ഫിഫ റാങ്കിങ്ങിൽ സ്ഥാനം നിലനിർത്തി ഇന്ത്യ
text_fieldsപുതിയ ഫിഫ റാങ്കിങ്ങിൽ 124ാം സ്ഥാനം നിലനിർത്തി ഇന്ത്യ. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഖത്തറിനോടും അഫ്ഗാനിസ്ഥാനോടും തോൽവി വഴങ്ങിയതോടെ ജൂണിൽ പുറത്തുവന്ന പട്ടികയിൽ ഇന്ത്യ മൂന്ന് സ്ഥാനം പിറകോട്ടിറങ്ങിയിരുന്നു. ഇത്തവണ സ്ഥാനം നിലനിർത്തുകയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ 99ാം റാങ്കിലെത്തിയിരുന്ന ഇന്ത്യ അതിന് ശേഷം ഓരോ റാങ്കിങ്ങിലും താഴേക്ക് ഇറങ്ങുകയായിരുന്നു. ഏഷ്യയിൽ ഇന്ത്യ 22ാം സ്ഥാനം നിലനിർത്തി.
റാങ്കിങ്ങിൽ ലോക ചാമ്പ്യന്മാരും കോപ അമേരിക്ക ജേതാക്കളുമായ അർജന്റീന ഒന്നാം സ്ഥാനം ഭദ്രമാക്കി. യൂറോ സെമിഫൈനലിസ്റ്റുകളായ ഫ്രാൻസ് രണ്ടാം സ്ഥാനം നിലനിർത്തിയപ്പോൾ യൂറോ ചാമ്പ്യന്മാരായ സ്പെയിൻ അഞ്ച് സ്ഥാനം മുന്നോട്ടുകയറി മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. യൂറോ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട് ഒരു സ്ഥാനം മുന്നോട്ടുകയറി നാലാമതെത്തി.
അതേസമയം, ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീൽ കോപയിലെ നിരാശജനകമായ പ്രകടനത്തിന് പിന്നാലെ ഒരു സ്ഥാനം പിറകോട്ടുപോയി അഞ്ചാമതായി. മൂന്ന് സ്ഥാനം താഴേക്കിറങ്ങിയ ബെൽജിയം ആറാമതായപ്പോൾ നെതർലാൻഡ്സ് ഏഴാം സ്ഥാനം നിലനിർത്തി. രണ്ട് സ്ഥാനം പിറകോട്ടിറങ്ങിയ പോർച്ചുഗൽ എട്ടാമതും കോപ അമേരിക്കയിൽ ഫൈനലിലെത്തിയ കൊളംബിയ മൂന്ന് സ്ഥാനം മുന്നോട്ടുകയറി ഒമ്പതിലും എത്തിയപ്പോൾ ഇറ്റലി പത്താം സ്ഥാനം നിലനിർത്തി. ഉറുഗ്വായ്, ക്രൊയേഷ്യ, ജർമനി, മൊറോക്കൊ, സ്വിറ്റ്സർലാൻഡ്, യു.എസ്.എ, മെക്സിക്കൊ, ജപ്പാൻ, സെനഗൽ, ഇറാൻ എന്നിവയാണ് പത്ത് മുതൽ 20 വരെ റാങ്കിൽ.
17 സ്ഥാനം മുന്നോട്ടുകയറി 37ലെത്തിയ വെനിസ്വേലയാണ് ഏറ്റവും വലിയ കുതിപ്പ് നടത്തിയത്. കോപ അമേരിക്ക ക്വാർട്ടർ പ്രവേശനമാണ് അവർക്ക് തുണയായത്. അതേസമയം, ചെക്ക് റിപ്പബ്ലിക്കിനാണ് ഏറ്റവും വലിയ നഷ്ടമുണ്ടായത്. 13 സ്ഥാനം പിറകോട്ടുപോയ അവർ 47ാം സ്ഥാനത്തേക്ക് പതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.