പാകിസ്താനിൽ കളിക്കാൻ ഇന്ത്യ പോകില്ലെന്ന് സൂചന; ചാമ്പ്യൻസ് ട്രോഫിയും ഹൈബ്രിഡ് രീതിയിൽ?
text_fieldsന്യൂഡൽഹി: ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ നടത്തിയേക്കും. പാകിസ്താനിൽ കളിക്കാൻ ഇന്ത്യൻ ടീം തയാറാവില്ലെന്ന സൂചയെ തുടർന്നാണ് വിവിധ രാജ്യങ്ങളിലായി ടൂർണമെന്റ് നടത്താൻ ആലോചന നടക്കുന്നത്. നേരത്തെ ഇതേ കാരണത്താൽ ഏഷ്യാ കപ്പ് ഹൈബ്രിഡ് രീതിയിൽ നടത്തിയിരുന്നു. 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്താനാണ് ആതിഥേയരാകുന്നത്. ഏതാനും മത്സരങ്ങൾ ശ്രീലങ്കയിലും യു.എ.ഇയിലും നടത്താനാണ് നീക്കം.
മത്സരക്രമം സംബന്ധിച്ച് താൽക്കാലിക ഷെഡ്യൂൾ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് കൈമാറിയിരുന്നു. ഇതിൽ മാർച്ച് ഒന്നിനാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അതേസമയം, ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകുമോ എന്ന കാര്യത്തിൽ ബി.സി.സി.ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2012-13 സീസണിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിൽ ദ്വിരാഷ്ട്ര പരമ്പര കളിച്ചിട്ടില്ല. 2008ലാണ് ഇന്ത്യൻ ടീം അവസാനമായി പാകിസ്താനിലെത്തിയത്. അതിർത്തിയിലെ ഭീകരത തടയുന്നത് വരെ പാകിസ്താനുമായി പരമ്പര കളിക്കില്ലെന്ന് കഴിഞ്ഞ വർഷം കായിക മന്ത്രിയായിരുന്ന അനുരാഗ് താക്കൂർ അറിയിച്ചിരുന്നു. ഏഷ്യാ കപ്പ് മത്സരത്തിനായി പാകിസ്താനിൽ പോകാൻ വിസമ്മതം അറിയിച്ചതോടെ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ഏകദിന ലോകകപ്പിന് പാകിസ്താൻ ടീം ഇന്ത്യയിൽ എത്തി.
എട്ട് രാജ്യങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായി കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങൾ നവീകരിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് 17 ബില്യൺ രൂപ അനുവദിച്ചിട്ടുണ്ട്. അവസാനമായി അരങ്ങേറിയ 2017ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ തോൽപിച്ച് പാകിസ്താനാണ് ജേതാക്കളായത്. എന്നാൽ, കഴിഞ്ഞ ഏകദിന ലോകകപ്പിലും ട്വന്റി 20 ലോകകപ്പിലും പാകിസ്താന്റെ പ്രകടനം ദയനീയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.