത്ലറ്റിക്സിൽ കുറഞ്ഞത് 25 പോഡിയം ഫിനിഷുകളെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. ജാവലിൻ സൂപ്പർ സ്റ്റാർ ചോപ്രയടക്കം അഞ്ച് ഒളിമ്പിക് മെഡൽ ജേതാക്കൾ ഇന്ത്യക്ക് വേണ്ടി ഇറങ്ങുന്നുണ്ട്.
ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു, ബാഡ്മിന്റണിൽ പി.വി. സിന്ധു, ഗുസ്തിയിൽ ബജ്റംഗ് പൂനിയ, ബോക്സിങ്ങിൽ ലവ്ലിന ബൊർഗൊ ഹെയ്ൻ എന്നിവരാണ് മറ്റു ഒളിമ്പിക് മെഡൽ ജേതാക്കൾ. പുരുഷ, വനിത ക്രിക്കറ്റിലും ഹോക്കിയിലും ഇന്ത്യ സ്വർണം പ്രതീക്ഷിക്കുന്നുണ്ട്.
കബഡി, ചെസ്, അമ്പെയ്ത്ത് എന്നിവയിലൂടെയെല്ലാം മഞ്ഞലോഹ നേട്ടം ഉയർത്താൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. 2018ൽ രണ്ട് സ്വർണം ഉൾപ്പെടെ ഒമ്പത് മെഡലുകൾ ഷൂട്ടർമാർ നൽകിയിരുന്നു. ബോക്സിങ്ങിൽ നിഖാത് സരീനും ലവ്ലിനയും മെഡൽ ഫേവറിറ്റുകളാണ്. ഹോക്കി ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും ലവ്ലിനയും ഇന്നത്തെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.