ചെസിൽ റഷ്യയാകാൻ ഇന്ത്യ; ഇന്ന് തുടങ്ങുന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ അഞ്ചുപേർ
text_fieldsടോറന്റോ: നിലവിലെ ചാമ്പ്യനെതിരായ ലോകപോരാട്ടത്തിൽ മുഖാമുഖം നിൽക്കുന്ന എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇത്തവണ ഇന്ത്യയിൽനിന്ന് അഞ്ച് താരങ്ങൾ. ഓപൺ വിഭാഗത്തിൽ മൂന്നും വനിത വിഭാഗത്തിൽ രണ്ടും പേരാണ് മത്സരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച എട്ടുപേർ മാത്രം മാറ്റുരക്കുന്ന ഓപൺ പോരാട്ടത്തിൽ ആർ. പ്രഗ്നാനന്ദ, ഡി. ഗുകേഷ്, വിദിത് ഗുജറാത്തി എന്നിവരാണ് കരുക്കൾ നീക്കുക. ഇതിലെ വിജയികൾ ലോക ചാമ്പ്യൻഷിപ്പിൽ നിലവിലെ ജേതാവ് ചൈനയുടെ ഡിങ് ലിറെനെ നേരിടും. വനിതകളിൽ നിലവിലെ ചാമ്പ്യൻ ചൈനയുടെ ജു വെൻജുനാണ്. ഇവരുടെ എതിരാളിയെ നിശ്ചയിക്കുന്ന കാൻഡിഡേറ്റ് ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് കൊണേരു ഹംപിയും ആർ. വൈശാലിയും പങ്കെടുക്കും. 35 വർഷത്തിനിടെ ആദ്യമായാണ് ഇത്രയും ഇന്ത്യക്കാർ ഈ ടൂർണമെന്റിൽ ഒന്നിച്ച് അണിനിരക്കുന്നത്. മത്സരങ്ങൾ കാനഡയിൽ ഇന്ന് ഇന്ത്യൻ സമയം അർധരാത്രി 12ന് തുടങ്ങും.
സാധ്യതകളിൽ മുമ്പൻ പ്രാഗ്
അമേരിക്കൻ താരം ഫാബിയാനോ കരുവാന ടോപ് സീഡായ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഇന്ത്യൻ ത്രയത്തിനെതിരെ യു.എസിന്റെ തന്നെ ഹികാരു നകാമുറ, ഫ്രാൻസിന്റെ അലിറിസ ഫൈറൂസ, റഷ്യയുടെ ഇയാൻ നെപ്പോംനിയാച്ചി എന്നിവരും ഇറങ്ങുന്നുണ്ട്.
ലോകകപ്പ് ജേതാവ് കാൾസൺ ഇക്കുറിയും ലോക ചാമ്പ്യൻഷിപ്പിനില്ല. ഇന്ത്യയുടെ മൂവർ സംഘത്തിൽ 18കാരനായ പ്രഗ്നാനന്ദക്കാണ് സാധ്യത കൂടുതൽ കൽപിക്കപ്പെടുന്നത്.
എട്ടുതവണ റഷ്യൻ ചാമ്പ്യനായ പീറ്റർ സ്വിഡ്ലർ പ്രഗ്നാനന്ദക്ക് സഹായിയായി ഉണ്ടെന്നതാണ് ഏറ്റവും വലിയ ആനുകൂല്യം. അസർബൈജാനിലെ ബാകുവിൽ കഴിഞ്ഞ ലോകകപ്പിലെ വെള്ളി മെഡൽ പ്രകടനവുമായാണ് പ്രഗ്നാനന്ദ ടൂർണമെന്റിലേക്ക് ടിക്കറ്റെടുത്തത്. കലാശപ്പോരിൽ അവസാനം മാഗ്നസ് കാൾസണു മുന്നിൽ വീണായിരുന്നു താരത്തിന്റെ മടക്കം. അതേ സമയം, ഗ്രാൻഡ് സ്വിസ് ടൂർണമെന്റിലെ നേട്ടങ്ങൾ ഗുജറാത്തിക്കും ചെന്നൈയിൽ ഡിസംബറിൽ നടന്ന ടൂർണമെന്റ് വിജയം ഗുകേഷിനും തുണയായി.
ഇളമുറക്കാരൻ ഗുകേഷ്
17കാരൻ ഗുകേഷ് വളർന്നുവരുന്ന താരനിരയിൽ ഏറ്റവും പ്രതിഭ കൽപിക്കപ്പെടുന്ന കൗമാരക്കാരനാണ്. കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഇത്തവണ ഏറ്റവും പ്രായം കുറഞ്ഞവനാണെന്നു മാത്രമല്ല, 1959ൽ തന്റെ 16ാം വയസ്സിൽ യോഗ്യത നേടിയ ബോബി ഫിഷറിനു ശേഷമുള്ള ഇളമുറക്കാരന്റെ റെക്കോഡും ഗുകേഷിനാണ്.
ഈ രംഗത്ത് ബോബി ഫിഷർ പിന്നീട് കുറിച്ച ചരിത്രമത്രയും തന്റെ പേരിലാക്കാൻ ഗുകേഷിനാകുമോയെന്നാണ് ചെസ് ലോകം കാത്തിരിക്കുന്നത്. നാസിക്കുകാരനായ വിദിത് ഗുജറാത്തിയും മികച്ച പ്രകടനവുമായി സമീപകാലത്ത് ചെസ് ലോകത്ത് സാന്നിധ്യമുറപ്പിച്ച കളിക്കാരനാണ്.
ഹംപിയും വൈശാലിയും
പ്രഗ്നാനന്ദയുടെ സഹോദരിയായ വൈശാലി ഗ്രാൻഡ് സ്വിസ് ടൂർണമെന്റിൽ ഒന്നാമതെത്തിയാണ് യോഗ്യത നേടിയത്. മികച്ച റേറ്റിങ്ങാണ് ആന്ധ്രക്കാരി ഹംപിക്ക് തുണയായത്. ലി ടിങ്ജി (ചൈന), ടാൻ സോങ് യി (ചൈന), കാതറീന ലഗ്നോ (റഷ്യ), അലക്സാൻഡ്ര ഗോര്യാച്കിന (റഷ്യ), നർഗുൽ സലിമോവ (ബൾഗേറിയ), അന്ന മുസിചുക് (യുക്രെയ്ൻ) എന്നിവരും വനിത വിഭാഗത്തിൽ മത്സരിക്കുന്നുണ്ട്. ഏപ്രിൽ നാലുമുതൽ 21 വരെ 14 റൗണ്ട് മത്സരങ്ങളാണ് നടക്കുന്നത്. ആവശ്യമെങ്കിൽ 22ന് ടൈബ്രേക്കറുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.